'മുഗൾ കാലത്ത് മസ്ജിദിൻ്റെ കീഴെ ഒരു ക്ഷേത്രമുണ്ടായിരുന്നു',ബാബരി മുതൽ അജ്മീർ വരെ തുടരുന്ന ഒരേ കഥ, എന്തിന്?

ബാബരി മുതൽ അജ്മീർ ദർഗ വരെ ഇത്തരത്തിൽ ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിച്ച മസ്ജിദുകളും അവയുടെ നിലവിലെ സാഹചര്യവും പരിശോധിക്കാം.

ആമിന കെ
1 min read|02 Dec 2024, 10:01 am
dot image

1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ആകെ തകര്‍ന്നടിഞ്ഞ സ്ഥിതിയിലായിരുന്നു ബിജെപി. ഈ സമയത്താണ് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അയോധ്യയിലെ രാമ ജന്മഭൂമിയുടെ വിമോചനത്തിനുള്ള പ്രമേയം ധര്‍മ സന്‍സദ് ആദ്യമായി അംഗീകരിക്കുന്നത്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമുള്ള ആചാര സംഹിതയെന്ന പേരില്‍ 18 ഭാഗങ്ങളുള്ള പെരുമാറ്റചട്ടവും പ്രമേയത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിലെ പോയിന്റ് നമ്പര്‍ 11ലെ സുപ്രധാനമായ ഒരു ചട്ടം ഇതായിരുന്നു.

'ശ്രീരാമ, ശ്രീ കൃഷ്ണ ജന്മസ്ഥാനവും കാശി വിശ്വനാഥ മന്ദിരവും മറ്റ് ചരിത്രപരമായ ക്ഷേത്രങ്ങളും ഹിന്ദുവിന് തിരികെ നല്‍കണം'

ഇതില്‍ ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രമെന്ന ലക്ഷ്യത്തിലേക്ക് ഹിന്ദുത്വ വാദികളെത്തി ചേര്‍ന്നു. എന്നാല്‍ ഈ പറഞ്ഞ മൂന്ന് ക്ഷേത്രങ്ങള്‍ക്ക് പുറമേ ദിനം പ്രതി മസ്ജിദുകള്‍ക്ക് അടിയില്‍ ക്ഷേത്രമായിരുന്നുവെന്ന് സ്ഥാപിച്ച് അവ തകർക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ സംഘപരിവാര്‍ ശക്തികള്‍.

ബാബരി- ഗ്യാൻവാപി- ഷാഹി ഈദ് ഗാഹ് മസ്ജിദുകളുടെ അവകാശവാദങ്ങൾക്കും തർക്കങ്ങൾക്കും വർഷങ്ങൾ പഴക്കമുണ്ട്. നീണ്ട കാലത്തെ പ്രവർത്തനങ്ങളും അവകാശവാദങ്ങളും ഇവയ്ക്ക് പിന്നിലുണ്ട്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അവകാശവാദങ്ങൾ ഉന്നയിക്കപ്പെടുന്ന മസ്ജിദുകളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ബാബരി മുതൽ അജ്മീർ ദർഗ വരെ ഇത്തരത്തിൽ ഹിന്ദുത്വവാദികൾ അവകാശവാദം ഉന്നയിച്ച മസ്ജിദുകളും അവയുടെ നിലവിലെ സാഹചര്യവും പരിശോധിക്കാം.

ബാബരി മസ്ജിദ്

ഇന്ത്യയിൽ ബാബരി മസ്ജിദ് കേസ് പോലെ ഇത്രയും കാലം നീണ്ടുനിന്ന മറ്റൊരു തർക്കമുണ്ടാകില്ല. ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിന് മുമ്പും ശേഷവും എന്ന രീതിയിൽ രാജ്യത്തിൻ്റെ രാഷ്ട്രീയ സാഹചര്യങ്ങളെ വേർതിരിക്കാമെന്ന നിലയിൽ ചരിത്ര പ്രധാന്യമുള്ള ,ഇന്നും മതേതര മനസുകളിൽ വിങ്ങലായി നിലകൊള്ളുന്ന മറ്റൊരു സംഭവമുണ്ടാകില്ല.

