'ബാബരി' പൊളിച്ച ഭൂമിയില്‍ രാമക്ഷേത്രം ഉയര്‍ന്നു; സുപ്രീം കോടതി അനുവദിച്ച പള്ളിയെവിടെ?

കോടതി വിധിച്ച ആ മസ്ജിദിന്റെ നിലവിലെ അവസ്ഥയെന്താണ്?

ആമിന കെ
1 min read|06 Dec 2024, 10:43 am
dot image

2019 നവംബര്‍ ഒമ്പത്, രാജ്യം വര്‍ഷങ്ങളായി കാത്തിരുന്ന ഒരു സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. പ്രതീക്ഷിച്ചത് പോലെയെങ്കിലും നിരാശ ബാക്കി വെച്ച ആ വിധി 'അയോധ്യ' വിഷയവുമായി ബന്ധപ്പെട്ടതായിരുന്നു. രണ്ട് കാര്യങ്ങളായിരുന്നു ആ വിധിയിൽ ഏറ്റവും പ്രധാന്യത്തോടെ രാജ്യം നോക്കി കണ്ടത്. ഒന്ന്, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമിയില്‍ രാമക്ഷേത്രം പണിയാം, രണ്ട്, മസ്ജിദ് പണിയാന്‍ അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ ഭൂമി മുസ്‌ലിം വിഭാഗത്തിന് പള്ളി നിർമ്മിക്കുന്നതിനായി വിട്ടു നല്‍കണം.

ഒന്നാമത്തെ കാര്യം തകൃതിയായി നടന്നു. വിധി വന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ തന്നെ രാമക്ഷേത്രം പണിതു, പ്രാണ പ്രതിഷ്ഠയും നടത്തി. എന്നാല്‍ മസ്ജിദ് മാത്രം പണിതില്ല. കോടതി വിധിച്ച ആ മസ്ജിദിന്റെ നിലവിലെ അവസ്ഥയെന്താണ്? പരിശോധിക്കാം.

അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു അയോധ്യ കോസിൽ വിധി പുറപ്പെടുവിച്ചത്. ഇതുപ്രകാരം കേന്ദ്ര സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ ഭൂമി കേന്ദ്ര സര്‍ക്കാരോ, ഉത്തര്‍പ്രദേശ് സര്‍ക്കാരോ നല്‍കണമെന്ന് ഉത്തരവിട്ടു.

Babari Masjid
ബാബരി മസ്ജിദ്

2020 ഫെബ്രുവരി 24ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്ററിനുള്ളില്‍ വരുന്ന അയോധ്യയിലെ സൊഹാവലിലെ ധാന്നിപൂര്‍ ഗ്രാമത്തിലായിരുന്നു പ്രസ്തുത സ്ഥലം അനുവദിച്ചത്.

ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനാണ് (ഐഐസിഎഫ്) മസ്ജിദ് നിര്‍മിക്കാന്‍ വേണ്ടി തയ്യാറായത്. വളരെ വ്യത്യസ്തമായ ഡിസൈന്‍ കൊണ്ടു തന്നെ പുതിയ മസ്ജിദിന്റെ രൂപരേഖ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചു പറ്റി. മസ്ജിദുകളുടെ വ്യവസ്ഥാപിത രൂപത്തിന് പകരം ഒരു പുതിയ രൂപത്തിലായിരുന്നു മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കിയത്. മസ്ജിദ്-ഇ- അയോധ്യയെന്ന പേരിലായിരുന്നു രൂപരേഖ തയ്യാറാക്കിയത്. ആശുപത്രി, സാമൂഹിക അടുക്കള ലൈബ്രറി, ഗവേഷണ കേന്ദ്രം തുടങ്ങിയവയും മസ്ജിദില്‍ ഉള്‍പ്പെട്ടിരുന്നു.

Babri Masjid
ആദ്യം തയ്യാറാക്കിയ രൂപരേഖ

എന്നാല്‍ പല കാരണങ്ങളാല്‍ മസ്ജിദ് നിര്‍മാണത്തിന്റെ ആദ്യ പടി പോലും ആരംഭിച്ചിട്ടില്ല. അതിലൊരു പ്രധാന കാരണം പള്ളിയുടെ രൂപരേഖ തന്നെയായിരുന്നു. ആദ്യം തയ്യാറാക്കിയ രൂപരേഖ മസ്ജിദ് പോലെ തോന്നിക്കുന്നില്ലെന്ന വിശ്വാസികളുടെ അഭിപ്രായം മാനിച്ച് ഐഐസിഎഫ് മറ്റൊരു രൂപകല്‍പ്പനയും തയ്യാറാക്കി. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇമ്രാന്‍ ഷെയ്ഖ് തയ്യാറാക്കിയ മസ്ജിദിന്റെ പുതിയ രൂപകല്‍പ്പന അഞ്ച് മിനാരങ്ങളും ചന്ദ്രക്കലയുമുള്ള രീതിയിലാണ് തയ്യാറാക്കിയത്.

