ടൂറിസത്തിന്റെ ഏറ്റവും വലിയ നേട്ടം സ്ത്രീപങ്കാളിത്തം,കേരളം വനിതാ സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനാകും: മുഹമ്മദ് റിയാസ്

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസുമായുള്ള അഭിമുഖം

ഷെറിങ് പവിത്രൻ
1 min read|16 Dec 2024, 01:07 pm
dot image

സമൂഹത്തിന്റെ ഹൃദയ ശക്തിയായി എക്കാലവും കേരളത്തില്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പല മേഖലകളിലും ആ മാറ്റങ്ങള്‍ പ്രകടമായിട്ടുമുണ്ട്. സഞ്ചാരത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. ഒറ്റയ്ക്കും കൂട്ടായും ഒക്കെ യാത്ര ചെയ്യാനും മടികൂടാതെ സ്ത്രീകള്‍ മുന്നോട്ടുവന്നുകഴിഞ്ഞു. ഈ ട്രെന്‍ഡിനെ പ്രോത്സാഹിപ്പിക്കാനും ടൂറിസം മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാരും പല പദ്ധതികള്‍ മുന്നോട്ടുവച്ചു കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ടൂറിസം മേഖലയില്‍ ഉണ്ടായിട്ടുളള വളര്‍ച്ചകളെക്കുറിച്ചും ടൂറിസം മേഖലയില്‍ സ്ത്രീകള്‍ക്ക് വേണ്ടിയുണ്ടായിട്ടുള്ള പദ്ധതികളെക്കുറിച്ചും അവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള കാര്യങ്ങളെക്കുറിച്ചും മന്ത്രി പി.എ മുഹമ്മദ് റിയാസ് റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുന്നു....

സുസ്ഥിര വിനോദ സഞ്ചാരമേഖലയിലെ നൂതനമായ പദ്ധതികള്‍ക്കുള്ള അംഗീകാരമായ സാങ്ച്വറി ഏഷ്യ അവാര്‍ഡാണ് കേരള ടൂറിസത്തിന് ഒടുവില്‍ ലഭിച്ചിരിക്കുന്ന അംഗീകാരം. ടൂറിസത്തിന്റെ പടിപടിയായുള്ള ഈ നേട്ടത്തെക്കുറിച്ച് ഇപ്പോള്‍ എന്താണ് തോന്നുന്നത്?

കോവിഡിന് ശേഷമുള്ള കേരളടൂറിസത്തിന്റെ ഉജ്ജ്വലമായ തിരിച്ചു വരവിന്റെ അടയാളപ്പെടുത്തലാണ് നമുക്ക് ലഭിക്കുന്ന അവാര്‍ഡുകള്‍. കോവിഡാനന്തര ടൂറിസത്തില്‍ ലോകത്തിന് മാതൃകയാക്കാവുന്ന പദ്ധതികളാണ് കേരളം നടപ്പിലാക്കിയത്. അത്തരം പദ്ധതികള്‍ അംഗീകരിക്കപ്പെടുമ്പോള്‍ അത് കേരളടൂറിസത്തെ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ത്തുന്നതാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ആകെ അവകാശപ്പെട്ടതാണ് ഇത്തരം അംഗീകാരങ്ങള്‍. കേരളത്തിലെ ടൂറിസത്തിന്റെ വളര്‍ച്ചയില്‍ ജനങ്ങള്‍ക്ക് പ്രധാനപങ്കാളിത്തം ഉണ്ട്. ടൂറിസം വ്യവസായ ലോകവും സര്‍ക്കാരും ജനങ്ങളും എല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമാണ് അന്തര്‍ദേശീയ - ദേശീയ അംഗീകാരങ്ങള്‍ തുടര്‍ച്ചയായി കേരളടൂറിസത്തെ തേടി എത്തുന്നത്.

ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ മാതൃകാ ഹബ്ബായി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് പറഞ്ഞല്ലോ. അതിനുള്ള പുതിയ പദ്ധതികള്‍ എന്തൊക്കെയാണ്?

