കലയ്ക്ക് പ്രതിഫലം നിശ്ചയിക്കുന്നതാരാണ്? ചോദിക്കുന്നതിൽ എന്താണ് തെറ്റ്?

സർക്കാർ പരിപാടിയിൽ സൗജന്യമായി നൃത്തം അവതരിപ്പിക്കണം എന്ന് കീഴ് വഴക്കമൊന്നും ഇല്ല. അങ്ങനെ സർക്കാർ അവരോട് ആവശ്യപ്പെട്ടിട്ടും ഇല്ല. അവരുടെ ജോലി അഭിനയമാണ്. അതിനേക്കാളുപരി നർത്തകിയാണ്. നൃത്താധ്യാപികയാണ്.

dot image

കൗമാര കലോത്സവം തുടങ്ങുന്നതിന് മുൻപേ വിവാദത്തിലായിരിക്കുകയാണ് ഇത്തവണ. സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം ചിട്ടപ്പെടുത്താൻ ചലച്ചിത്ര താരം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വാക്കുകളാണ് വിവാദമായത്. എന്തായാലും മന്ത്രിയുടെ വാക്കുകൾ ചർച്ചയായതോടെ പ്രസ്താവന പിൻവലിച്ച് വിവാദം അവസാനിപ്പിക്കാനും മന്ത്രി തന്നെ മുൻകൈ എടുത്തു. അത് നല്ല തീരുമാനം പക്ഷേ പറഞ്ഞതെല്ലാം അവിടെ നിൽക്കുകയാണ്. വാ വിട്ട വാക്കുകൾ കൈവിട്ട ആയുധം പോലെ ആണെന്നാണല്ലോ.. എങ്കിലും തിരിച്ചറിവുകളെ മാനിക്കാം.

കലോത്സവങ്ങളിലൂടെ വളർന്നു വന്ന നടിയ്ക്ക് പണത്തിനോട് ആർത്തിയാണെന്നും അവരുടെ നിലപാട് വേദനിപ്പിച്ചുവെന്നുമാണ് മന്ത്രി ഒരു പൊതുപരിപാടിയിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വെഞ്ഞാറമ്മൂട് പ്രൊഫഷണൽ നാടകോത്സവത്തിന്റെ സമാപന പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിമർശനം. 'കുട്ടികളെ നൃത്തം പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ അവർ സമ്മതിച്ചു. പക്ഷേ പ്രതിഫലമായി അവർ ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപയാണ്. ആവശ്യത്തിലധികം സമ്പാദിച്ചിട്ടും അവർക്ക് മതിയായില്ല. അവർക്ക് അഹങ്കാരമാണ്.. എന്തായാലും അവരെ വേണ്ടെന്നു വെച്ചു. ഏതെങ്കിലും സാധാരണ അധ്യാപികയെ കൊണ്ട് ആ കാര്യം ഭംഗിയായി ചെയ്യിക്കും' എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

ഈ പറഞ്ഞതിലെ അപകടം മനസ്സിലായിട്ടാണോ മന്ത്രിയുടെ പ്രതികരണം എന്ന് വ്യക്തമല്ല. ഒരു പൊതുപരിപാടിയിൽ മൈക്ക് മുന്നിൽ കിട്ടിയാൽ എന്തും പറയാമെന്ന ആണധികാരബോധത്തിന്റെ അവസാന ഉദാഹരണമായി വേണം ഇതിനെ കാണാൻ. ഒരു കലാകാരിയെ പരസ്യമായി അധിക്ഷേപിക്കുകയാണ് മന്ത്രി ശിവൻകുട്ടി ഇവിടെ. കലാകാരിയുടെ പേര് പരസ്യപ്പെടുത്തിയില്ല എന്നത് മാത്രമാണ് ആശ്വാസം. ഇത്രയും അധിക്ഷേപിച്ച സ്ഥിതിയ്ക്ക് ആ പേര് കൂടി പറയുന്നതായിരുന്നു ഭംഗി. പക്ഷേ കേരളത്തിലെ ആർക്കും കേട്ടാൽ മനസ്സിലാവുന്ന തരത്തിലായിരുന്നു ആ നടിയെ കുറിച്ച് മന്ത്രി പറഞ്ഞത്.

