സ്‌കൂള്‍ അധ്യാപകന്‍ പിടിച്ചുവെച്ച ഫോണ്‍ തിരിച്ചുതന്നില്ലെങ്കില്‍ സ്‌കൂളിന് പുറത്തുവെച്ച് കൊന്നുകളയുമെന്ന്, ഒരു അധ്യാപകനെ നോക്കി, പതിനെട്ട് വയസ് പോലും തികയാത്ത ഒരു വിദ്യാര്‍ത്ഥി പറയുമ്പോള്‍ ആര്‍ക്കായാലും ഒരു ഞെട്ടല്‍ ഉണ്ടായേക്കാം. ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന പാലക്കാട് നിന്നുള്ള ആ വീഡിയോയിലുള്ള അധ്യാപകര്‍ക്കും സംഭവ സമയത്ത് ഭയപ്പെടുത്തുന്ന ഞെട്ടല്‍ അനുഭവപ്പെട്ടിരിക്കും. ആ വീഡിയോ കണ്ടവര്‍ക്കെല്ലാം ഞെട്ടലിനൊപ്പം കടുത്ത അമര്‍ഷവും രോഷവും ഭീതിയുമൊക്കെ തോന്നിയെന്നിരിക്കാം.
എന്നാല്‍ ആ അമര്‍ഷത്തിന്റെ നിമിഷങ്ങള്‍ക്ക് ശേഷമെങ്കിലും നമ്മുടെ മനസ്സില്‍ വരേണ്ട ചോദ്യം, എന്തുകൊണ്ടായിരിക്കും ഈ കുട്ടി ഇങ്ങനെ പെരുമാറിയത് എന്നല്ലേ, അതെങ്ങനെ തിരുത്താനാകും എന്നല്ലേ ?
എന്നാല്‍ വ്യാപകമായി പ്രചരിക്കപ്പെടുന്ന ആ വീഡിയോയ്ക്ക് കീഴില്‍ നടക്കുന്ന ആള്‍ക്കൂട്ട മുറവിളികള്‍ ആ കുട്ടിയില്‍ നിന്നുണ്ടായ പ്രവര്‍ത്തിയേക്കാള്‍ ഭയപ്പെടുത്തുന്നതാണ്. കുട്ടി ലഹരിക്കടിമയാണെന്നും, പിടിച്ച് ജയിലിലിടണമെന്നും, തല്ലിക്കൊല്ലണമെന്നുമൊക്കെ കമന്റിടുന്നവര്‍, ഗൗരവമായി നാം കാണേണ്ട ഒരു വിഷയത്തെ കൂടുതല്‍ വഷളാക്കി മാറ്റുകയാണ്.
വീഡിയോക്ക് താഴെ പലരും കമന്റുകളില്‍ പറയുന്ന പരിഹാരം തല്ലി ശരിയാക്കണം എന്നാണ്. എന്തൊരു വിരോധാഭാസമാണല്ലേ. വാക്കുകളില്‍ തെറ്റായ ആക്രമോണുത്സകത കാണിച്ച ഒരു കുട്ടിയെ, (കുട്ടി എന്നതിന് ഇവിടെ പ്രധാന്യമുണ്ട്) നന്നാക്കാന്‍ പലപ്പോഴും സമൂഹം കാണുന്ന വഴി തല്ലിശരിയാക്കലാണ്. പഴയ കാലത്തെ ശിക്ഷാരീതികളിലേക്ക്, പറ്റിയാല്‍ ചാക്കോ മാഷിന്റെ ലൈനിലേക്ക് അധ്യാപകര്‍ തിരിച്ചുവരണമെന്നാണ് പലരുടെയും അഭിപ്രായം.
അത്തരം രീതികളുടെ ദുരനുഭവങ്ങള്‍ മൂലം സ്‌കൂള്‍ ജീവിതം നരകമായി തീര്‍ന്ന, പഠനം പോലും ഉപേക്ഷിക്കേണ്ടി വന്നവരുടെ എണ്ണം ഏറെയാണെന്ന് സമീപകാലങ്ങളില്‍ വിദ്യാഭ്യാസ മേഖലയില്‍ നടന്നിട്ടുള്ള നിരവധിയായ പഠനങ്ങളും ചര്‍ച്ചകളും തുറന്നുകാണിച്ചിട്ടുണ്ട്. ആവശ്യത്തിന് അടി കിട്ടാതെ പോയവരല്ല, ആവശ്യത്തിനും അനാവശ്യത്തിനും ക്രൂരമായ ശിക്ഷകള്‍ക്കും അവഗണനയ്ക്കും ഇരയായവരാണ് പിന്നീട് പലപ്പോഴും ഭയപ്പെടുത്തുന്ന ആന്റി സോഷ്യലുകളായി മാറിയിട്ടുള്ളതെന്ന് ഏത് രാജ്യത്തെയും കണക്കുകള്‍ കാണിച്ചുതരും.
