പ്രവാസി അവകാശങ്ങള്‍ക്കായി ഡല്‍ഹിയിലൊരു 'ഡയസ്‌പോറ'

ബില്യണ്‍ ഡോളര്‍ കണക്കിന് വരുമാനം രാജ്യത്തിന് ഉണ്ടാക്കി കൊടുക്കുന്ന ഒരു സമൂഹത്തോട് സ്വാഭാവികമായും ചെയ്യേണ്ട നീതിയുണ്ട്. ആ നീതി പലപ്പോഴും നിഷേധിക്കപ്പെടുന്നു എന്നതാണ് പ്രവാസി സമൂഹങ്ങള്‍ക്കുണ്ടാകുന്ന അനുഭവം.

dot image

നാടിന്റെ സര്‍വ്വ മേഖലകളിലെയും വികസന മുന്നേറ്റത്തിന് നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസി സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളോട് മുഖം തിരിക്കുന്ന സര്‍ക്കാര്‍ സമീപനങ്ങളില്‍ മാറ്റം കൊണ്ടു വരാനും ശക്തമായ ഇടപെടലുകള്‍ ആവശ്യപ്പെട്ടും സര്‍ക്കാരുകളുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടി പ്രവാസി സംഘടനകള്‍ ഡല്‍ഹിയിലൊരു ഡയസ്‌പോറ സമ്മിറ്റ് നടത്തുകയാണ്. ബില്യണ്‍ ഡോളര്‍ കണക്കിന് വരുമാനം രാജ്യത്തിന് ഉണ്ടാക്കി കൊടുക്കുന്ന ഒരു സമൂഹത്തോട് സ്വാഭാവികമായും ചെയ്യേണ്ട നീതിയുണ്ട്. ആ നീതി പലപ്പോഴും നിഷേധിക്കപ്പെടുന്നു എന്നതാണ് പ്രവാസി സമൂഹങ്ങള്‍ക്കുണ്ടാകുന്ന അനുഭവം.

അബുദാബി കെഎംസിസി യുടെ നേതൃത്വത്തില്‍ പ്രവാസ ലോകത്തെ മുഴുവന്‍ സംഘടനകളെയും ഒരുമിച്ചിരുത്തി കൊണ്ട് പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെയും വ്യാവസ്ഥാപിതമായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതിന്റെ അനിവാര്യതയും ചര്‍ച്ച ചെയ്തു. 2024 ഫെബ്രുവരിയില്‍ അബുദാബി കെഎംസിസി നടത്തിയ കേരള ഫെസ്റ്റിലായിരുന്നു പ്രവാസികളുടെ വിഷയങ്ങളില്‍ ഒരുമിച്ചിരുന്നു പരിഹാരത്തിലെത്തേണ്ടതിന്റെ അനിവാര്യത ആദ്യമായി ചര്‍ച്ചയാക്കിയത്. അനിയന്ത്രിതമായ വിമാനയാത്രാ നിരക്ക് വര്‍ദ്ധനയും പ്രവാസികളുടെ വോട്ടവകാശവും പ്രവാസികളുടെ മക്കളുടെ വിദ്യഭ്യാസവുമായിരുന്നു പ്രധാനമായും പരിഹാരം കാണേണ്ട വിഷയങ്ങളായി ഉന്നയിച്ചത്. ഇതില്‍ പ്രവാസികളുടെ വോട്ടവകാശവും വിമാന യാത്രാ നിരക്ക് വര്‍ദ്ധനയിലുള്ള ഇടപെടലും അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണെന്നതില്‍ തര്‍ക്കമില്ല.