മസ്ജിദിന്റെ പഴയ പേര് മാറ്റി മുഹമ്മദ് ബിന്‍ അബ്ദുള്ളയെന്ന പേരാണ് മസ്ജിദിനിടാന്‍ നിലവില്‍ കമ്മിറ്റി തീരുമാനിച്ചത്. അതേസമയം നേരത്തെയുള്ള മസ്ജിദിന്റെ രൂപരേഖയില്‍ ഉള്‍പ്പെട്ടവയെല്ലാം തന്നെ പുതിയ മസ്ജിദിലുമുണ്ടാകുമെന്നാണ് കമ്മിറ്റി അറിയിക്കുന്നത്.

Babri Masjid
രണ്ടാമത്തെ രൂപരേഖ

രണ്ടാമതായി അനുഭവിക്കുന്ന ഏറ്റവും വലിയ പ്രയാസം ഫണ്ട് ശേഖരണമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു കോടി രൂപയ്ക്ക് അടുത്ത് മാത്രമാണ് മസ്ജിദിന് വേണ്ടി സംഭാവന ഇനത്തില്‍ ലഭിച്ചത്. സംഭാവനയായി പ്രതീക്ഷിച്ച തുക ലഭിക്കാതെ വന്നതോടെ ആശുപത്രിയും മ്യൂസിയവും ഗവേഷണ കേന്ദ്രവും ഉപേക്ഷിക്കാന്‍ കമ്മിറ്റി നിര്‍ബന്ധിതരാകുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ തല്‍ക്കാലം പള്ളിയുടെ നിർമ്മാണം മാത്രമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് കമ്മിറ്റി. മസ്ജിദ് നിര്‍മാണത്തിന് ഏകദേശം ആറ് മുതല്‍ ഏഴ് കോടി രൂപ വരെയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ മസ്ജിദ് സമിതിക്ക് കീഴിലെ അഡ്മിനിസ്ട്രേറ്റിവ്, ഫിനാന്‍സ്, വികസന, പ്രചാരണ സമിതികള്‍ പിരിച്ചു വിട്ടിട്ടുണ്ട്. നാലു വര്‍ഷമായിട്ടും ഫണ്ട് ശേഖരിക്കാന്‍ സാധിക്കാത്തതിന് പിന്നാലെയായിരുന്നു ഈ സെപ്റ്റംബറില്‍ സമിതി പിരിച്ചു വിട്ടത്.

നിലവില്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ നിയന്ത്രണ (ഭേദഗതി) നിയമം പ്രകാരം വിദേശ ഫണ്ടിന് വേണ്ടി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മിറ്റി. രാജ്യത്തിനകത്ത് നിന്ന് കാര്യമായ സംഭാവനകള്‍ ലഭിക്കുന്നില്ലെന്നാണ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്.

ഉത്തര്‍ പ്രദേശ് സര്‍ക്കാർ മസ്ജിദ് പണിയുന്നതില്‍ സഹകരണം നല്‍കാത്തതും നിര്‍മാണം നീണ്ടു പോകുന്നതിനുള്ള മറ്റൊരു കാരണമാണ്. മസ്ജിദിന്റെ രൂപകല്‍പ്പനകള്‍ അയോധ്യ വികസന അതോറിറ്റിക്ക് (എഡിഎ) നല്‍കിയെങ്കിലും അവര്‍ ഓണ്‍ലൈന്‍ മുഖാന്തരം അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോഴാകട്ടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള എന്‍ഒസി വേണമെന്നും എഡിഎ ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തോളം ഇതിന് വേണ്ടി കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ രീതിയിലായിരുന്നില്ല ക്ഷേത്ര കമ്മിറ്റിയോട് സര്‍ക്കാര്‍ പെരുമാറിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Ram Mandir
രാമ ക്ഷേത്രം

കൂടാതെ തന്റെ സ്ഥലത്താണ് മസ്ജിദ് പണിയാന്‍ അനുവദിച്ചിരിക്കുന്നതെന്ന് പറഞ്ഞ് ഡല്‍ഹി നിവാസിയായ റാണി പഞ്ചാബിയും രംഗത്തെത്തിയിട്ടുണ്ട്. ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് യുവതി പറയുന്നത്. ഇത്തരത്തില്‍ പല സമ്മര്‍ദ്ദങ്ങളാലും മസ്ജിദ് നിർമ്മാണം തുടങ്ങിയിട്ടില്ലെന്ന് മാത്രമല്ല, മസ്ജിദിന് വേണ്ടി ലഭിച്ച ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. മസ്ജിദ് നിര്‍മാണം പൂര്‍ത്തിയായി ആരാധന തുടങ്ങാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് സാരം.


Content Highlights: What is the current updation of Masjid instead of Babri

dot image
To advertise here,contact us
dot image