ഇനി ഇപ്പോഴത്തെ വിഷയത്തിലേക്ക് വന്ന് കഴിഞ്ഞാല്‍, ആ വിദ്യാര്‍ത്ഥിയില്‍ മാറ്റമുണ്ടാവുക എന്ന ആത്യന്തിക ലക്ഷ്യത്തിന് ഉതകുന്ന രീതികളെ കുറിച്ച് നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. തന്റെ ഭാഗത്ത് വന്ന പിഴവാണെന്ന് കുട്ടി ഏറ്റുപറഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു സംസാരം, കൊലവിളി ഭീഷണി ഈ വിദ്യാര്‍ത്ഥിയുടെ ഭാഗത്തുനിന്നുമുണ്ടായി എന്ന് കണ്ടെത്തി അതിന് പരിഹാരം കാണുകയാണ് ഈ ഘട്ടത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന കണ്‍സ്ട്രക്ടീവ് ആക്ഷന്‍.
തങ്ങളുടെ വിദ്യാഭ്യാസ കാലത്ത് കണ്ടും അനുഭവിച്ചും വന്ന ചൂരല്‍ പ്രയോഗവും, അതിലും കൂടിയ മറ്റ് പല പ്രയോഗങ്ങളും നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പുതിയ കറക്ഷന്‍, ഡിസിപ്ലിനറി രീതികളുമായാണ് ഭൂരിഭാഗം അധ്യാപകരും ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ എത്തുന്നത്. പക്ഷെ അപ്പോഴും തികച്ചും അപ്രതീക്ഷിതമായ രീതിയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വരുന്ന പ്രതികരണങ്ങളെ നേരിടാന്‍ പല അധ്യാപകര്‍ക്കും കഴിയാറില്ല. പഴഞ്ചന്‍ ശിക്ഷാരീതികളോ, കുറ്റക്കാരനായ വിദ്യാര്‍ത്ഥിയെ പൂര്‍ണമായും മാറ്റിനിര്‍ത്തുകയോ തുടങ്ങിയവയിലേക്ക് തന്നെയാണ് പലരും ഇന്നും മടങ്ങുന്നത്.
വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി കൃത്യമായ ഇടപെടലുകള്‍ നടത്തുന്ന ഒരുപാട് അധ്യാപകര്‍ ഉണ്ടെന്നത് കാണാതെയല്ല ഇതു പറയുന്നത്. പക്ഷെ ഇത്തരം സാഹചര്യങ്ങളില്‍ സ്‌കൂള്‍ കൗണ്‍സിലേഴ്‌സിന് കൂടുതല്‍ മികച്ച ഇടപെടല്‍ നടത്താന്‍ കഴിയും. കുടുംബസാഹചര്യവും കുട്ടികള്‍ നേരിടുന്ന മറ്റ് പല പ്രശ്ങ്ങളും മനസിലാക്കി, കൃത്യമായ കാര്യകാരണങ്ങള്‍ കണ്ടെത്തി ഇടപെടാന്‍ അവര്‍ക്ക് സാധിക്കും. അധ്യാപകരും മാതാപിതാക്കളുമെല്ലാം ഉള്‍പ്പെടുന്ന ഇക്കോസിസ്റ്റത്തിലൂടെയായിരിക്കും ഇതിനുള്ള പരിഹാരമെന്നത് തീര്‍ച്ചയാണ്.
കൊല്ലുമെന്ന് പറയുന്ന വിദ്യാര്‍ത്ഥിയോട് തിരിച്ചൊന്നും പറയാതെ, ഒരു നടപടിയും സ്വീകരിക്കാതെ അധ്യാപകര്‍ നോക്കിനില്‍ക്കണോ എന്ന് ചോദിക്കുന്നവരുണ്ട്. ചൂരല്‍ പ്രയോഗം പോലുള്ള ശിക്ഷാരീതികള്‍ വേണ്ട എന്ന് പറയുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം പാടില്ലെന്നോ അവരെ ഒരു രീതിയിലും തിരുത്തരുതെന്നോ അല്ല അര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ തിരുത്ത് സാധ്യമാകുന്ന രീതികളാകണം പ്രയോഗിക്കേണ്ടത് എന്നാണ് ഇന്നത്തെ കാലം ആവശ്യപ്പെടുന്നത്. മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന തെറ്റായ ആക്ഷനെ, അതിനു പ്രേരിപ്പിച്ച ഘടകത്തെ കണ്ടെത്തി തിരുത്താനുള്ള സെന്‍സിബിലിറ്റിയും സാവകാശവും കൂടി പ്രയോഗിക്കണം.