അബുദാബി കെഎംസിസിയുടെ നേതൃത്വം ഈ വിഷയവുമായി മുന്നോട്ട് വന്നപ്പോള്‍ എല്ലാ പ്രവാസി സംഘടനകളും ഒപ്പം നിന്നു. കെഎംസിസി, ഇന്‍കാസ്,കേരള സോഷ്യല്‍ സെന്റര്‍,ഇന്ത്യാ സോഷ്യല്‍ സെന്റര്‍,അബുദാബി മലയാളി സമാജം,ശക്തി തിയേറ്റേഴ്സ്,ഡബ്ലുഎംസി തുടങ്ങിയ സംഘടനാ പ്രതിനിധികളൊക്കെ ഈ ശ്രമത്തില്‍ ചേര്‍ന്നു നിന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ യുറോപ്യന്‍ രാജ്യങ്ങളിലെയും പ്രതിനിധികള്‍ ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നടത്തുന്ന പ്രവാസി സംഗമത്തിന് എത്തുന്നത് ലോക മലയാളികള്‍ ഒന്നടങ്കം ആഗ്രഹിക്കുന്ന വിഷയങ്ങളിലേക്കാണ് ഇത്തരം സംഗമങ്ങളിലെ ചര്‍ച്ചകള്‍ നയിക്കുന്നതെന്നത് കൊണ്ടാണ്.

പ്രവാസികള്‍ക്കുവേണ്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്ന മിക്ക പദ്ധതികളും യാഥാര്‍ത്ഥ്യമാകാതെ പോകുന്നത് ആ സമൂഹത്തെ വലിയ നിരാശയിലാഴ്ത്തുന്നുണ്ടെന്നത് അധികാരികള്‍ മനസ്സിലാക്കണം. കപ്പല്‍സര്‍വീസ് എയര്‍കേരള പദ്ധതികളൊക്കെ ഇങ്ങനെ ഇല്ലാതായിപ്പോകുന്നതില്‍ പെട്ടതാണ്. കഴിഞ്ഞ 50 വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്‌നമാണ് പ്രവാസി വോട്ടവകാശം. വിവിധ രാജ്യങ്ങള്‍ അതാതു രാജ്യത്തെ പൗരന്മാര്‍ക്ക് വിദേശങ്ങളില്‍ നിന്നു പോലും വോട്ടവകാശം ഉറപ്പാക്കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്, ആ രാജ്യത്തിന്റെ സര്‍വമേഖലകളിലും പുരോഗതിക്ക് നിതാനമായി മാറിയ പ്രവാസി സമൂഹത്തിന്റെ കാര്യത്തില്‍ അനുകൂല നിലപാടെടുക്കാന്‍ വലിയ സമയം വേണ്ടി വരുന്നു.

വിമാനയാത്രാ നിരക്ക് വര്‍ദ്ധനവില്‍ സര്‍ക്കാര്‍ യാതൊരു പ്രായോഗിക നിയന്ത്രണം വരുത്തിടത്തോളം അത് പ്രവാസികളെ ചൂഷണം ചെയ്യാനുള്ള ഒരു അവസരം മാത്രമാണ്. കാലങ്ങളായി ഇതില്‍ കണ്ടു വരുന്ന ഒരു പ്രവണത, പ്രവാസികള്‍ ഇത്തരത്തിലുള്ള വിഷയങ്ങളുന്നയിക്കുമ്പോള്‍ വിമാനക്കമ്പനികള്‍ കണക്കുകളുമായി വരികയും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. അതോടെ അത്തരം ചര്‍ച്ചകള്‍ വഴിമുട്ടുന്നു. ഈ രീതി അവസാനിക്കേണ്ടതുണ്ട്. വിമാനക്കമ്പനികള്‍ക്ക് യാതൊരു നഷ്ടവും വരാതെ തന്നെ ഈ ചൂഷണ വ്യവസ്ഥക്ക് അന്ത്യം കുറിക്കാന്‍ സാധിക്കും. ഇതിനുള്ള പ്രായോഗിക പരിഹാര മാര്‍ഗ്ഗങ്ങള്‍ പോലും പ്രവാസി സംഘടനകളുടെ പഠനങ്ങളിലൂടെയും ആലോചനകളിലൂടെയും ഉരിത്തിരിഞ്ഞു വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഇതിനെ മുഖവിലക്കെടുക്കുകയേ വേണ്ടൂ.

