കലോത്സവത്തിന് കുട്ടികളെ നൃത്തം പരിശീലിപ്പിക്കാന്‍ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നും നടിക്ക് പണത്തോട് ആര്‍ത്തിയാണെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന വലിയ ചര്‍ച്ചയാവുകയാണ്. വിവാദം കൊടുമ്പിരി കൊണ്ടതോടെ പ്രസ്താവന മന്ത്രി പിന്‍വലിച്ചെങ്കിലും അതുയര്‍ത്തിയ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല.
ജനുവരിയില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ നടിയെ സമീപിച്ചപ്പോള്‍ അഞ്ച് ലക്ഷം രൂപ പ്രതിഫലമായി ചോദിച്ചതാണ് ഒരു തെറ്റായി മന്ത്രി ഉയര്‍ത്തിക്കാട്ടുന്നത്. കലോത്സവത്തിലൂടെ ഉയര്‍ന്നുവന്ന നടി കുറച്ച് സിനിമയും കുറച്ച് കാശുമായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ നവമാധ്യമങ്ങളില്‍ നടിക്കെതിരെ പരിഹാസവും അധിക്ഷേപങ്ങളും രൂക്ഷമായിരുന്നു. പ്രൊഫഷണലായി ചെയ്യുന്ന ഒരു തൊഴിലിന് പ്രതിഫലം കൃത്യമായി ആവശ്യപ്പെട്ടു എന്ന കുറ്റത്തിനാണ് ഒരു കലാകാരിയെ സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി അഹങ്കാരി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. തന്റെ തൊഴിലിന് വിലയിടാനുള്ള അവരുടെ അവകാശത്തെക്കൂടിയാണ് മന്ത്രി തന്റെ പ്രസ്താവനയിലൂടെ റദ്ദ് ചെയ്തിരിക്കുന്നത്.
ചെയ്യുന്ന ജോലിക്ക് പ്രതിഫലം വാങ്ങണോ വാങ്ങാതിരിക്കണോ എന്നതൊക്കെ ഓരോരുത്തരുടെയും ചോയ്സ് ആണ്. സവിശേഷമായ സാഹചര്യങ്ങളില്‍ പൊതു താത്പര്യങ്ങള്‍ കണക്കിലെടുത്ത് പ്രതിഫലം വാങ്ങാതിരിക്കുന്നവര്‍ ഉണ്ടാകാം. എന്ന് കരുതി എല്ലാവരും അങ്ങനെ ചെയ്തിരിക്കണമെന്ന് എങ്ങനെ നിര്‍ബന്ധം പറയാനാകും. ചെയ്യുന്ന ജോലിക്ക് ഒരാള്‍ കൂലി ചോദിച്ചാല്‍ അതെങ്ങിനെയാണ് കുറ്റകരമാകുക? ജോലിക്ക് പ്രതിഫലം വേണം. പ്രതിഫലം കിട്ടിയില്ലെങ്കില്‍ അത് ചോദിച്ച് വാങ്ങുകയും വേണം. അത് അടിസ്ഥാനപരമായ അവകാശമാണെന്ന് ഇടതുപക്ഷ സര്‍ക്കാരിലെ മന്ത്രിക്ക് അറിയാത്തതാണോ. നടിയുടെ പേര് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും, ഒരു കലാകാരിയെ ആള്‍ക്കൂട്ട വിചാരണയ്ക്കായി എറിഞ്ഞുകൊടുക്കുന്ന സമീപനമല്ലേ മന്ത്രി സ്വീകരിച്ചത്?
കലോത്സവ രംഗത്തിലൂടെ ഉയര്‍ന്നുവന്ന് ഇപ്പോള്‍ സിനിമാ രംഗത്തെത്തിയ നടിക്ക് കലോത്സവങ്ങളോട് കടപ്പാടുണ്ടാകണമെന്നതാണ് മന്ത്രി ശിവന്‍കുട്ടി ന്യായീകരണമായി പറഞ്ഞത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ അവര്‍ ഭൂതകാലങ്ങളില്‍ കടന്നുവന്ന വഴികളിലുള്ളവരോടെല്ലാം എന്നും കടപ്പെട്ടിരിക്കണമെന്നും അവര്‍ക്ക് വേണ്ടി സൗജന്യമായി ജോലി ചെയ്യണമെന്നുമെല്ലാം പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
ഉയര്‍ന്ന തുക ആവശ്യപ്പെട്ടു എന്ന തരത്തിലാണ് നടിക്കെതിരെ മന്ത്രി വിമര്‍ശനമുയര്‍ത്തിയത്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന കലോത്സവങ്ങള്‍ക്കായി വര്‍ഷം തോറും കോടികള്‍ ചെലവഴിക്കപ്പെടുന്ന നാട്ടില്‍ ഒരു സിനിമാ താരം പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി 5 ലക്ഷം രൂപ ആവശ്യപ്പെടുന്നത് എങ്ങിനെയാണ് ഇത്ര വലിയ തെറ്റാവുക? വിദ്യാഭ്യാസ വകുപ്പിന് അഞ്ച് ലക്ഷം രൂപ കൊടുക്കാന്‍ ഇല്ലാഞ്ഞിട്ടല്ല. കൊടുക്കില്ലെന്ന് തീരുമാനിച്ചു എന്ന് മന്ത്രി പറയുമ്പോള്‍ അതില്‍ ഒരു ധാര്‍ഷ്ട്യത്തിന്റെ സ്വരമില്ലേ…
സ്‌കൂള്‍ സര്‍വകലാശാല - കലോത്സവ ഇനങ്ങള്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ഓരോ നാട്ടിലെയും പ്രാദേശിക കലാധ്യാപകര്‍ വരെ ഒന്നും രണ്ടും ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന കാലത്ത്, അറിയപ്പെടുന്ന ഒരു സിനിമാ താരം സംസ്ഥാന സര്‍ക്കാരില്‍ നിന്നും അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെടുന്നത് സ്വാഭാവികമായി മാത്രം കാണേണ്ട ഒന്നല്ലേ.