വി ശിവൻകുട്ടി
വി ശിവൻകുട്ടി

സത്യത്തിൽ നടി സ്വന്തം പ്രതിഫലം തീരുമാനിച്ചതിൽ ഇത്രയും അധിക്ഷേപം നേരിടേണ്ട കാര്യമുണ്ടോ ഗൌരവത്തിൽ കാണേണ്ട ചോദ്യമാണത്. കലാകാരിയുടെ ജീവിതമാർഗമാണ് കല. അതിന് മൂല്യം നിശ്ചയിക്കുന്നത് അവരാണ്. ആ കലയിൽ അവർ ഒരുപാട് ഉയരത്തിൽ ആയത് കൊണ്ടാണ് സർക്കാർ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൌമാരോത്സവത്തിൽ നൃത്തം ചിട്ടപ്പെടുത്താൻ അവരെ ഏൽപ്പിച്ചത്. ഏഴ് മിനിറ്റ് ദൈർഘ്യമുള്ള കലാപരിപാടിയ്ക്ക് കുട്ടികളെ ഒരുക്കുന്നത് വലിയ ചുമതല തന്നെയാണ്. അതിനെ നിസ്സാരമായി കാണുന്നതേ തെറ്റ്. നൂറ് കണക്കിന് നൃത്താധ്യാപകരുള്ള നാടാണിത്. അതിലും എത്രയോ ഇരട്ടി കലാകാരികളും കലാകാരന്മാരും ഉള്ള നാടാണ്. അവിടെ സർക്കാർ ഒരു താരത്തെ അങ്ങോട്ട് സമീപിക്കുന്നുണ്ടെങ്കിൽ അത് അവരുടെ കഴിവുള്ള വിശ്വാസം കൊണ്ടാണ്. അതിന് ഒരു മൂല്യം നിശ്ചയിക്കുന്നത് അവരുടെ ചുമതലയാണ്. അത് ആത്മാഭിമാനത്തിന്റെ കൂടി തെളിവാണ്.

സർക്കാർ പരിപാടിയിൽ സൗജന്യമായി നൃത്തം അവതരിപ്പിക്കണം എന്ന് കീഴ് വഴക്കമൊന്നും ഇല്ല. അങ്ങനെ സർക്കാർ അവരോട് ആവശ്യപ്പെട്ടിട്ടും ഇല്ല. അവരുടെ ജോലി അഭിനയമാണ്. അതിനേക്കാളുപരി നർത്തകിയാണ്. നൃത്താധ്യാപികയാണ്. കൊച്ചി ആസ്ഥാനമായി നിരവധി കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയാണ്. ഇതെല്ലാം നിലനിൽക്കെ തന്നെ അവർ സർക്കാരുമായി സഹകരിക്കാൻ തീരുമാനിച്ചത് കേവലം പ്രശസ്തിക്ക് വേണ്ടിയല്ല. അതിന്റെ ആവശ്യവും അവർക്കില്ല. കാരണം കലോത്സവ വേദിയിലൂടെ തന്നെ അവർ തന്റെ കഴിവും പ്രാപ്തിയും തെളിയിച്ചതാണ്. പിന്നീട് മലയാളികൾ ഓർത്തുവെക്കുന്ന ഒരു പിടി കഥാപാത്രങ്ങളെയും അവർ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയുള്ള താരം അവർ ചെയ്യുന്ന ജോലിയ്ക്ക് വേതനം പറഞ്ഞത് എങ്ങനെ തെറ്റാകും.