Babari Masjid
ബാബരി മസ്ജിദ്

400ലേറെ വര്‍ഷക്കാലം അയോധ്യയിലെ മുസ്ലിംകൾ തലമുറകളായി നിസ്‌കരിച്ചു പോന്ന അത്രയും കാലപ്പഴക്കമുള്ള പള്ളിയായിരുന്നു ബാബരി മസ്ജിദ്. 1949ല്‍ ഡിസംബര്‍ 22 ന് അര്‍ദ്ധരാത്രി ബാബരി മസ്ജിദിനകത്തേക്ക് ശ്രീരാമന്റെ വിഗ്രഹങ്ങള്‍ ചിലര്‍ ഒളിച്ചുകടത്തിയതോടെ ബാബരി മസ്ജിദിൻ്റെ തകർച്ചയിലേക്കുള്ള വഴി ആരംഭിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഇരു വിഭാഗങ്ങൾക്കും തുറന്നുകൊടുക്കാതെ ബാബരി മസ്ജിദ് അടച്ചിടുകയായിരുന്നു. പിന്നീട് 1984ല്‍ വിശ്വഹിന്ദുപരിഷത്ത് മന്ദിരത്തില്‍ താഴുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുകയും 1985ല്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ബാബറി മസ്ജിദിന്റെ താഴുകള്‍ മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു.

1990 സെപ്റ്റംബറിൽ എൽ കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രാമരഥയാത്രയാണ് ബാബരി മസ്ജിദ് പൊളിക്കൽ എളുപ്പമാക്കിയത്. ആ സമയത്ത് നടന്ന വര്‍ഗീയ കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നാലെ 1992 ഡിസംബര്‍ 6 ന് ബിജെപിയുടെയും വിശ്വ ഹിന്ദു പരിഷത്തിന്റെയും നേതാക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ മസ്ജിദ് പരിസരത്ത് തടിച്ചുകൂടിയ സമയത്ത് അഞ്ച് മണിക്കൂര്‍ കൊണ്ട് ബാബരി മസ്ജിദ് തകർക്കപ്പെട്ടു. പിന്നീട് നടന്ന വർഗീയ കലാപം ഇന്നും മതേതര രാജ്യത്തിന് കളങ്കമായി നിൽക്കുന്നു.

ബിജെപി നേതാക്കളായ അടല്‍ ബിഹാരി വാജ്പേയി, എല്‍ കെ അദ്വാനി, ഉമാഭാരതി, കല്യാണ്‍ സിങ്, വിജയരാജ സിന്ധ്യ തുടങ്ങി നിരവധി പേർ പള്ളി പൊളിക്കലിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഒടുവില്‍ 2019ൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഹിന്ദുത്വ വാദികളുടെ വാദം അംഗീകരിച്ച് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടു കൊടുക്കുകയും ചെയ്തു.

Ram Mandir
രാമ ക്ഷേത്രം

ഇതിന് പകരമായി അഞ്ച് ഏക്കര്‍ സ്ഥലം മസ്ജിദ് പണിയാന്‍ നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഒടുവിൽ ഈ വർഷം ജനുവരിയിൽ രാമക്ഷേത്രത്തിൻ്റെ അനാച്ഛാദനം നടക്കുകയും ചെയ്തു.

ഗ്യാന്‍വാപി മസ്ജിദ്

ബാബരി മസ്ജിദിനൊപ്പം തന്നെ തര്‍ക്കങ്ങളും ചര്‍ച്ചകളുമുണ്ടായ മസ്ജിദാണ് ഗ്യാന്‍വാപി മസ്ജിദ്. ഗ്യാൻവാപി മസ്ജിദിന് കീഴിൽ ശിവലിംഗമുണ്ടെന്നും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ക്ക് മുകളിലാണ് ഗ്യാന്‍വാപി മസ്ജിദ് സ്ഥാപിച്ചതെന്നാണ് പ്രധാന വാദം. ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രമാണെന്നും അല്ലെന്നും പറഞ്ഞുകൊണ്ട് സുപ്രീംകോടതി, അലഹബാദ് ഹൈക്കോടതി, വാരാണസി ജില്ലാ കോടതി തുടങ്ങി വിവിധ കോടതികളില്‍ നിരവധി ഹര്‍ജികളാണ് പരിഗണനയ്ക്കിരിക്കുന്നത്.