ടൂറിസം ജനങ്ങളുടെ ജീവിതത്തില്‍ സ്പര്‍ശിക്കണം, ജനങ്ങള്‍ ടൂറിസത്തെയും നെഞ്ചേറ്റണം, ഈ ലക്ഷ്യത്തിലേക്ക് കേരളത്തെ നയിക്കുകയെന്ന കാഴ്ചപ്പാടോടെയാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. ഇന്ന് ലോകത്തിന് മുന്നില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കുന്ന സംസ്ഥാനം ആയി കേരളം മാറി. ജനകീയ ടൂറിസം മുന്നേറ്റത്തിന്റെ ഒട്ടനവധി പുതുരീതികള്‍ ഉത്തരവാദിത്ത ടൂറിസത്തിലൂടെ കേരളം കാട്ടിക്കൊടുത്തു. ഉത്തരവാദിത്ത ടൂറിസം മിഷനെ, ഈ സര്‍ക്കാര്‍ സൊസൈറ്റി ആക്കി മാറ്റി പ്രവര്‍ത്തന വിപുലീകരണം സാധ്യമാക്കാന്‍ കഴിഞ്ഞു . 'എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം' വികാസം പ്രാപിക്കുന്ന കാലമാണ് ഇത്. ഈ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാനുള്ള കേരളത്തിന്റെ വഴി ആണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍. ഇതിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണ്.

വില്ലേജ് ടൂറിസം, കള്‍ച്ചറല്‍ ടൂറിസം , ഫെസ്റ്റിവല്‍ ടൂറിസം, ഫാം /അഗ്രി ടൂറിസം, പൈതൃക ടൂറിസം, ഫുഡ് ടൂറിസം തുടങ്ങിയവയുടെ സാധ്യതകളെയാണ് ഉത്തരവാദിത്ത ടൂറിസം ശക്തിപ്പെടുത്തുന്നത്. ഇതിനായി മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രം , പെപ്പര്‍ , സ്ട്രീറ്റ്, അഗ്രിടൂറിസം നെറ്റ് വര്‍ക്ക് പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നു അതോടൊപ്പം സുവനീര്‍ , കരകൗശല നിര്‍മ്മാണം പോലുള്ളവയുടെ സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ്.

ഉത്തരവാദിത്ത ടൂറിസത്തിന്റെ ഏറ്റവും വലിയ നേട്ടം അതിലെ സ്ത്രീപങ്കാളിത്തം ആണ്. ടൂറിസത്തിലൂടെ പ്രാദേശിക സമ്പത്ത് വ്യവസ്ഥിതിയുടെ വളര്‍ച്ച മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിന്റെ വേദി കൂടിയായി അത് മാറുകയാണ്. അതിന്റെ തുടര്‍ച്ചയായി സ്ത്രീസൗഹാര്‍ദ ടൂറിസം പദ്ധതിക്കും രൂപം നല്‍കി നടപ്പിലാക്കുകയാണ്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും അംഗീകരിക്കപ്പെടുന്നു എന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ഈ മേഖലയില്‍ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചു. കടലുണ്ടി, കുമരകം എന്നിവ മികച്ച ടൂറിസം വില്ലേജുകളായി ദേശീയതലത്തില്‍ അംഗീകാരം നേടി. ഈ നിലയില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതികളെ ശക്തിപ്പെടുത്തുകയാണ്

2025 ഓടെ കേരളത്തിലെ ടൂറിസം മേഖലയെ പൂര്‍ണമായും വനിതാ സൗഹൃദമാക്കുന്നതിനായി പ്രത്യേക നയം തന്നെ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. എന്തൊക്കെയാണ് അതിനുവേണ്ടിയുള്ള പുതിയ പദ്ധതികള്‍?

കേരളത്തിലെ ടൂറിസം മേഖലയെ സ്ത്രീസൗഹൃദ ഇടങ്ങളാക്കുക എന്നതിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത് . വൈവിധ്യമാര്‍ന്ന ചുവടുവയ്പ്പുകള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു കഴിഞ്ഞു. ഇതിനായി സ്ത്രീസൗഹൃദ വിനോദ സഞ്ചാര പദ്ധതി ആരംഭിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് . ഇതിന്റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ സമ്മേളനം നടന്നു. ഈ സമ്മേളനം മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. അവ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. പ്രധാന ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഒരു ജെന്‍ഡര്‍ ഓഡിറ്റ് നടത്തുകയുണ്ടായി. ജെന്‍ഡര്‍ ഓഡിറ്റിലെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു വരികയാണ്. അവ നടപ്പിലാക്കാനുള്ള പദ്ധതികളും ആവിഷ്‌ക്കരിക്കും.

