മുതലാളിത്തത്തിൻ്റെ വിമർശകൻ; കമ്മ്യൂണിസ്റ്റ് എന്ന ചാപ്പയിൽ പതറാത്ത ഫ്രാൻസിസ് മാർപാപ്പ

ചെ​ഗുവേരയുടെ നാട്ടുകാരൻ കൂടിയായ ഫ്രാൻസിസ് മാർപാപ്പയുടെ ചിന്തകളിലും പല നിലപാടുകളിലും കമ്മ്യൂണിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും സ്വാധീനമുണ്ടെന്ന് വിലയിരുത്തലുകളുണ്ട്

dot image

'ഞാൻ സുവിശേഷത്തെ സാമൂഹ്യശാസ്ത്രപരമായ രീതിയിൽ മാത്രം കാണുന്നുവെങ്കിൽ, അതെ ഞാൻ ഒരു കമ്മ്യൂണിസ്റ്റാണ്, അങ്ങനെയെങ്കിൽ യേശുവും ആണ്'. ഒരു മാർപാപ്പയുടെ ഭാ​ഗത്ത് നിന്ന് ആരും പ്രതീക്ഷിക്കാത്തതാണ് ഇത്തരത്തിലൊരു പ്രതികരണം. എന്നാൽ ഇത്തരത്തിൽ വ്യവസ്ഥാപിതമായ എല്ലാ സങ്കൽപ്പങ്ങളെയും മാറ്റിമറിച്ച് വിശ്വാസത്തെ മാനവികതയുടെ ഏറ്റവും ഉദാത്തമായ ഭാവമായി സ്വയം ആവിഷ്കരിച്ച കത്തോലിക്കാ സഭാ അധ്യക്ഷൻ എന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ സവിശേഷത.

ചെ​ഗുവേരയുടെ നാട്ടുകാരൻ കൂടിയായ ഫ്രാൻസിസ് മാർപാപ്പയുടെ ചിന്തകളിലും പല നിലപാടുകളിലും കമ്മ്യൂണിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും സ്വാധീനമുണ്ടെന്ന് വിലയിരുത്തലുകളുണ്ട്. കമ്പോള മുതലാളിത്തെക്കുറിച്ചുള്ള മാർപാപ്പയുടെ രൂക്ഷമായ വിമർശനങ്ങൾ അമേരിക്കൻ വിരുദ്ധതയായി പോലും ഒരുഘട്ടത്തിൽ മുദ്രകുത്തപ്പെട്ടിരുന്നു. 'അമേരിക്ക ദ ജെസ്യൂട്ട് റിവ്യൂ' എന്ന മാ​ഗസിന് നൽകിയ ഇന്റർവ്യൂവിൽ ഇത് സംബന്ധിച്ച ഒരു ചോ​ദ്യം ഉയർന്നിരുന്നു. അമേരിക്ക ദ ജെസ്യൂട്ട് റിവ്യൂവിൻ്റെ ചീഫ് എഡിറ്ററായ ഫാ. മാറ്റ് മാലോൺ എസ് ജെയായിരുന്നു വളരെയേറെ ചർച്ച ചെയ്യപ്പെട്ട ആ അഭിമുഖത്തിൽ ഫ്രാൻസിസ് മാർപാപ്പയോട് സംസാരിച്ചത്. കമ്പോള മുതലാളിത്തത്തെക്കുറിച്ചുള്ള താങ്കളുടെ വിമർശനങ്ങളെ അമേരിക്കയെക്കുറിച്ചുള്ള വിമർശനങ്ങളായി അമേരിക്കയിൽ വ്യാഖ്യാനിക്കുന്നവരുണ്ട്. നിങ്ങൾ ഒരു സോഷ്യലിസ്റ്റ് ആയിരിക്കാം, അല്ലെങ്കിൽ അവർ നിങ്ങളെ ഒരു കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കുന്നു എന്നതിനോടായിരുന്നു ചരിത്രപ്രസിദ്ധമായ മാർപാപ്പയുടെ പ്രതികരണം ഉണ്ടായത്. 'ഞാൻ സുവിശേഷത്തെ സാമൂഹ്യശാസ്ത്രപരമായ രീതിയിൽ മാത്രം കാണുന്നുവെങ്കിൽ, അതെ ഞാൻ ഒരു കമ്മ്യൂണിസ്റ്റാണ്, അങ്ങനെയെങ്കിൽ യേശുവും ആണ്', എന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണം. മാർപാപ്പയുടെ ഈ നിലപാട് ചില കേന്ദ്രങ്ങൾ വലിയ നിലയിൽ വിമർശിച്ചിരുന്നു.

