സസ്യലോകത്തെ 'മിന്നൽ മുരളി'യെ അറിയാമോ? 'ശല്യ'ക്കാരെ ഷോക്കടിപ്പിക്കുന്ന ഒരു 'മിന്നൽ മുരളി'?

സാധാരണ മരങ്ങളെല്ലാം മിന്നൽ പിണഞ്ഞ് കത്തി ചാരമാക്കുമ്പോൾ, ഈ 'മിടുക്കൻ' മിന്നലിനെ തൻ്റെ ഗുണത്തിനായി മാറ്റിയെടുക്കുന്നു!

സുരേഷ് കുട്ടി
1 min read|10 Apr 2025, 10:05 am
dot image

മിന്നൽ മുരളിയെ ഓർമ്മയില്ലേ? ഇടിമിന്നലേറ്റപ്പോഴേക്കും സൂപ്പർ പവറുകൾ കിട്ടിയ മിന്നൽ മുരളിയെ? സസ്യലോകത്തും ഉണ്ട് ഒരു 'മിന്നൽ മുരളി'. മധ്യ തെക്കേ അമേരിക്കൻ ഉഷ്ണമേഖലാ കാടുകളിലെ ടോങ്കാ ബീൻ മരമാണ് ഈ മിന്നൽ മുരളി. സാധാരണ മരങ്ങളെല്ലാം മിന്നൽ പിണഞ്ഞ് കത്തി ചാരമാക്കുമ്പോൾ, ഈ 'മിടുക്കൻ' മിന്നലിനെ തൻ്റെ ഗുണത്തിനായി മാറ്റിയെടുക്കുന്നു!

അതെങ്ങനെയാണെന്നല്ലേ, ടോങ്കാ ബീൻ മരത്തിന് മിന്നലിൽ നിന്നുള്ള കറൻ്റ് അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ശല്യക്കാരായ വള്ളിച്ചെടികളിലേക്ക് കൊടുത്ത് അവയെ കരണ്ടടിപ്പിച്ച് കൊല്ലാനുള്ള ഒരു പ്രത്യേക കഴിവുണ്ട്.

അപ്പോൾ എന്താകും അവസ്ഥ? ശല്യക്കാരായ വള്ളികൾ 'ഷോക്കടിച്ച്' വീണുപോകും ! നമ്മുടെ മിന്നൽ മുരളി വില്ലന്മാരെ ഇടിച്ചു വീഴ്ത്തുന്ന പോലെ തന്നെ!

അതുമാത്രമല്ല, ഈ ടോങ്കാ ബീൻ 'ഹീറോ' തൻ്റെ അടുത്തുള്ള മറ്റ് മരങ്ങളെയും സഹായിക്കുന്നുണ്ട്. ഈ മരം വളരെ ഉയരത്തിലേക്ക് വളരുന്നതുകൊണ്ട് മിന്നൽ വരുമ്പോൾ അവ ഒറ്റയ്ക്ക് ഏറ്റുവാങ്ങും. അപ്പോ അടുത്തുള്ള മറ്റ് മരങ്ങൾക്ക് പണിയൊന്നും കിട്ടില്ല ! ഒരു തരം മിന്നൽ പ്രതിരോധ ചാലകം.

'Dipteryx oleifera'; Courtesy: Melissa Watson

ന്യൂ ഫൈറോളജിസ്റ്റ് എന്ന ജേർണലിൽ വന്ന പഠനറിപ്പോർട്ടാണ് ഇവരുടെ ഈ വിദ്യ അനാവരണം ചെയ്തത്. 2014 മുതൽ 2019 വരെ പനാമയിലെ കാടുകളിൽ മിന്നലേറ്റ ഏകദേശം 100 മരങ്ങളെ ഇവർ പഠിച്ചു. അതിൽ പകുതിയിലധികം മരങ്ങളും മിന്നലിൽ ചത്തു. പക്ഷേ, 10 ടോങ്കാ ബീൻ മരങ്ങൾക്ക് മിന്നലേറ്റതിൽ കാര്യമായ ഡാമേജ് ഒന്നും ഉണ്ടായില്ല! എന്നാൽ അവയിൽ ചുറ്റിപ്പിടിച്ചിരുന്ന 78% വള്ളിച്ചെടികളും 'ഠേ'!.

