തരൂർ പറഞ്ഞതിൽ പ്രകോപിതരാകണോ? കണക്കുകൾ കള്ളം പറയില്ലല്ലോ...

എന്തായിരുന്നു തരൂര്‍ ഉദ്ധരിച്ച റിപ്പോര്‍ട്ടുകളും ഡാറ്റയും എന്ന് നോക്കാം

dot image

നിലപാടുകളുടെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വവും തരൂരും തമ്മില്‍ ഇടയുന്നത് ഇതാദ്യമായല്ല. പലപ്പോഴും കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരെ നിന്നുകൊണ്ട് മാത്രമാണ് തരൂര്‍ ഒരു ചേരിയായത്. അന്നും ഇന്നും അതെ. ഇപ്പോളിതാ കേരളത്തിന്റെ വ്യാവസായിക പുരോഗതിയെ പുകഴ്ത്തി, കോണ്‍ഗ്രസിനുള്ളില്‍ ഒരു വലിയ രാഷ്ട്രീയബോംബ് പൊട്ടിച്ചിരിക്കുകയാണ് തരൂര്‍. തരൂരിനെ തള്ളിയും വിമര്‍ശിച്ചും നേതാക്കള്‍ രംഗത്തെത്തി, സംസ്ഥാനം എവിടെയുമെത്തിയിട്ടില്ല എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആണയിട്ടുപറഞ്ഞെങ്കിലും, 'ഡാറ്റ' ഒരിക്കലും കള്ളം പറയില്ലല്ലോ. എന്തായിരുന്നു തരൂര്‍ ഉദ്ധരിച്ച റിപ്പോര്‍ട്ടുകളും ഡാറ്റയും എന്ന് നോക്കാം.

സംസ്ഥാനത്തെ വ്യാവസായികാന്തരീക്ഷത്തെക്കുറിച്ച് വിശദീകരിക്കാന്‍ തരൂര്‍ സൂചിപ്പിച്ച കണക്കുകള്‍ എന്തായാലും നുണയല്ല. അതില്‍ ആദ്യത്തെ കണക്ക് 2024 ലെ Global Startup Ecosystem report ആണ്. റിപ്പോര്‍ട്ട് പ്രകാരം കേരളം നിലവില്‍ ഒരുപടി മുന്നില്‍ തന്നെയാണ്. തമിഴ്‌നാടിനും തെലങ്കാനയ്ക്കും കര്‍ണാടകയ്ക്കുമെല്ലാം മുകളിലാണ് നമ്മള്‍. ആഗോള വളര്‍ച്ചയുടെ ശരാശരിയേക്കാൾ അഞ്ചുമടങ്ങ് കൂടുതലാണ് കേരളത്തിന്റെ വ്യാവസായിക വളര്‍ച്ച എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കണക്ക് ഇങ്ങനെയാണ്, ആഗോള വ്യാവസായിക വളര്‍ച്ചയുടെ ശരാശരി എന്നത് 46 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ നിലവില്‍ വ്യവസായ വളര്‍ച്ചയുടെ നിരക്ക് ആഗോള ശരാശരിയുടെ അഞ്ചിരട്ടി, 254 ശതമാനം. 2016ന് ശേഷം 5600 കോടിയുടെ നിക്ഷേപമാണ് സ്റ്റാര്‍ട്ടപ്പുകളിലൂടെ മാത്രം സംസ്ഥാനത്തേക്ക് വന്നതെന്നും ഈ റിപ്പോര്‍ട്ട് പറയുന്നുണ്ട്. 4.5 മില്യണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും, മുന്നൂറോളം സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റങ്ങളില്‍ നിന്നുമുള്ള കണക്കുകള്‍ ശേഖരിച്ച ശേഷമാണ് ആ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

ചുരുക്കിപ്പറഞ്ഞാല്‍ കമ്പനികളുമായി ഒരുവിധം നേരിട്ട് ബന്ധപ്പെട്ട് എടുത്ത ഡാറ്റ. ഇതേ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ്, നിക്ഷേപാന്തരീക്ഷത്തെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനേയും പരാമര്‍ശിക്കുന്നുണ്ട്. ആ ഡാറ്റയുടെ ആധികാരികതയെ അല്ലെ 'എന്ത് ഡാറ്റ' എന്ന ചോദ്യത്തിലൂടെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്?