നടി അഹങ്കാരം കാണിക്കുകയാണെന്ന് പറഞ്ഞ മന്ത്രി നടിയുടെ പ്രവര്‍ത്തിയെ നടന്‍ ഫഹദ് ഫാസിലിന്റെ പ്രവര്‍ത്തിയുമായി താരതമ്യം ചെയ്യുന്നുമുണ്ട്. സര്‍ക്കാരിന്റെ ഓണാഘോഷത്തിനായി ഫഹദ് ഫാസിലിനെ വിളിച്ചപ്പോള്‍ ഒരു പൈസയും വാങ്ങാതെ വന്ന് പങ്കെടുത്തു എന്നാണ് മന്ത്രി പറഞ്ഞത്. വിമാനത്തിലാണ് ഫഹദ് ഫാസില്‍ പരിപാടിക്ക് എത്തിയത്. ഒരു രൂപ പോലും അദ്ദേഹം പ്രതിഫലം വാങ്ങിയില്ല. മാത്രമല്ല കൃത്യസമയത്തു തന്നെ പരിപാടിക്ക് എത്തിയെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിയുടെ ഈ പ്രസ്താവനക്ക് പിന്നാലെ മമ്മൂട്ടിയും ഫഹദ് ഫാസിലും വരെ കലോത്സവങ്ങള്‍ക്ക് വന്നപ്പോള്‍ പ്രതിഫലം വാങ്ങിയിട്ടില്ല, എന്നിട്ടാണ് ഈ നടി പണം ചോദിക്കുന്നത് എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്നവരുണ്ട്.
നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം, മമ്മൂട്ടിയും ഫഹദ് ഫാസിലും അടക്കമുള്ള, കാലങ്ങളോളം സിനിമയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന താരങ്ങള്‍ പ്രതിഫലം ചോദിക്കുന്നതോ വേണ്ടെന്ന് വെക്കുന്നതോ അവരുടെ വ്യക്തിപരമായ തീരുമാനങ്ങളാണ്. വലിയ നടന്‍മാര്‍ അങ്ങനെ ചെയ്തതുകൊണ്ട് നടിമാരും കലാകാരികളും അത് ആവര്‍ത്തിക്കണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്… മറ്റൊന്ന് ഓണാഘോഷ ചടങ്ങില്‍ കുറച്ച് നേരം പങ്കെടുക്കാന്‍ ഫഹദ് എത്തുന്നതും, നടി ഒരു കല പഠിപ്പിക്കാന്‍ എത്തുന്നതും വ്യത്യസ്തമാണെന്ന് മന്ത്രിക്ക് അറിയാത്തതാണോ…
കുറഞ്ഞകാലം കൊണ്ട് തന്നെ കരിയറിന്റെ ഉന്നതിയില്‍ നിന്നും താഴേക്ക് പോകുന്ന, അപൂര്‍വമായി മാത്രം സിനിമകള്‍ പോലും ലഭിക്കുന്ന നടിമാര്‍ക്ക് ഉദ്ഘാടനങ്ങളും സ്റ്റേജ് ഷോകളും അടക്കമുള്ള ഇത്തരം ചെറിയ വരുമാനങ്ങള്‍ വലുതായിരിക്കും. ആ വരുമാനം ചോദിച്ച്, തര്‍ക്കിച്ച് വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലേക്കാണ് മിക്ക സ്ത്രീകളും കലാകാരികളും എത്തിച്ചേരുന്നത്. തുല്യവേതനത്തെക്കുറിച്ചും നടീനടന്‍മാരുടെ പ്രതിഫലത്തിലെ വലിയ വ്യത്യാസങ്ങളെക്കുറിച്ചുമെല്ലാം സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്ന ഒരു കാലത്താണ് പ്രതിഫലം ചോദിച്ച ഒരു നടിക്ക് നേരെ ഒരു വിദ്യാഭ്യാസ മന്ത്രി തന്നെ രംഗത്തെത്തുന്നതെന്ന് ആലോചിക്കണം. ചെയ്യുന്ന പണിക്ക് കൂലി ചോദിച്ചു എന്ന ഒറ്റക്കാരണത്തില്‍ ഒരു കലാകാരിയെ പൊതുസമൂഹത്തിന്റെ മുന്നില്‍ അപഹസിക്കുന്നത് ഒരു കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഭാഗമായ മന്ത്രിയാണ് എന്നതാണ് ഖേദകരം.
Content Highlights: Opinion On Minister V Sivankutty's Controversial Remark About The Actress