മന്ത്രിയുടെ വാചകങ്ങൾ വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കലോത്സവത്തിലൂടെ സിനിമയിലെത്തിയ നടിമാരുടെ പേജിൽ സാംസ്കാരിക സമ്പന്നരായ മലയാളികൾ പൊങ്കാലയിട്ടു തുടങ്ങി. ചേരി തിരിഞ്ഞ് വിമർശനങ്ങളും പിന്താങ്ങലുകളും വന്നു. സൈബർ ബുള്ളിയിന്റെ ഇരകളാവുന്നത് പലപ്പോഴും മറുഭാഗത്തുള്ളവരാണല്ലോ. ഇവിടെ നടിമാരാണ് അതിന് വിധേയരായത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുന്ന അവസ്ഥയാണ് ഇവിടെ. പലരുടെയും സോഷ്യൽ മീഡിയ പേജിന്റെ താഴെ വരുന്ന കമന്റുകൾ കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ്.

കലയ്ക്ക് മൂല്യം നിശ്ചയിക്കുന്നത് എങ്ങനെയാണ്. കലാകാരിയുടെ -- കലാകാരന്റെ വേതനം എങ്ങനെയാണ്, എന്ത് മാനദണ്ഡത്തിലാണ് ഏകീകരിക്കുന്നത്. അതിനൊരു ഏകീകൃത ഭാവം ഇല്ലെന്നിരിക്കെ അഞ്ച് ലക്ഷം രൂപയുടെ പേരിൽ ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നത് ഒട്ടും ശരിയായ രീതിയല്ല

തൊഴിലാളി വർഗത്തിന്റെ പാർട്ടിയുടെ നേതാവാണ് വിദ്യാഭ്യാസ മന്ത്രി. ചെയ്യുന്ന ജോലിയ്ക്ക് കൂലി ചോദിച്ച് വാങ്ങിക്കാൻ അടിയാള വർഗത്തെ പ്രാപ്തരാക്കിയ പാർട്ടിയുടെ സമകാലിക കാലത്തെ മുൻനിരയിലുള്ള നേതാവാണ് വി ശിവൻകുട്ടി. പ്രതിഫലത്തിന്റെ തുകയേക്കാള്‍ മന്ത്രിയെ ചൊടിപ്പിച്ചത് അവർ ഒരു സ്ത്രീയാതു കൊണ്ടാണ് എന്ന് പറഞ്ഞാലും തെറ്റില്ല. ഇത് മുൻ നിര നടന്മാരോ സംഗീതജ്ഞരോ ആയ പുരുഷന്മാരാണെങ്കിൽ ഇത്ര പരസ്യമായി അദ്ദേഹം വിമർശിക്കില്ലായിരുന്നു എന്ന് ഉറപ്പാണ്. ഒരു സ്ത്രീ തന്റെ പ്രതിഫലം സർക്കാരിനോട് ആവശ്യപ്പെടാൻ മാത്രം ആയോ എന്ന ധാർഷ്ട്യം കൂടിയുണ്ട് ഈ വാക്കുകളിൽ. കലോത്സവ വേദിയിലൂടെ വളർന്നു വന്ന കലാകാരികൂടിയായ നടിയാണ് ഈ അഹങ്കാരം കാണിച്ചതെന്ന് മന്ത്രി പറയുമ്പോൾ അവിടെ ഒരു ഔദാര്യം പ്രതീക്ഷിക്കുന്നുണ്ട്. കലോത്സവത്തിലൂടെ വന്ന നടി- എന്നിട്ടും അവർ കലോത്സവത്തിന് നൃത്തം പരിശീലിപ്പിക്കാൻ പണം ചോദിച്ചു എന്നൊരു ധ്വനി. കലോത്സവ വേദികളിലൂടെ ആയിരക്കണത്തിന് കലാകാരികൾ വന്ന് പോയിട്ടുണ്ട്. അതിൽ സിനിമയിലുൾപ്പെട പിടിച്ചു നിന്നവർ കുറവാണ്. അത് അവരുടെ മിടുക്ക്. അവരുടെ കഴിവ്. അതിന് സർക്കാരിന് പ്രത്യേകിച്ച് അവകാശവാദം ഉന്നയിക്കാൻ ഒന്നുമില്ല. വേദി ആരുടേയും സൗജന്യമല്ല. അത് അവകാശമാണെന്ന് പറഞ്ഞാലും തെറ്റില്ല.