 Gyanvapi Masjid
ഗ്യാന്‍വാപി മസ്ജിദ്

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള പള്ളി സമുച്ചയത്തിൽ ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 1991ല്‍ വാരാണസി കോടതിയില്‍ സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലൂടെയാണ് തര്‍ക്കങ്ങളുടെ തുടക്കം. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയം കാശി ക്ഷേത്രത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുക, മുസ്‌ലിങ്ങളെ ഒഴിപ്പിക്കുക, മസ്ജിദ് തകര്‍ക്കുക എന്നിവയായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

പതിനാറാം നൂറ്റാണ്ടില്‍ ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയ ഔറംഗസേബിന്റെ നിര്‍ദേശ പ്രകാരമാണ് പള്ളി പണിതതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. എന്നാല്‍ കാര്യമായ പുരോഗതിയൊന്നും ഈ വിഷയത്തിലുണ്ടായിരുന്നില്ല. 2019ല്‍ ബാബരി മസ്ജിദ്-രാമ ജന്മഭൂമി വിഷയത്തിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഗ്യാന്‍വാപി വീണ്ടും ചര്‍ച്ചയാകുന്നത്.

2019ല്‍ അഭിഭാഷകന്‍ വിജയ് ശങ്കര്‍ റസ്‌തോഗി ഒരു ഹര്‍ജി സമര്‍പ്പിച്ചു. മസ്ജിദില്‍ ഒരു ശാസ്ത്രീയ സര്‍വേ നടത്താന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് നിരവധി കോടതി ഇടപെടലുകളിലൂടെയാണ് കേസ് കടന്നു പോയത്. ഹര്‍ജിക്കുള്ള സ്‌റ്റേ, നീട്ടിവെക്കല്‍, വിവിധ ഉത്തരവുകള്‍ തുടങ്ങി നിയമപരമായ നൂലാമാലകളുടെ ഒരു ഘോഷയാത്രയായിരുന്നു ഗ്യാന്‍വാപി കേസില്‍ സംഭവിച്ചത്. തുടര്‍ന്ന് 2021ല്‍ ആരാധനാലയ നിയമം ഊന്നിപ്പറഞ്ഞ അലഹബാദ് ഹൈക്കോടതി വാരാണസി കോടതിയുടെ നടപടികള്‍ നിര്‍ത്തിവെച്ചു.

എന്നാൽ ഹിന്ദുക്ഷേത്രം തകര്‍ത്താണോ മസ്ജിദ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ 2023 ജൂലൈ 21ന് എഎസ്ഐ സര്‍വേക്ക് ജില്ല കോടതി അനുമതി നല്‍കി. സര്‍വേ നടത്താനുള്ള അനുമതിക്കിടെ അഞ്ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.

ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് സർവേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. പള്ളിയുടെ പടിഞ്ഞാറെ ചുമര് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ക്ഷേത്രം തകര്‍ത്തത് പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ഭരണകാലത്താണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൗന്‍പൂരിലെ ഭൂവുടമ നിര്‍മ്മിച്ച പള്ളി, മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ കാലത്ത് നവീകരിക്കുകയായിരുന്നുവെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. ഈ വർഷം ജനുവരി 31ന് മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജ നടത്താനുള്ള അനുമതിയും വാരാണസി ജില്ലാ കോടതി നൽകിയിരുന്നു.

ഷാഹി ഈദ്ഗാഹ് -കൃഷ്ണ ജന്മഭൂമി

2020 സെപ്റ്റംബര്‍ 24നാണ് അഭിഭാഷക രഞ്‌ന അഗ്നിഹോത്രിയും മറ്റ് ആറ് പേരും മഥുരയിലെ കീഴ്‌ക്കോടതിയില്‍ ഷാഹി ഈദ്ഗാഹ് മസ്ജിദിനെതിരെ ഹര്‍ജി നല്‍കുന്നത്. 1618ല്‍ 13.37 ഏക്കര്‍ സ്ഥലത്ത് ഓര്‍ച്ചയിലെ രാജാ വീര്‍ സിങ് ബുണ്ടേല പണിത ക്ഷേത്രം നിന്ന സ്ഥലത്താണ് ഇപ്പോള്‍ ഷാഹി ഈദ്ഗാഹ് സ്ഥിതി ചെയ്യുന്നതെന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം.

