ചരിത്രത്തെ ഉടച്ച് ഭാവിയെ നിർമ്മിച്ച പ്രവാചകൻ; വായനക്കാർ ഉയിർത്തെഴുന്നേൽപ്പിക്കേണ്ട ഒ വി വിജയൻ

ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ ചതുരംഗ പലകയെ അരനൂറ്റാണ്ട് മുമ്പ് അക്ഷരങ്ങളിൽ വരച്ചുവെച്ച ഒ വി വിജയനെയാണ് ഇനി വായനക്കാർ ഉയിർത്തെഴുന്നേൽപ്പിക്കേണ്ടത്

ദൃശ്യ ഷൈൻ
4 min read|30 Mar 2025, 11:58 am
dot image

മലയാളസാഹിത്യത്തെ, ഇന്ത്യൻ രാഷ്ട്രീയത്തെ, ഒരു ജീനിയസിൻ്റെ ദീർഘവീക്ഷണത്തോടെ പ്രവചിച്ച അസാമാന്യ പ്രതിഭയായിരുന്നു ഒ വി വിജയൻ. തീപിടിച്ച തൻ്റെ ചിന്തകൾക്ക് വിരാമമിട്ട് എഴുത്തിൻ്റെ ലോകത്തുനിന്നും അദ്ദേഹം പടിയിറങ്ങിയിട്ട് രണ്ടു ദശാബ്ദം പിന്നിടുന്നു.

ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവലിൽ മാത്രം തളച്ചിട്ട് ഒ വി വിജയൻ എന്ന രാഷ്ട്രീയ ചിന്തകനെ മറക്കാൻ പഠിപ്പിച്ച എഴുത്തിൻ്റെ വഴികളിലൂടെയല്ല ഒ വി വിജയൻ എന്ന സാഹിത്യപ്രതിഭ ഇനിയുള്ള കാലം ഓർമിക്കപ്പെടേണ്ടത്. വ്യക്തവും ശക്തവുമായ ചരിത്ര ബോധ്യങ്ങളിൽ വേരൂന്നി അദ്ദേഹം എഴുതിവെച്ച ആശയങ്ങളിലൂടെ, ചരിത്രത്തെ ഉടച്ച് ഇന്ത്യയുടെ രാഷ്ട്രീയ അകത്തളങ്ങളിലേക്ക് കടന്നുചെന്ന് ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ ചതുരംഗ പലകയെ അരനൂറ്റാണ്ട് മുമ്പ് അക്ഷരങ്ങളിൽ വരച്ചുവെച്ച ഒ വി വിജയനെയാണ് ഇനി വായനക്കാർ ഉയിർത്തെഴുന്നേൽപ്പിക്കേണ്ടത്.

പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായിരുന്ന ആ സർഗ്ഗ പ്രതിഭയുടെ ലേഖനങ്ങളിലെ പ്രവചനാത്മകത കാലാതിവർത്തിയായി ഇന്നും നിലകൊള്ളുന്നു. ജാതി, ദൈവം, യുദ്ധം എന്നിവ വരുത്തിവെയ്ക്കുന്ന യുക്തിരാഹിത്യത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും അസാമാന്യ പാടവത്തോടെ അന്വേഷിച്ച എഴുത്തുകാരനായിരുന്നു ഒ വി വിജയൻ.

ഇന്ത്യൻ രാഷ്ട്രീയം ഞാണിന്മേൽ കളിയുടെ ചരിത്രമാണ്. ഇന്നുവരെ ഇന്ത്യയിൽ രാഷ്ട്രീയം കച്ചവടമാണ്. മൂല്യങ്ങളോ കീഴ്വഴക്കങ്ങളോ ഇല്ലാത്ത കച്ചവടം. 'കേരളത്തിലെ ജാതി രാഷ്ട്രീയത്തിന്റെ ദേശീയപതിപ്പ് അല്ല ഹിന്ദി ഹൃദയ ഭൂമിയിലെ ഹൈന്ദവ രാഷ്ട്രീയം. വിഭജനത്തിന്റെ അനുഭവങ്ങളിൽ ഭീതികളിൽ വേരൂന്നിയാണ് അത് അധഃപതിച്ച് പോകുന്നത്. അതിനെ കൂടുതൽ അന്ധവും അസംബന്ധപൂർണമാക്കാൻ നാം സഹായിക്കരുത്. ജനാധിപത്യത്തിലേക്ക് തിരിഞ്ഞുനോക്കുന്ന മിതവാദികളും അസഹിഷ്ണുത ഉൾക്കൊള്ളുന്ന വരട്ടു വാദികളും ഒന്നിനെ മറ്റൊന്നിൽ നിന്ന് അകറ്റാൻ നമ്മൾ സഹായിക്കണം', എന്നു ദശാബ്ദങ്ങൾക്കു മുൻപ് വിളിച്ചു പറയാൻ ആർജവം കാണിച്ച എഴുത്തുകാരനാണ് ഒ വി വിജയൻ.