കമ്മ്യൂണിസ്റ്റുകൾ നമ്മുടെ ക്രിസ്തീയ മൂല്യങ്ങളിൽ ചിലത് മോഷ്ടിച്ചുവെന്നും ഒരിക്കൽ മാർപാപ്പ പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ക്യൂബയെയും ചൈനയെയും കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളും അദ്ദേഹത്തിന് ഒരേ സമയം ആരാധകരെയും വിമർശകരെയും സൃഷ്ടിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുമായുള്ള വത്തിക്കാൻ നയതന്ത്രത്തിലെ പ്രധാനിയായിരുന്ന പരേതനായ കർദ്ദിനാൾ അഗോസ്റ്റിനോ കാസറോളിയെ പ്രശംസിച്ചു കൊണ്ടായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ക്യൂബൻ അനുകൂല നിലപാട്. ക്യൂബയിൽ ജീവിക്കുന്ന കത്തോലിക്കർ സോഷ്യലിസ്റ്റ് ഭരണത്തിന് കീഴിൽ സന്തോഷവാന്മാരാണ് എന്ന് അ​ഗോസ്റ്റിനോ കാസറോളി സാക്ഷ്യപ്പെടുത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു ഫ്രാൻസിസ് മാർപാപ്പ നിലപാട് പറഞ്ഞത്. ചൈനക്കാർ "വലിയ ജ്ഞാനമുള്ള ഒരു ജനത" ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചൈനയിലെ ജനങ്ങളുമായിട്ടല്ല ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിലുള്ള ഒരു വിലയിരുത്തലാണ് അതെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം.

ഒരിക്കൽ റോമിലെ ഒരു പ്രാദേശിക വർത്തമാന പത്രത്തിന് നൽകിയ അഭിമുഖത്തിൽ 'കമ്മ്യൂണിസ്റ്റുകാർ നമ്മുടെ പതാക മോഷ്ടിച്ചുവെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ' എന്ന് മാ‍ർപാപ്പ അഭിപ്രായപ്പെട്ടിരുന്നു. മുതലാളിത്തത്തെ വിമർശിക്കുകയും സമൂലമായ സാമ്പത്തിക പരിഷ്കരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുമ്പോൾ മാർപാപ്പ ഒരു ലെനിനിസ്റ്റാണെന്ന് പറഞ്ഞ ഇക്കണോമിസ്റ്റ് മാസികയിലെ ഒരു ബ്ലോഗ് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഫ്രാൻസിസ് മാ‍ർപാപ്പയുടെ പ്രതികരണം. 'ഇരുപത് നൂറ്റാണ്ടുകൾക്ക് ശേഷം ഇതെല്ലാം കമ്മ്യൂണിസമാണെന്ന് കമ്മ്യൂണിസ്റ്റുകാർ പറയുന്നു. തീർച്ചയായും‌ അവർ സംസാരിക്കുമ്പോൾ അവരോട് പറയാം, അപ്പോൾ നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെന്ന്', എന്ന് ചിരിച്ചു കൊണ്ടായിരുന്നു മാ‍‌ർപാപ്പയുടെ പ്രതികരണം.

ആഗോള സാമ്പത്തിക വ്യവസ്ഥ ദരിദ്രരോട് സംവേദനക്ഷമതയില്ലാത്തതാണെന്നും സമ്പത്ത് ഏറ്റവും ആവശ്യമുള്ളവരുമായി പങ്കിടാൻ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്നുമുള്ള മുതലാളിത്ത വ്യവസ്ഥയോടുള്ള രൂക്ഷവിമ‍ർശനം 2013ൽ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഫ്രാൻസിസ് മാ‍ർപാപ്പ പലവട്ടം ഉന്നയിച്ചിരുന്നു. സാമ്പത്തിക ഊഹക്കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന സമ്പത്ത് അം​ഗീകരിക്കാൻ കഴിയാത്തതാണെന്നും ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചിരുന്നു. ചരക്കുകളുടെ മേലുള്ള ഊഹക്കച്ചവടം ദരിദ്രരുടെ ഭക്ഷണ ലഭ്യതയെ അപകടപ്പെടുത്തുന്ന നിന്ദ്യമായ ഒരു കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Raul Castro and Pope Francis in the Vatican, May 2015
റൗൾ കാസ്ട്രോയും ഫ്രാൻസിസ് മാർപാപ്പയും

ക്യൂബയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിൻ്റെ പേരിൽ ക്യൂബൻ നേതാവ് റൗൾ കാസ്ട്രോ റോമിലെത്തി മാ‍പാപ്പയെ കണ്ടിരുന്നു. "പോപ്പ് ഈ രീതിയിൽ തുടർന്നാൽ, ഞാൻ വീണ്ടും പ്രാർത്ഥിക്കുകയും പള്ളിയിലേക്ക് മടങ്ങുകയും ചെയ്യും - ഞാൻ തമാശ പറയുകയല്ല" എന്നായിരുന്നു റൗൾ കാസ്ട്രോയുടെ പ്രതികരണം.