ഒരു കുട്ടിയുടെ വളര്‍ച്ചയുടെ പരിപൂര്‍ണ ഉത്തരവാദിത്തം സ്‌കൂളിനല്ല, അതില്‍ ഏറ്റവും പ്രധാന പങ്ക് കുടുംബങ്ങള്‍ക്ക് തന്നെയാണ്. ഞങ്ങളുടെ മക്കളെ നന്നാക്കാനല്ലേ സ്‌കൂളിലേക്ക് വിടുന്നത് എന്ന് ചോദിച്ച് കയ്യൊഴിയുന്ന മാതാപിതാക്കളെ കുറിച്ച് പല അധ്യാപകരും നിസഹായതയോടെ പറയുന്നത് കേട്ടിട്ടുണ്ട്. ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തില്‍ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമെല്ലാം ചേര്‍ന്ന കുടുംബം എന്ന സിസ്റ്റത്തിന്റെ റോള്‍ എത്ര വലുതാണെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിക്കുന്ന പല തെറ്റായ പെരുമാറ്റരീതികള്‍ക്കും പിന്നിലെ കാരണം ചികഞ്ഞാല്‍ അതില്‍ കുടുംബത്തിലെ പ്രശ്ങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. അതുകൊണ്ട് തന്നെ ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ ആവശ്യമായ മാറ്റങ്ങളുടെ ഉത്തരവാദിത്തം സ്‌കൂളുകള്‍ക്ക് മാത്രമല്ല, കുടുംബത്തിനും ഉണ്ട്.
ഈ കുട്ടി അധ്യാപകനെ ആക്രമിച്ചിരുന്നെങ്കിലോ എന്നൊരു ചോദ്യം പലര്‍ക്കും വന്നേക്കാം. അങ്ങനെ സംഭവിച്ചാലും അവിടെയും ഉത്തരം ഇപ്പറഞ്ഞതൊക്ക തന്നെയാണ്. കുട്ടികളുടെ കാര്യത്തില്‍ സമൂഹത്തിലെ ഓരോ സോഷ്യലൈസിങ് ഏജന്‍സികള്‍ക്കും വലിയ പങ്കുണ്ട്. അവരുടെ സ്വാഭാവരൂപീകരണത്തില്‍ സ്‌കൂളിനും വീടിനും മാധ്യമങ്ങള്‍ക്കും സിനിമയ്ക്കും സാഹിത്യത്തിനും സര്‍ക്കാരിനും തുടങ്ങി സമൂഹത്തിന്റെ എല്ലാ തലങ്ങള്‍ക്കും പ്രധാന റോള്‍ തന്നെയാണ് വഹിക്കാനുള്ളത്.
മറ്റൊരു കാര്യം കൂടി, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ഉണ്ടാക്കുന്ന പ്രത്യാഘാതമാണ്. ഭീഷണിയുയര്‍ത്തുന്ന വീഡിയോ ഒരു തെളിവായി സൂക്ഷിച്ചുവെക്കുന്നതും പൊലീസ് പരാതിക്കൊപ്പം നല്‍കേണ്ടതും ആവശ്യമാണെന്ന് കരുതിയാല്‍ പോലും അത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതില്‍ ശരിയായി ഒന്നുമില്ല. തിരുത്തിന് ആ വിദ്യാര്‍ത്ഥി തയ്യാറായാലും, ഒരിക്കലും തിരുത്തപ്പെടാത്ത തെറ്റായി കാലാകാലങ്ങളോളം ആ വീഡിയോ പ്രചരിച്ചുകൊണ്ടേയിരിക്കും, ജീവിതത്തിലുടനീളം അവനെ വേട്ടയാടും എന്ന ക്രൂരമായ യാഥാര്‍ത്ഥ്യം കൂടി അവിടെയുണ്ട്.
Content Highlights: Opinion on video of student threatening teacher over a phone in Palakkad school