ദേശീയ പ്രസ്ഥാനം കുടുംബജീവിതമായി ചുരുങ്ങിയാൽ അധികാരത്തിന്റെ അടിത്തട്ടും മേൽപ്പുരയും ചുരുങ്ങുമെന്നും
ഈ ചുരുങ്ങിയ മേൽതട്ടിനെ ഏത് ശക്തിക്കും ഇഷ്ടംപോലെ സ്വാധീനിക്കാൻ വിഷമമില്ലെന്നും ഭരണാധികാരിയും കുറ്റവാളിയും ഒന്നായി തീരുമ്പോൾ രാഷ്ട്ര നീതിയുടെയും ദേശഭക്തിയുടെയും തട്ടിപ്പുകൾ ഏകഭാവം പൂണ്ട് സമൃദ്ധമായി മൂടപ്പെടുമെന്നും അദ്ദേഹം എഴുതി വച്ചു.

'ഒരു കമ്പ്യൂട്ടറിൻ്റെ പ്രോഗ്രാമിങ്ങ് പോലെയാണ് രാഷ്ട്രം, ഭദ്രത ,ദേശസ്നേഹം എന്നീ വാക്കുകൾ നമ്മുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്നത്.
ഭരണം സേവനമാണ്, പൊതുമുതലിന്റെ വർധനവിനും വിതരണത്തിനുമുള്ള, നിരന്തരപരീക്ഷണ സ്വഭാവമുള്ള, കാര്യസ്ഥത മാത്രമാണ്. രാഷ്ട്രീയം ഈ പരീക്ഷണങ്ങളുടെ ചർച്ചയും. രാഷ്ട്രത്തിന്റെ ഭദ്രത ഭരണാധിപന്മാരുടെ തുടർച്ചയും അവരുടെ കുടുംബങ്ങളുടെ ഭദ്രതയും രാഷ്ട്രത്തിൻ്റെ അസ്തിത്വവുമായി ബന്ധപ്പെടുമ്പോഴാണ് നാം രാജ്യവാഴ്ചയിലേക്കും സാമ്രാജ്യത്വത്തിലേക്കും വീണ്ടും വഴുതിവീഴുന്നത്. കാറിൽ നിന്നിറങ്ങാതെ, തേരിൽ നിന്നിറങ്ങാതെ, അംബാരിയിൽ നിന്നിറങ്ങാതെ, ചത്തുപോയവരുടെ സ്മാരകങ്ങളാണ് ഡല്‍ഹിയിലൂടനീളം'. ഗാന്ധിജിയെ ആധുനികതയുടെ എതിരാളിയായി ധരിക്കുന്ന നാം കാറിൽ നിന്നിറങ്ങാൻ വയ്യാത്ത ഭ്രാന്തിനും ചെറ്റത്തരത്തിനും കൂട്ടുനിൽക്കുകയാണെന്നും ഒരു രാഷ്ട്രത്തിന്റെ അസ്തിത്വം, പ്രസാദം, പ്രകാശം പൗരന്റെ പൂർണ്ണതയിലാണെന്നും ഒ വി വിജയൻ എത്രയോ മുൻപ് അടയാളപ്പെടുത്തിവെച്ചു.

