അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം പുഷ്പ 2 തിയേറ്ററുകളിലെത്തിയത് ദിവസങ്ങൾക്കു മുമ്പാണ്. അല്ലു അർജുനെയും ഭാര്യ ശ്രീവല്ലിയായെത്തിയ നടി രശ്മിക മന്ദാനയെയും വിമർശിച്ച് നിരവധി ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. നാല് ദിവസം കൊണ്ട് 600 കോടിക്കും മുകളിൽ കളക്ഷൻ നേടിയ ചിത്രം, തീരെ മോശമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും സജീവമാണ്. ഈ പശ്ചാത്തലത്തിൽ സിനിമാനുഭവത്തെയും മലയാളി പ്രേക്ഷകരുടെ സിനിമാ വിചാരണയെയും കുറിച്ച് ബ്ലോഗറായ അംബിക ജെ കെ എഴുതുന്നു.
പുഷ്പ കണ്ടു. എന്‍റെ ബൗദ്ധിക നിലവാരത്തെ തൃപ്തിപ്പെടുത്തുന്ന മറ്റൊരു വാനപ്രസ്ഥമാകുമെന്ന് കരുതിയല്ല പുഷ്പ കാണാൻ പോയത്. പുഷ്പ പുഷ്പ തന്നെ ആയിരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്. ഐസക് ന്യൂട്ടന്റെ സകല സിദ്ധാന്തങ്ങളും ഗ്രാവിറ്റി അടക്കം പുഷ്‌പയ്‌ക്ക് ബാധകമല്ല. അതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് പോയത്. അങ്ങിനെ അറിഞ്ഞുകൊണ്ട് തലവെക്കുന്നവർക്ക് വേണ്ടതൊക്കെ പുഷ്പയിലുണ്ട്!!
പുഷ്പയെ പ്രൊമോട്ട് ചെയ്യാൻ എനിക്ക് കുറച്ചു കാരണങ്ങൾ ഉണ്ട്. അതത്ര ചെറുതുമല്ല…
1.അല്ലു അർജ്ജുന്റെ പുഷ്പരാജ് എന്ന പേര്, costume, ലുക്ക്, behavior, social status എന്നതിനപ്പുറത്തേക്ക് ഭൂലോക തോൽവി ആകാമായിരുന്ന കഥാപാത്രത്തെ 'പുഷ്പ' എന്ന മണകുണാഞ്ചൻ പേരുമിട്ട് ഹീറോ ഇമേജ് ലേക്ക് വളർത്താനുള്ള സ്ക്രീൻ പ്രെസെൻസ് ഇന്ന് ഈ ഇന്ത്യ മഹാരാജ്യത്തു മറ്റാർക്കുമില്ല. നൂറ് തരം. എപ്പൊ വേണമെങ്കിലും ഒരു ശിക്കാരിശംഭു ലെവെലിലേക്ക് അധഃപതിച്ചേക്കാവുന്ന character നെ ഇന്ന് ബോളിവുഡ് ലും ടോളിവുഡ് ലും മല്ലുവുഡ് ലും ഏറ്റെടുക്കാൻ മറ്റൊരാളില്ല! അത്ര റിസ്ക് ഉണ്ട് ആ കഥാപാത്രത്തിനും അയാളുടെ ചുറ്റുപാടുകൾക്കും.
2.ഇത്ര റിസ്കുള്ള, കോടികളുടെ ഒരു പടം തീവ്ര ഹൈന്ദവ ഇമേജറികൾ ഒരു ഭയവുമില്ലാതെ അർമാദിച്ചുപയോഗിച്ചു മറ്റേ ബാലൻസിങ് പരിപാടിയില്ലാതെ വിജയിപ്പിക്കുക എന്ന ആ ചങ്കൂറ്റത്തിന് ഞാൻ പത്തിൽ പത്തും കൊടുക്കും!
3. മലയാളിയുടെ ബാലൻസിങ് പരിപാടിയൊന്നും തെലുങ്കനില്ല. സൗദി അറേബ്യയിൽ തീവ്ര ഹൈന്ദവ ബിംബം ഉപയോഗിച്ചു എന്ന കാരണംകൊണ്ട് സിനിമയിലെ ഒരു പ്രധാന കരിങ്കാളി പാട്ട് മുറിച്ചു മാറ്റിയെങ്കിൽ അതവരുടെ നഷ്ടം!
4. മലയാളിയുടെ കപട സദാചാര ബോധത്തിനപ്പുറത്ത്, അങ്ങേയറ്റം 'പെങ്കോന്തനായ', ഭാര്യക്കുവേണ്ടി എന്തും ചെയ്യുന്ന ഭർത്താവിനെയും, ഫീലിംഗ് വന്നാൽ ഭർത്താവിനെ കിടപ്പറയിലേക്ക് വിളിച്ചോണ്ടുപോകുന്ന ഭാര്യയെയുമൊക്കെ മലയാളിക്ക് അത്രപെട്ടെന്ന് ദഹിച്ചെന്നു വരില്ല. സ്വാഭാവികം!
5. 500 കോടികൊണ്ടു (ഭാര്യക്കുവേണ്ടി മാത്രം) സർക്കാരിനെ മറിച്ചിടുന്ന, ഹെലികോപ്റ്ററിൽ പറന്നു deal strike ചെയ്യുന്ന പുഷ്പയുടെ ബാത്രൂം നീല ടൈലിട്ട, സോപ്പും പീരയുമൊക്കെ അരഭിത്തിയിൽ വെച്ച, ചിറ്റൂർ ജില്ലയിലെ ഏതൊരു തെലുങ്കന്റെയും വീടാണ്. നിറങ്ങൾ ഹോളി കളിക്കുന്ന അവന്‍റെ വീടിന്റെ പുറംഭിത്തികളാണ്. അവന്‍റെ അമ്പലങ്ങളും, ദേവതകളും, ഒട്ടും മാറാത്ത അവന്‍റെ ജീവിതരീതിയുമാണ്. വ്യക്തിത്വവും സ്വത്വബോധവുമാണ്. മുക്കാൽ ചക്രത്തിന് അപ്പനെ വരെ മാറ്റുന്ന, ഉത്തരാധുനികത ഊറ്റംകൊള്ളുന്ന മലയാളിക്ക് കഴിയില്ല ഇത്ര ശുദ്ധമായ തീവ്രബിംബങ്ങൾ ഉപയോഗിക്കാനും അതിൽ അഭിമാനിക്കാനും! പേടിക്കും. മുട്ടുവിറയ്ക്കും!
ആ ഒരൊറ്റ കാരണംകൊണ്ട് പുഷ്പ ഫ്ലവർ അല്ല, ഫയർ ആണ്. Wild fire!!
Content Highlights: opinion on campaign against pushpa allu arjun rashmika mandanna