ഇനി ഇതിലും വലിയ ട്വിസ്റ്റ് കേട്ടോളൂ. മിന്നലേറ്റ എല്ലാ ടോങ്കാ ബീൻ മരങ്ങളും രക്ഷപ്പെട്ടു! എന്നാൽ മറ്റ് മരങ്ങളിൽ 64%ത്തിന്റെയും കഥ രണ്ടുവർഷത്തിനുള്ളിൽ കഴിഞ്ഞു ! ഒരു സ്ഥലത്ത് ഒറ്റ മിന്നലിൽ 57 മരങ്ങൾ വീണു. പക്ഷേ നടുവിൽ തലയെടുപ്പോടെ നിന്ന ടോങ്കാ ബീൻ മാത്രം 'ഞാനൊന്നും അറിഞ്ഞില്ലേ' എന്ന ഭാവത്തിൽ നിന്നു!

നാല് പതിറ്റാണ്ടത്തെ മരങ്ങളുടെ കണക്കുകളുമായി ഒത്തുനോക്കിയപ്പോൾ, ടോങ്കാ ബീനാണ് ഈ കാട്ടിലെ ഏറ്റവും വലിയ 'മിന്നൽ പ്രതിരോധ താരം' എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു! എന്താ ഇതിൻ്റെ രഹസ്യം എന്നല്ലേ? ടോങ്കാ ബീൻ മരത്തിന് നല്ല 'ഇൻ്റേണൽ കണ്ടക്റ്റിവിറ്റി' ഉണ്ടത്രേ! അതായത്, മിന്നൽ വന്നാൽ ഒരു ചൂടും കൂടാതെ ഇതിലൂടെ അങ്ങ് പാഞ്ഞുപോവും!

സാധാരണയായി ഉഷ്ണമേഖലാ കാടുകളിൽ വലിയ മരങ്ങൾ ചാവുന്നതിൽ 40% വരെ കാരണം ഈ മിന്നലാണ്. പക്ഷേ, ടോങ്കാ ബീൻ മരത്തിന് ഇതൊരു വിഷയമേയല്ല! ഒരു വലിയ ടോങ്കാ ബീൻ മരം അതിൻ്റെ ജീവിതത്തിൽ അഞ്ചോ അതിലധികമോ തവണ മിന്നലേറ്റിട്ടുണ്ടാവാം എന്നാണ് കണക്ക്. ഓരോ തവണയും ശല്യക്കാരായ വള്ളികളും, മറ്റ് മരങ്ങളുമൊക്കെ തെളിഞ്ഞു കിട്ടും! ശരിക്കും പറഞ്ഞാൽ, ഈ മിന്നൽ ടോങ്കാ ബീൻ മരത്തിന് ഒരു 'ക്ലീനിംഗ് സർവീസ്' പോലെ!

ഏകദേശം 130 അടി വരെ ഉയരത്തിൽ വളരുന്ന ഈ ടോങ്കാ ബീൻ 'മുത്തശ്ശന്മാർ' നൂറുകണക്കിന് വർഷം ജീവിക്കും പോലും! ഈ മിന്നലുകൾ അവരുടെ ആയുസ്സ് കൂട്ടാനും സഹായിച്ചേക്കാം എന്നാണ് ഗവേഷകർ പറയുന്നത്. എന്തായാലും, സസ്യലോകത്തും ഒരു 'മിന്നൽ മുരളി' ഉണ്ടെന്നുള്ളത് രസകരമായ കാര്യമാണ് !

Content Highlights: Minnal Murali akas Lightning tree in between plants

dot image
To advertise here,contact us
dot image