ലോകത്തിലെ ഏറ്റവും സുരക്ഷിതവും മികച്ചതുമായ വനിതാ സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റാന്‍ ഇനി എത്രദൂരം നമുക്ക് സഞ്ചരിക്കേണ്ടതായുണ്ട്?

ഏറ്റവും സുരക്ഷിതവും മികച്ചതുമായ വനിതാ സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യം . അതിന് ഓരോ ഘട്ടത്തിനും ടാര്‍ഗറ്റ് നിശ്ചയിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. നമുക്ക് നിലവില്‍ തന്നെ മെച്ചപ്പെട്ട അന്തരീക്ഷം ടൂറിസം കേന്ദ്രങ്ങളില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഓരോ ഇടത്തേയും ന്യൂനതകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

ടൂറിസം മേഖലയില്‍ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് ലക്ഷ്യമിടുന്നത് ?

ഉത്തരവാദിത്ത ടൂറിസത്തിന്റെ മാത്രമല്ല, കേരള ടൂറിസത്തിന്റെ തന്നെ ലക്ഷ്യമാണ് സ്ത്രീ സുരക്ഷ എന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഒരുക്കുന്നതിന്റെ ഭാഗമായി പോലീസുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അത് ശക്തിപ്പെടുത്തും. സി സി ടി വി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിപുലപ്പെടുത്തും. ഈ നിലയില്‍ ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തും . അതോടൊപ്പം ടൂറിസം മേഖലയിലെ വനിതാ സംരംഭകരുടെ ഒരു ശൃംഖല കൂടി സജ്ജമാക്കുന്നുണ്ട്. വനിതാ ടാക്‌സി ഡ്രൈവര്‍മാര്‍, വനിതകളുടെ ഹോംസ്റ്റേ, വനിതാ സ്റ്റോറി ടെല്ലേര്‍സ്, വനിതാ ക്യുസിന്‍ എത്‌നിക് സെന്ററുകള്‍ ഇങ്ങനെ ഒരു ശൃംഖല ആണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ വനിതാ യാത്രികരെ ആകര്‍ഷിക്കുകയും സ്ത്രീ സൗഹാര്‍ദ്ദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്.

സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടായും ഒക്കെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന കാലമാണ്. ലിംഗസമത്വം എന്നൊക്കെ പറയാമെങ്കിലും സ്ത്രീകള്‍ പലയിടങ്ങളിലും സുരക്ഷിതരല്ല എന്ന് പറയേണ്ടിവരും?

അങ്ങനെ പരിപൂര്‍ണ്ണമായി നമുക്ക് വിലയിരുത്തുവാന്‍ കഴിയില്ല. കേരളത്തിലെ ഭൂരിഭാഗം കേന്ദ്രങ്ങളും സുരക്ഷിതമായാണ് പലരും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. എങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനെ ഗൗരവത്തോടെ തന്നെയാണ് സമീപിക്കാറുള്ളത്. നിരന്തരമായി അക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കാറുണ്ട്.

ഒന്നര ലക്ഷത്തോളം സ്ത്രീകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലും വരുമാനവും ടൂറിസം പദ്ധതി ലക്ഷ്യം വയ്ക്കുന്നുണ്ട്. എങ്കിലും തുല്യ വേതനം എന്നത് എത്രത്തോളം പ്രാവര്‍ത്തികമാകും?

ടൂറിസം മേഖലയില്‍ ഈ അസമത്വം താരതമ്യേന കുറവാണ്. പ്രത്യേകിച്ചും ഉത്തരവാദിത്ത ടൂറിസത്തില്‍ . ഉത്തരവാദിത്ത ടൂറിസത്തില്‍ സ്ത്രീകള്‍ തന്നെയാണ് ഏറെയും സംരംഭകര്‍ . അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് മികച്ച വില നിലവില്‍ ലഭിക്കുന്നുണ്ട്. ഹോം സ്റ്റേ ആയാലും , ഫുഡ് സെന്ററുകള്‍ ആയാലും, കരകൗശല നിര്‍മ്മാണ യൂണിറ്റുകള്‍ ആയാലും ഭൂരിഭാഗം പേര്‍ക്കും നേരിട്ട് തന്നെയാണ് വരുമാനം ലഭിക്കുന്നത്. നല്ല വരുമാനം ലഭിക്കുന്ന സ്ത്രീ സംരംഭക യുണിറ്റുകള്‍ കേരളടൂറിസത്തിന് കീഴിലുണ്ട്.