Shahi Idgah mosque
ഷാഹി ഈദ്ഗാഹ്

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവ് പ്രകാരം 1670ല്‍ ക്ഷേത്രം പൊളിച്ച് മസ്ജിദ് പണിയുകയായിരുന്നുവെന്നാണ് അവകാശവാദം. അതേ വര്‍ഷം ഫെബ്രുവരിയില്‍ കോടതിയും ഈ അവകാശവാദങ്ങളെ പിന്തുണച്ചു.

കൃഷ്ണ ജന്മഭൂമി പ്രദേശത്തിനടുത്ത് കത്ര കേശവ് ദേവ ക്ഷേത്രവുമായി പങ്കിടുന്ന സ്ഥലത്താണ് മസ്ജിദ് പണിതതെന്ന് ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കത്ര കേശവ് ദേവ് ഭൂമിയിലല്ല മസ്ജിദ് നിലനില്‍ക്കുന്നതെന്ന് ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിയും ഉത്തര്‍പ്രദേശ് സുന്നി കേന്ദ്ര വഖഫ് ബോര്‍ഡും വാദിച്ചു.

മസ്ജിദ് നീക്കം ചെയ്യണമെന്നും ഭൂമി കൃഷ്ണ ജന്മഭൂമി ട്രസ്റ്റിന് നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കെട്ടിടം ഹിന്ദു കെട്ടിട്ടമാണെന്ന് സ്ഥാപിക്കാന്‍ നിരവധി തെളിവുണ്ടെന്നും പറയുന്നു. മസ്ജിദില്‍ ഒരു കലശവും കെട്ടിടത്തിന്റെ മുകളില്‍ ഒരു കൊടുമുടിയും കാണുന്നുവെന്നും ഇസ്ലാമിക് ഘടനയില്‍ ഇതുണ്ടാകില്ലെന്നുമാണ് പ്രധാനമായും ഹർജിക്കാർ വാദിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അലഹബാദ് ഹൈക്കോടതി മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജികള്‍ തള്ളുകയും മസ്ജിദിന്റെ പ്രാഥമിക സര്‍വേ നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. അതേസമയം സുപ്രീം കോടതി ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

ജമാ മസ്ജിദ് ശംസി

ഉത്തർ പ്രദേശിലെ ബദൗണ്‍ പട്ടണത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി കണക്കാക്കുന്ന സൊത മൊഹല്ല എന്ന ഉയര്‍ന്ന പ്രദേശത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴയ മൂന്നാമത്തേതും ഏറ്റവും വലിയ ഏഴാമത്തേതുമായ പള്ളിയാണ് ജമാ മസ്ജിദ് ശംസി. എന്നാല്‍ ജമാ മസ്ദിജ് ശംസി ശിവക്ഷേത്രമാണെന്നും അവിടെ പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് 2022ല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അഖില ഭാരത് ഹിന്ദു മഹാസഭ സംസ്ഥാന കണ്‍വീനര്‍ മുകേഷ് പട്ടേല്‍, അഭിഭാഷകന്‍ അര്‍വിന്ദ് പര്‍മാര്‍, ഗ്യാന്‍ പ്രകാശ്, അനുരാഗ് ശര്‍മ, ഉമേഷ് ചന്ദ്ര ശര്‍മ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Jama Masjid Shamsi
ജമാ മസ്ജിദ് ശംസി

സംഭൽ ഷാഹി ജമാ മസ്ജിദ്

മസ്ജിദുകളുടെ തർക്കത്തിൽ ഏറ്റവും ഒടുവിലെ കണ്ണിയാണ് സംഭൽ ഷാഹി ജമാ മസ്ജിദ്. നൂറ്റാണ്ടുകളായി എല്ലാ വിഭാഗം ജനങ്ങളും സൗഹാര്‍ദ്ദത്തോടെ സമാധാനപരമായി ജീവിക്കുന്ന പ്രദേശമാണ് സംഭല്‍. 1526നും 1530നുമിടയില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ കാലഘട്ടത്തില്‍ പണിത മസ്ജിദാണ് ഷാഹി ജമാ മസ്ജിദ്. ഈ കാലയളവില്‍ പണിത മൂന്ന് പ്രശസ്തമായ മസ്ജിദുകളിലൊന്നാണിത്.