'രാഷ്ട്രങ്ങളുടെ ജാതകങ്ങളിലേക്ക് എത്തിനോക്കാൻ നമുക്ക് കഴിയണം. ഭാരതത്തിൻ്റെ വിധി എന്താണാവോ. ആയിരമായിരം കൊല്ലങ്ങളിലൂടെ നിലനിന്നു പോന്ന ഒരു സാംസ്കാരിക വൻകര, ഒരാത്മ മണ്ഡലം , ഇതായിരുന്നു ഭാരതം. അതിൻ്റെ അതിരുകൾ സൈനികമായിരുന്നില്ല. എന്നാൽ ഇന്ത്യ എന്ന നേഷൻ സ്റ്റേറ്റിൻ്റെ അതിരുകൾ സൈനികമാണ്. ആ അതിരുകളുടെ സംരക്ഷണം രാഷ്ട്രീയവും. ഈ ഇടുങ്ങിയ ഇടപാടിൽ മുതലെടുപ്പും വെട്ടിപ്പും നടത്തി കാലം കഴിക്കുന്ന ഒരുപറ്റം പാരസൈറ്റുകൾ മാത്രമാണ് സ്വാതന്ത്ര്യത്തിനുശേഷം അധികാരം പിടിച്ചുപറ്റിയ രാഷ്ട്രീയ നേതൃത്വങ്ങൾ.'

ദേശീയത എന്ന സ്ഥാപനം ഭീമമായ മുതൽമുടക്കുള്ള ഒരു കുത്തക കച്ചവടമാണ്. അയോധ്യയിൽ നടക്കേണ്ടത് ഒരു പ്രശ്നം വയ്ക്കലാണ്, അഷ്ടമംഗല്യ പ്രശ്നം. 'ശ്രീരാമചന്ദ്രാ, അനേകലക്ഷം വർഷങ്ങൾക്കു മുമ്പ് അങ്ങ് ജനിച്ചത് ഇവിടെ തന്നെയാണോ എന്ന് ചോദിച്ചാൽ, 'മറന്നുപോയി' എന്ന് അവതാര പുരുഷൻ മറുപടി പറഞ്ഞെന്ന് വരും. 'ഞങ്ങൾ തകർത്ത മസ്ജിദിൻ്റെ അകത്ത് നാട്ടിയ വിഗ്രഹത്തിലേക്കു പ്രവേശിക്കാമോ എന്ന് ചോദിച്ചാൽ ഒരുപക്ഷേ ഇങ്ങനെ മറുപടി പറഞ്ഞേക്കും, 'വയ്യേ ,വയ്യ! സംഘപരിവാരത്തോട് വിനീതനായി ഞാൻ ചോദിക്കുന്നു, ഒരു അഷ്ടമംഗല്യ പ്രശ്നം വച്ചു കഴിഞ്ഞിട്ട് പോരെ ആന്ദോളനവും കലാപവും? ', എന്ന് ചങ്കൂറ്റത്തോടെ ചോദിച്ച ഒ വി വിജയനെ നാം എവിടെയാണ് അടയാളപ്പെടുത്തിവെച്ചത്?

വ്യാജ രാഷ്ട്രീയത്തിൽ നിന്നും സംഘടിത മതങ്ങളിൽ നിന്നും നമുക്കുള്ള രക്ഷാമാർഗ്ഗം എല്ലാ മതങ്ങളിലെയും സ്നേഹത്തിൻ്റെ കഥ പിഞ്ചു പൈതങ്ങളിലേക്ക് പകർന്നുകൊടുക്കലാണ്. ഈ ശിക്ഷണം ജീവൻ്റെ കമ്പ്യൂട്ടറിനെ പ്രവർത്തനക്ഷമമാക്കും. ചരിത്രത്തിൻ്റെ മഹാ ഭ്രാന്തുകളിൽ നിന്ന് നമുക്കുള്ള രക്ഷാമാർഗം സൗമ്യമായ സ്നേഹം നിറഞ്ഞ മതപഠനമാണ് എന്നുപറഞ്ഞ് ചരിത്രത്തെ ഉടച്ചു വാർത്ത് ഭാവിയെ പ്രതിഷ്ഠിച്ച ആ മഹാമനീഷി, മാനവചിന്തകൾക്ക് തീ പടർത്തി അക്ഷരങ്ങളിലൂടെ അമരനായി ഇനിയുള്ള കാലം വിരാജിക്കട്ടെ.

Content Highlights: Remembering OV Vijayan, writer who took historicsl interpretation to next level

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us