അത്യാധുനിക രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് പുറത്തിറക്കുകയുണ്ടായി. 20 ലധികം ഭാഷകളിലുള്ള ഒരു ഡിജിറ്റല്‍ ഗൈഡാണത്. അതിന്റെ രൂപകല്‍പ്പനയെക്കുറിച്ച്?

കേരളത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ആധുനിക സംവിധാനങ്ങളോടെ ഉളള ഒരു വെബ്‌സൈറ്റാണ് ആലോചിക്കുന്നത്. അത് വിദേശഭാഷകളില്‍ അടക്കം ലഭ്യമായാല്‍ മാത്രമേ കൂടുതല്‍ സഞ്ചാരികള്‍ക്ക് കേരളത്തെ കുറിച്ച് മനസിലാക്കുവാന്‍ സാധിക്കുകയുള്ളൂ. അതിന് അനുയോജ്യമായ നിലയിലാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിന്റെ പ്രത്യേകതകള്‍ക്കൊപ്പം സഞ്ചാരികള്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങളെ കുറിച്ചും വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.


ടൂറിസം മേഖലയില്‍ കേരളം മത്സരിക്കുന്നത് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളോടല്ല, ടൂറിസം വ്യവസായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നാലോ അഞ്ചോ പ്രധാന രാജ്യങ്ങളോടാണെന്ന് താങ്കള്‍ പറഞ്ഞിരുന്നു. അത് എത്രത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്?

ടൂറിസം വ്യവസായത്തെ കേരളത്തിലെ പ്രധാനസാമ്പത്തിക രംഗമാക്കി വളര്‍ത്തുക എന്നതാണ് ദീര്‍ഘകാല ലക്ഷ്യം. അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ഗുണമേന്മയുള്ള ടൂറിസം പ്രദാനം ചെയ്യുക എന്നതിനാണ് പ്രാധാന്യം . ലോകത്തെ ടൂറിസം ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് നമ്മുടെ ടൂറിസം മേഖലയേയും സജ്ജമാക്കണം. കേരളത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് അവയെ രൂപപ്പെടുത്തുക എന്നതിലാണ് കാര്യം. അതോടൊപ്പം കേരളത്തെ ആകെ ഒരു ടൂറിസം കേന്ദ്രം എന്ന നിലയില്‍ വികസിപ്പിക്കുകയും വേണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി ലോക ടൂറിസം മാര്‍ക്കറ്റില്‍ കേരളം സജീവമാവുകയാണ്. കൂടുതല്‍ മേഖലകളില്‍ നിന്നും സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.

പ്രകൃതിയ്ക്ക് കോട്ടം തട്ടാതെ എങ്ങനെയൊക്കെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുക?

രാജ്യത്ത് ആദ്യമായി ടൂറിസം മേഖലയിലും പൊതുമരാമത്ത് മേഖലയിലും ഡിസൈന്‍ പോളിസി നടപ്പാക്കിയ സംസ്ഥാനം ആണ് കേരളം. വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ രണ്ടു വകുപ്പുകളും ചേര്‍ന്ന് ഡിസൈന്‍ പോളിസി തയ്യാറാക്കിയത്. അതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ഡിസൈന്‍ പോളിസി പല ഘട്ടങ്ങളിലായി നടപ്പിലാക്കി വരികയാണ്. സുസ്ഥിര വികസനത്തിനാവശ്യമായ നിര്‍മ്മാണ രീതികളെ സംബന്ധിച്ച് ഡിസൈന്‍ പോളിസിയില്‍ ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ടൂറിസത്തിലെ നിര്‍മ്മിതികള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് അവ. അത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പരിസ്ഥിതി സൗഹാര്‍ദ്ദ നിര്‍മ്മാണ രീതികള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് തീരുമാനം.

Content Highlights :Minister PA Muhammad Riaz talked about the recent developments in the tourism sector and the plans for women in the tourism sector and the things aimed at their upliftment

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us