തരൂര്‍ പറയുന്ന മറ്റൊരു കണക്ക് ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെതാണ്. മുന്‍കാലത്ത് ഈ പട്ടികയില്‍ നമ്മുടെ ഇടം 28ാം സ്ഥാനത്തായിരുന്നു, എന്നാല്‍ 2024ലെ കണക്ക് വരുമ്പോള്‍ നമ്മള്‍ ഒന്നാമതാണ്. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് പ്രസിദ്ധീകരിച്ച കണക്കാണത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരാണ് എന്നതും ഓര്‍ക്കണം. ഏഴ് പൗരകേന്ദ്രീകൃത പരിഷ്‌ക്കാരങ്ങളും രണ്ട് തരം ബിസിനസ് കേന്ദ്രീകൃത പരിഷ്‌ക്കാരങ്ങളും ചേര്‍ത്ത് 9 പോയിന്റ് കരസ്ഥമാക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്.

ഈ നേട്ടത്തില്‍ രാഷ്ട്രീയ ഭേദമന്യേ അഭിമാനിക്കേണ്ടതല്ലേ? രണ്ട് മിനുട്ടില്‍ ബിസിനസ് തുടങ്ങാമെന്ന വ്യവസായ മന്ത്രിയുടെ പ്രസ്താവനയെ കുറ്റം പറഞ്ഞുകൊണ്ട് മാത്രം പ്രതിപക്ഷം നേട്ടങ്ങളെ പൂര്‍ണമായും തള്ളിക്കളയണോ?

കേരളത്തില്‍ത്തന്നെ പ്രശസ്തരായ വ്യവസായ പ്രമുഖര്‍ സംസ്ഥാനത്തെ ബിസിനസ് അന്തരീക്ഷത്തെ പുകഴ്ത്തുന്നത് നമ്മള്‍ സ്ഥിരം കാണുന്നതല്ലേ. കല്യാണ്‍ ഗ്രൂപ്പ് ഉടമ ടി എസ് കല്യാണരാമന്‍, ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ സി ബാലഗോപാല്‍, ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ സന്തോഷ് ഐയറിന്റെയുമെല്ലാം വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളിലുണ്ട്. അതിനെ അവിശ്വസിക്കേണ്ട കാര്യമുണ്ടോ?

കോണ്‍ഗ്രസിലെ തന്നെ ഏറ്റവും എലൈറ്റ് ഇമേജുള്ള ഒരു നേതാവാണ് തരൂര്‍. അക്കാദമിക സമൂഹത്തിനിടയില്‍പ്പോലും വലിയ സ്വീകാര്യതയുള്ള രാഷ്ട്രീയനേതാവ്. അദ്ദേഹം തന്നെ ഡാറ്റ വെച്ചാണ് ഇക്കാര്യങ്ങള്‍ താന്‍ പറഞ്ഞതെന്ന് പറയുമ്പോള്‍, അതേത് ഡാറ്റ എന്ന് ചോദിക്കുന്നവര്‍ കേരളം എന്ന നമ്മുടെ സംസ്ഥാനം നേടിയ കുതിപ്പുകളെ വിസ്മരിക്കുന്നതിന് തുല്യമല്ലേ. എല്ലാ അവഗണനകള്‍ക്കിടയിലും സാമ്പത്തികമായ ഞെരുക്കങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമിടയിലും നമ്മുടെ നാട് ഇത്തരം നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍, കക്ഷിരാഷ്ട്രീയ വൈരം മറന്ന് നാം ഒരുമിച്ച് അഭിമാനിക്കുകയല്ലേ വേണ്ടത്. കണക്ക് എന്തായാലും കള്ളം പറയില്ലല്ലോ…

Content Highlights: Keralas Growth is true, why should politicians refrain from admitting that

dot image
To advertise here,contact us
dot image