സൂക്ഷിച്ചില്ലെങ്കിൽ 'ലിങ്ക്ഡ്ഇൻ' വഴിയും പണികിട്ടും; പണവും പോകും സ്വകാര്യ വിവരങ്ങളും ചോരും, മുന്നറിയിപ്പ്

സോഷ്യൽ മീഡിയ അപ്പുകളെയാണ് തട്ടിപ്പുകാർ ആശ്രയിച്ചിരുന്നതെങ്കിൽ ഇപ്പോൾ 'ലിങ്ക്ഡ്ഇന്നി'ലും ഇവർ പിടിമുറുക്കിയിട്ടുണ്ട്

dot image

ഓൺലൈൻ തട്ടിപ്പുകൾ പലവിധത്തിലാണ് ഇക്കാലത്ത് നടക്കുന്നത്. നമ്മൾ പോലുമറിയാതെ, നമ്മുടെ വിരൽത്തുമ്പിലൂടെയാണ് പണവും മറ്റും അപഹരിക്കപ്പെടുന്നത്. വ്യക്തിപരമായ വിവരങ്ങളാണ് ചോരുന്നതെങ്കിൽ പിന്നെ പറയണ്ട. പൊലീസും ഭരണകൂടവും പല തവണ മുന്നറിയിപ്പ് നൽകിയാലും ചിലർ തട്ടിപ്പിൽ നിരന്തരം പെട്ടുകൊണ്ടേയിരിക്കും. തട്ടിപ്പുകാരെ പിടിച്ചാലും പല രൂപത്തിൽ പല ഭാവത്തിൽ അവർ വീണ്ടും പൊന്തിവരും. തട്ടിപ്പിനായി പുതിയ പ്രതലങ്ങൾ കണ്ടുപിടിക്കും.

സാധാരണയായി വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ അപ്പുകളെയാണ് തട്ടിപ്പുകാർ ആശ്രയിക്കുന്നതെങ്കിൽ ഇപ്പോൾ ജോലി തിരയുന്ന പ്ലാറ്റ്‌ഫോമായ 'ലിങ്ക്ഡ്ഇന്നി'ലും ഇവർ പിടിമുറുക്കിയിട്ടുണ്ടത്രെ. ജോലി തിരയുന്ന പ്രൊഫഷണലുകളെയാണ് ഇവർ പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്. വെബ്‌ 3, ക്രിപ്റ്റോകറൻസി മേഖലകളിൽ സാധ്യതകൾ തേടുന്നവരാണ് ഇവരുടെ ഇരകൾ.

'ബ്ളീപിങ് കമ്പ്യൂട്ടർ' പുറത്തുവിട്ട റിപ്പോർട്ടിലാണ് സൈബർ ക്രിമിനലുകൾ ലിങ്ക്ഡ് ഇന്നും തട്ടിപ്പിനുപയോഗിക്കുന്നുവെന്ന വെളിപ്പെടുത്തലുകളുള്ളത്. തട്ടിപ്പുകാർ ജോലി ഒഴിവുകൾ ലിങ്ക്ഡ്ഇന്നിൽ ആദ്യം പോസ്റ്റ് ചെയ്യും. തുടർന്ന് ജോലി ആവശ്യമുള്ളവർ ബന്ധപ്പെടുമ്പോൾ ഗ്രാസ്കോൾ എന്ന വീഡിയോ കോൾ ആപ്പ് ഡൗൺലോഡ് ചെയ്യാനും. വീഡിയോ കോളിൽ വരാനും ആവശ്യപ്പെടും. എന്നാൽ അത് ചതിയാണ്. ഇതിലൂടെ നമ്മുടെ ഫോണുകളിലേക്കോ സിസ്റ്റത്തിലേക്കോ ആക്സസ് ലഭിക്കുന്ന മുറയ്ക്ക് തട്ടിപ്പുകാർ നമ്മുടെ എല്ലാ വിവരങ്ങളും ചോർത്തും.

വ്യക്തിപരമായ വിവരങ്ങൾ, ബാങ്ക് ഡീറ്റയിൽസ് തുടങ്ങിയവയാണ് ചോർത്തപ്പെടുക. ഇതുവരെയ്ക്കും നൂറ് കണക്കിന് ആളുകളെ സംഘം പറ്റിച്ചതായും, അവരുടെയെല്ലാം പണം നഷ്ടപ്പെട്ടതായുമാണ് വിവരം. മാക്, വിൻഡോസ് സിസ്റ്റങ്ങളെയും ബാധിക്കാവുന്നതാണ് ഈ ഗ്രാസ്കോൾ എന്ന 'മാൽവെയർ'.

'ക്രേസി ഈവിൾ' എന്ന റഷ്യൻ സൈബർ ക്രൈം സംഘമാണ് ഈ തട്ടിപ്പിന് പിന്നിൽ. ആരും കേട്ടിട്ടുപോലുമില്ലാത്ത സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യിച്ച്, ഡിവൈസുകളിലൂടെ ആക്രമണം നടത്തുക എന്നതാണ് ഇവരുടെ രീതി. 'ക്രേസി ഈവിളി'ലെ തന്നെ മറ്റൊരു ഗ്രൂപ്പ് ആയ 'കെവ്‌ലാൻഡ്' ആണ് ഇവ ഓപ്പറേറ്റ് ചെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്.

ലിങ്ക്ഡ്ഇൻ, വെൽഫൗണ്ട്, ക്രിപ്റ്റോ ജോബ്സ് ലിസ്റ്റ് എന്ന പ്ലാറ്റ്‌ഫോമുകളിൽ വ്യാജ ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇവർ തട്ടിപ്പ് ആരംഭിക്കുക. 'ചെയിൻസീക്കർ' എന്ന വ്യാജ കമ്പനിയുടെ പേരിലാണ് ഇവരുടെ പ്രവർത്തനം. ആളുകളെ വിശ്വസിപ്പിക്കാനായി എക്സ് അക്കൗണ്ട്, വെബ്‌സൈറ്റ് പോലുളള എല്ലാ സന്നാഹങ്ങളും ഇവർ ഒരുക്കിയിരിക്കും. തുടർന്ന് ജോലി അപ്ലിക്കേഷനുകൾ ലഭിച്ചാൽ ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാനായി ആളുകൾക്ക് ഇമെയിൽ സന്ദേശം ലഭിക്കും. തുടർന്ന് ഇന്റർവ്യൂവിനിടയിൽ ഗ്രാസ്കോൾ എന്ന ആപ്പ് ഡൌൺലോഡ് ചെയാൻ ആവശ്യപ്പെടും.

ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടാൽ സകല വിവരങ്ങളും ചോരും. വ്യക്തിപരമായ വിവരങ്ങൾ, ക്രിപ്റ്റോയുമായി ബന്ധപ്പെട്ട വിവരങ്ങൾ, പാസ്സ്‌വേർഡുകൾ, എല്ലാം ചോരും. ഇങ്ങനെ ഉദ്യോഗാർത്ഥി പെടുകയും ചെയ്യും. അതിനാൽ തന്നെ പരിചയമില്ലാത്ത ആപ്പുകൾ, സോഫ്റ്റ്‌വെയറുകൾ എന്നിവ ഇൻസ്റ്റാൾ ചെയ്യരുത് എന്നാണ് മുന്നറിയിപ്പുള്ളത്.


Content Highlights: Scammers using Linkedin for targeting people

dot image
To advertise here,contact us
dot image