ആവശ്യത്തിലധികം സമ്പാദിച്ചിട്ടും അവർക്ക് മതിയായില്ല എന്ന് പറഞ്ഞതിലും അനൗചിത്യമുണ്ട്. ഇവിടെ സമ്പാദ്യത്തിന് അളവ് കോൽ നിശ്ചയിട്ടില്ല. അത് ഓരോരുത്തരുടെയും ധാർമികതയ്ക്കനുസരിച്ചാണ്. അതിനെ വിമർശിക്കേണ്ട കാര്യമില്ല. നടിയുടെ സമ്പാദ്യത്തെ വിമർശിച്ച മന്ത്രിയ്ക്ക് മോഹൻലാലിന്റെയോ മമ്മൂട്ടിയുടേയോ യേശുദാസിന്റേയോ പ്രതിഫലത്തെ കുറിച്ച് പരസ്യമായി പറയാൻ ധൈര്യമുണ്ടാകുമോ.. കലോത്സവത്തിന് കഴിഞ്ഞ തവണ സ്വാഗത ഗാനത്തിന് നൃത്തം ചിട്ടപ്പെടുത്തിയത് ആശാ ശരത് എന്ന നടിയാണ്. അതിന് അവർ പ്രതിഫലം വാങ്ങിയിട്ടില്ല. അത് അവരുടെ രീതി. അതുകൊണ്ട് ഇത്തവണ സമീപിച്ച നടി പ്രതിഫലം വാങ്ങരുത് എന്ന് നിശ്ചയിക്കാൻ പറ്റില്ല. അവർ ആ ജോലികൊണ്ട് ജീവിക്കുന്നവരാണ്. അല്ലെങ്കിലും കലയ്ക്ക് മൂല്യം നിശ്ചയിക്കുന്നത് എങ്ങനെയാണ്. കലാകാരിയുടെ -- കലാകാരന്റെ വേതനം എങ്ങനെയാണ്, എന്ത് മാനദണ്ഡത്തിലാണ് ഏകീകരിക്കുന്നത്. അതിനൊരു ഏകീകൃത ഭാവം ഇല്ലെന്നിരിക്കെ അഞ്ച് ലക്ഷം രൂപയുടെ പേരിൽ ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നത് ഒട്ടും ശരിയായ രീതിയല്ല.

ഈ പ്രസ്താവനയ്ക്ക് പിന്നിലും വ്യക്തിതാത്പര്യങ്ങളും ആശങ്കകളും എല്ലാം ഉണ്ടാവാം എങ്കിലും അതിനെല്ലാം ഒരു പരിധിവേണം. അധികാരസ്ഥാനത്തിരിക്കുന്നവർ കുറച്ചു കൂടി ഉത്തരവാദിത്തബോധത്തോടെ പെരുമാറിയാൽ , സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളാണ് ഇത്. അതിനെ ആ നിലയ്ക്ക് വിടാം. മന്ത്രി തന്നെ വിവാദം അവസാനിപ്പിക്കണം എന്ന് പറഞ്ഞ സ്ഥിതിയ്ക്ക് ഇനിയുമധികം പറയുന്നില്ല. പക്ഷേ പറഞ്ഞ വാക്കുകളിലെ ആശങ്ക പറയാതെ പോവുന്നതും ശരിയല്ലല്ലോ.

Content Highlights: Opinion On Minister V Sivakutty's Kalolsavam Remark

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us