ഏകദേശം 1528ലാണ് ബാബറിന്റെ ജനറല്‍ മിര്‍ ഹിന്ദു ബെഗ് പള്ളി പണിതതെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. സംഭലിന്റെ മധ്യഭാഗത്തുള്ള ഒരു കുന്നിന്‍ മുകളിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. വലിയ സങ്കേതവും തകര്‍ന്ന ചുവരുകളുള്ള ചതുരാകൃതിയിലുള്ള മിഹ്റാബ് ഹാളും അടങ്ങിയ മസ്ജിദ് ഇരു ഭാഗങ്ങളിലും കമാനങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഭൂരിഭാഗം ചരിത്രകാരന്‍മാരും മസ്ജിദ് ബാബറിന്റെ കാലത്താണ് നിര്‍മിച്ചതെന്ന് വ്യക്തമാക്കുമ്പോള്‍, തുഗ്ലകിന്റെ കാലത്ത് പണിത മസ്ജിദിൽ മുഗള്‍ കാലത്ത് വാസ്തുവിദ്യയില്‍ ചില സവിശേഷതകള്‍ ചേര്‍ക്കുകയാണെന്നും വാദിക്കുന്നുണ്ട്.

എന്നാല്‍ മസ്ജിദ് വിഷ്ണു ക്ഷേത്രമായിരുന്നുവെന്നും വിഷ്ണുവിന്റെ അവതാരമായ കല്‍കി ഇവിടെ ഇറങ്ങാറുണ്ടെന്നും ഹിന്ദു വിഭാഗത്തില്‍പ്പെട്ട ചിലരും വാദിക്കുന്നു. 1878ലാണ് മൊറാദാബാദ് കോടതിയില്‍ ഛെദ്ദ സിങ്ങ് എന്ന് പറയുന്നൊരാള്‍ മസ്ജിദിനെതിരെ ഹര്‍ജി നല്‍കുന്നത്. എന്നാല്‍ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. പിന്നീട് ഒരുപാട് കാലം സമാധാനപരമായി മുന്നോട്ട് പോയെങ്കിലും സാംഭാലിൽ 1976ല്‍ സംഘര്‍ഷമുണ്ടായി. പള്ളിയിലെ മൗലാന കൊല്ലപ്പെട്ടപ്പോഴുണ്ടായ സംഘർഷത്തിൽ ഒരു മാസത്തോളം പ്രദേശത്ത് കര്‍ഫ്യൂ എര്‍പ്പെടുത്തിയിരുന്നു.

Sambhal Masjid
സംഭൽ ഷാഹി ജമാ മസ്ജിദ്

ഒടുവിൽ സമാധാനാന്തരീക്ഷത്തിൽ കടന്നുപോയ സംഭൽ ആഴ്ചകൾക്ക് മുമ്പ് വീണ്ടും പ്രശ്നഭരിതമാകുകയായിരുന്നു. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയ അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനും സംഭാല്‍ മസ്ജിദിലും സര്‍വേ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.

ഹരിഹര്‍ മന്ദിര്‍ എന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ക്കുകയും അവിടെ മസ്ജിദ് പണിയുമായിരുന്നു എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. തുടർന്ന് കോടതി സർവേയ്ക്ക് അനുമതി നൽകുകയും തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് സംഭൽ മാറി.

അജ്മീർ ദർഗ

രാജസ്ഥാനിലെ വിഖ്യാതമായ അജ്‌മീർ ദര്‍ഗയുടെയുള്ളില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ടുള്ള ഹര്‍ജിയാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അജ്‌മീർ ദര്‍ഗയ്ക്കുള്ളില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണം, പുരാതന ശിവക്ഷേത്രം നശിപ്പിച്ചാണ് ദര്‍ഗ നിര്‍മിച്ചത്, ദര്‍ഗയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി എഎസ്ഐ സര്‍വേ നടത്തണം എന്നിവയാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. ഹിന്ദുസേന മേധാവി വിഷ്ണുഗുപ്ത അടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍. വിഷയത്തിൽ ദര്‍ഗ കമ്മിറ്റി, പുരാവസ്തുഗവേഷണ വകുപ്പ്, കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് എന്നിവര്‍ക്ക് പ്രാദേശികകോടതി നോട്ടീസുമയച്ചിട്ടുണ്ട്.

Ajmer Dargah
അജ്മീർ ദർഗ

Content Highlights: Masjids which claimed as a temples by Hindutwa

dot image
To advertise here,contact us
dot image