2015 സെപ്തംബർ മാസത്തിൽ ഹവാനയിലെത്തിയ ഫ്രാൻസിസ് മാർപാപ്പ ഫിഡൽ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹവാനയിലെ വിപ്ലവ ചത്വരത്തിലെ കുർബാനയ്ക്ക് ശേഷമായി മാർപാപ്പയും ഫിഡൽ കാസ്ട്രോയും തമ്മിലുള്ള അരമണിക്കൂർ നീണ്ട കൂടിക്കാഴ്ച നടന്നത്. അന്ന് പുറത്ത് വന്ന ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫിഡലും ഫ്രാൻസിസ് മാർപാപ്പയും പരസ്പരം കണ്ണുകളിലേക്ക് നോക്കി കൈ കൊടുക്കുന്നതായിരുന്നു ആ ഫോട്ടോ. കാസ്ട്രോ അഡിഡാസിൻ്റെ ട്രാക്ക് സ്യൂട്ട് ധരിച്ചു കെണ്ടായിരുന്നു പോപ്പിനെ സ്വീകരിച്ചത്.

Pope Francis has met Fidel Castro, in an encounter that was described as “intimate and familial”, despite the radically different paths the Argentinian pontiff and Cuban revolutionary leader had taken in life
ഫ്രാൻസിസ് മാർപാപ്പയും ഫിഡൽ കാസ്ട്രോയും

മാനവികതയുടെ അവസ്ഥയും അത് നേരിടുന്ന പ്രതിസന്ധിയെയും കുറിച്ച് ഫ്രാൻസിസ് മാർപാപ്പയും ഫിഡൽ കാസ്ട്രോയും സംസാരിച്ചുവെന്നാണ് അന്ന് വത്തിക്കാൻ്റെ വക്താവ് പറഞ്ഞത്. പരിസ്ഥിതി വിഷയവും ഇരുവരും തമ്മിൽ ചർച്ചയായി. ആഗോളതാപനത്തിനെതിരെ പോരാടുന്നതിന് നടപടിയെടുക്കാൻ ആവശ്യപ്പെടുന്ന, സമ്പന്ന രാജ്യങ്ങൾ ദരിദ്രരെ ചൂഷണം ചെയ്യുന്നതിനെയും ഭൂമിയുടെ വിഭവങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെയും കുറിച്ച് താനെഴുതിയ ലൗഡാറ്റോ സി (Laudato Si)യുടെ ഒരു പകർപ്പ് പോപ്പ് കാസ്ട്രോയ്ക്ക് നൽകി. ഇറ്റാലിയൻ പുരോഹിതനായ അലസ്സാൻഡ്രോ പ്രോൻസാറ്റോയും സ്പാനിഷ് ജെസ്യൂട്ട് അമാൻഡോ ലോറന്റേയും പുസ്തകങ്ങളും ഫ്രാൻസിസ് മാ‌ർ‌പാപ്പ കാസ്ട്രോയ്ക്ക് സമ്മാനിച്ചിരുന്നു. മതത്തെക്കുറിച്ചുള്ള സ്വന്തം ഉൾക്കാഴ്ചകളുള്ള സ്വന്തം പുസ്തകം കാസ്ട്രോ മാർപാപ്പയ്ക്കും സമ്മാനിച്ചിരുന്നു. ബ്രസീലിയൻ പുരോഹിതൻ ഫ്രീ ബെറ്റോ കാസ്ട്രേയുമായി നടത്തിയ അഭിമുഖങ്ങളുടെ ശേഖരമായിരുന്നു ഇത്.

ഈ നിലയിൽ സോഷ്യലിസത്തോടും കമ്മ്യൂണിസത്തോടുമുള്ള ഐക്യദാ‍ർഢ്യം തുറന്ന് പ്രകടിപ്പിക്കാൻ മടിക്കാത്ത മാ‍ർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്. അമേരിക്കയിലെ തീവ്രവലതുപക്ഷം വത്തിക്കാനിലെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചപ്പോഴും ഫ്രാൻസിസ് മാ‍ർപാപ്പ കുലുങ്ങിയില്ല. 'ഞാൻ കമ്യൂണിസ്റ്റ് അല്ല. പക്ഷേ, അവർ ശരി പറഞ്ഞാൽ അത് ശരിയാണ് എന്ന് ഞാൻ പറയും' എന്നായിരുന്നു ഇതിനോടുള്ള മാ‍ർപാപ്പയുടെ പ്രതികരണം.

Content Highlights: A critic of capitalism; Pope Francis is not afraid of being labeled a communist

dot image
To advertise here,contact us
dot image