മറ്റൊരു പ്രധാനപ്പെട്ട വിഷയം പ്രവാസികളുടെ വോട്ടവകാശമാണ്. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും വോട്ട് ചെയ്യാനുള്ള അവകാശം ഇപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല. പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തും വലിയ തുക മുടക്കിയും നാട്ടിലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ ഇത്തവണയും എത്തുന്നുണ്ട്. എന്നാല്‍ പ്രവാസികളും കാണിക്കുന്ന ഉത്തരവാദിത്തബോധവും രാജ്യകൂറും തിരിച്ച് കാണിക്കാന്‍ സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വോട്ടുചെയ്യുന്നതിനുവേണ്ടിമാത്രം വന്‍തുക മുടക്കി നാട്ടില്‍ വരിക എന്നത് എല്ലാ പ്രവാസികള്‍ക്കും സാധിക്കുന്ന കാര്യമല്ല. ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസികളില്‍ ഒരു ചെറിയ ശതമാനത്തിനുമാത്രമേ അപ്രകാരം വോട്ടു ചെയ്ത് ജനാധിപത്യത്തിന്റെ മഹോത്സവത്തില്‍ പങ്കെടുക്കാനുള്ള സാഹചര്യം ഉള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

നൂറു കോടിയലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് കുറച്ചാളുകളുകളുടെ സമ്മതിദായകവകാശ വിനിയോഗത്തെ കുറിച്ചുള്ള ആധികള്‍ ഗൗരവത്തിലെടുക്കേണ്ടെന്ന് കരുതുന്നവരും ഉണ്ടാകാം. എന്നാല്‍, മാറിമറിയുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പൗരന്മാര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ആശങ്കകള്‍ വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നിന്ന് മാറി നിന്നാല്‍ പൗരത്വം നഷ്ടപ്പെട്ടു പോവുമോ എന്നാശങ്കപ്പെടുന്ന ധാരാളം ഉത്തരേന്ത്യന്‍ സഹോദരന്മാരും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ, നിര്‍ണ്ണായക തെരഞ്ഞെടുപ്പുകളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള അവസരം ഒരുക്കല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബാധ്യതയാണെന്ന് പറയാതെ വയ്യ.

ഓണ്‍ലൈന്‍ വോട്ട് പ്രോക്സി വോട്ട് വോഴി ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്തു നിന്നും സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാവണമെന്നതാണ് ദീര്‍ഘകാലമായുള്ള ആവശ്യം. ഇതില്‍ തെരഞ്ഞടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരുമാണ് മുന്‍കൈ എടുക്കേണ്ടത്. സുപ്രീം കോടതി പോലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും അനുകൂല വിധിയുണ്ടായില്ല.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന മറ്റു വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വോട്ടിങ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഫിലിപ്പൈന്‍സുകാര്‍ അവരുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇ -വോട്ടിങ് നടത്തിയാണ് മുന്നോട്ടു പോകുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മിക്കുന്ന ഒരു ഡിജിറ്റല്‍ ബാലറ്റ് ആണ് അവര്‍ക്കുള്ളത്.

ആറുമാസം എങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൊടുത്താല്‍ അവരെ ഡിജിറ്റല്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കും. അവരുടെ ഇമെയില്‍ വിലാസങ്ങളില്‍ ഇ- ബാലറ്റ് ഇലക്ഷന്‍ ദിവസങ്ങളില്‍ അയച്ചുകൊടുത്തു രഹസ്യ പിന്‍നമ്പറും നല്‍കി ബാലറ്റില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തന്നെ വോട്ട് രേഖപ്പെടുത്തി ഇ-മെയില്‍ വഴി തിരികെ അയക്കണം. ഈ രീതി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചതുമാണ്. എന്നാല്‍, വ്യക്തമായ തീരുമാനത്തിലെത്താന്‍ അധികാരികള്‍ താല്‍പര്യം കാണിച്ചില്ല. ഈ പ്രശ്‌നത്തിനും പരിഹാരം കാണേണ്ടതുണ്ട്. സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കുന്ന പ്രവാസി സ്നേഹങ്ങള്‍ക്കപ്പുറം, നാടിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളെ ഏറ്റെടുക്കുന്നതില്‍ എത്രത്തോളം ആത്മാര്‍ത്ഥതയും ചങ്കുറപ്പും കാണിക്കുന്നവരാണെന്നത് സംശയാസ്പദമാണ്.

ലോകം അതിവേഗം മാറുന്ന വര്‍ത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് മാത്രം മാറ്റം വരുന്നില്ലെന്നതും തീര്‍ത്തും വേദനാജനകമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us