
'റാം കെയര്‍ ഓഫ് ആനന്ദി' സോഷ്യല്‍ മീഡിയയിലും കൗമാരക്കാര്‍ക്കിടയിലും തരംഗമായ പുസ്തകം… റാമിന്റെയും അനന്ദിയുടെയും പ്രണയം ഇരുകയ്യും നീട്ടിയാണ് പുതുതലമുറ സ്വീകരിച്ചത്.. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാം യുവതലമുറ നെഞ്ചോട് ചേര്‍ത്തു..ഈ പ്രണയ ദിനത്തില്‍ റാമിന്റെയും ആനന്ദിയുടെയും പ്രണയത്തെക്കുറിച്ചും സ്വന്തം പ്രണയ കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുകയാണ് എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജന്‍.
ഈ പുസ്തകം എഴുതി പകുതിയായപ്പോള്‍ത്തന്നെ കരുതിയിരുന്നു ഇതില്‍ ഒരുപാട് പ്രണയനിമിഷങ്ങളോ, അത്തരത്തിലുള്ള വാചകങ്ങളോ ഒന്നും ഉണ്ടായിരിക്കില്ലെന്ന്. എന്നാലും ഇതൊരു പ്രണയ പുസ്തകമായി ആദ്യാവസാനം വരെ കൊണ്ടുപോകണമെന്നുളള ആഗ്രഹമുണ്ടായിരുന്നു. രണ്ട് വ്യക്തികള്‍ തമ്മില്‍ പ്രണയമുണ്ട്. എന്നാല്‍ അതവര്‍ക്ക് തുറന്ന് പറയാന്‍ സാധിക്കുന്നില്ല. പറഞ്ഞാലും ആ പ്രണയം മുന്നോട്ട് പോകാത്ത ടൈപ്പ് കഥയാവണം എന്ന് മനസില്‍ വിചാരിച്ചിരുന്നു. അങ്ങനെയാണ് പറയാതെ പറയുന്ന പ്രണയവുമായി മുന്നോട്ട് പോയത്.
നായകനും നായികയും ഒരുമിക്കാതെ പോകുന്ന ധാരാളം സിനിമകളും മറ്റും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ എന്റെ കഥയില്‍ അതില്‍നിന്നൊക്കെ എന്തെങ്കിലും വ്യത്യാസം വേണമെന്ന് ചിന്തിച്ചിരുന്നു. പ്രണയത്തിലും ഒരുമിക്കാതെ പോകുന്നതിന്റെ ഭംഗി ഒന്നുവേറെ തന്നെയാണ്. രണ്ട് പേര്‍ തമ്മില്‍ അഗാധമായി പ്രണയിക്കുകയും ചില സാഹചര്യങ്ങള്‍ കൊണ്ട് ഒരുമിക്കാതെ പോവുകയും ചെയ്യുന്നത് യഥാര്‍ഥ ജീവിതത്തിലാണെങ്കിലും വേദനാജനകമായ നിമിഷമാണ്. പലരുടെയും ആദ്യ പ്രണയം എപ്പോഴും വിജയിച്ചു എന്ന് വരില്ല. ആദ്യ പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ ജീവിതാവസാനം വരെ സന്തോഷത്തോടെ സംസാരിക്കുന്ന ആളുകളുണ്ട്. അവരുടെ ഉള്ളില്‍ നല്ലനല്ല ഓര്‍മകളും ഉണ്ടാവും. മിക്കവരുടെയും ആദ്യ പ്രണയം പിരിഞ്ഞു പോയ പ്രണയമായിരിക്കും. അതുപോലൊന്നാണ് ഞാനും കഥയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.
ശരിയാണ്. ആഴത്തിലുളള പല സൗഹൃദവും പിന്നീട് പ്രണയത്തിലേക്ക് പോയിട്ടുളള സംഭവങ്ങള്‍ എനിക്ക് അറിയാം. സുഹൃത്തായിരുന്നതിന് ശേഷം പ്രണയത്തിലേക്ക് പോകുമ്പോഴുള്ള ലാഭം നമ്മുടെ എല്ലാ നെഗറ്റീവും പോസിറ്റീവും അവര്‍ക്ക് അറിയാന്‍ സാധിക്കും എന്നതാണ്. അത് ചില രീതിയില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ടെങ്കിലും മറ്റൊരുവശത്തുകൂടി നോക്കുമ്പോള്‍ വലിയ ആശ്വാസവുമുണ്ടാക്കാറുണ്ട്. നല്ലൊരു സുഹൃത്തിനെ ജീവിത പങ്കാളിയാക്കുമ്പോള്‍ പഴയതുപോലെതന്നെ നമുക്ക് അവരോട് തുറന്ന് കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കും.
ചിലര്‍ക്ക് സൗഹൃദങ്ങള്‍ അതേപോലെ ജീവികാലം മുഴുവന്‍ തുടരാനാണ് ഇഷ്ടം. സൗഹൃദം പോയാലോ എന്ന് പേടിച്ച് പ്രണയം തുറന്ന് പറയാത്തവരുണ്ട്. നല്ല സൗഹൃദങ്ങള്‍ പ്രണയത്തില്‍ കലാശിക്കാനുള്ള സാധ്യതയുണ്ട്. പക്ഷേ ആജീവനാന്തം ആ വ്യക്തിയുടെ നല്ലതും ചീത്തയും മനസിലാക്കി കൂടെകൂട്ടാന്‍ കഴിയണം.
ചെന്നൈയില്‍ പോയി അവിടെ രണ്ട് വര്‍ഷം താമസിച്ച ശേഷമാണ് റാം കെയര്‍ ഓഫ് ആനന്ദി ഞാന്‍ എഴുതിയത്. ആ നഗരത്തില്‍ എത്തിപ്പെട്ട സമയത്ത് അവിടെ ജീവിക്കുന്ന ഒരു ട്രാന്‍സ്ജന്‍ഡറിന്റെ ജീവിതത്തെക്കുറിച്ച് എനിക്ക് വലിയ ധാരണ ഇല്ലായിരുന്നു .അവര്‍ കടന്നുപോകുന്ന സാഹചര്യങ്ങള്‍, വിഷമതകള്‍, അവര്‍ എങ്ങനെ ജീവിക്കുന്നു, എവിടെ താമസിക്കുന്നു, എവിടുന്നാണ് ആഹാരം കഴിക്കുന്നത് എന്നതിനെക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു.
പല സ്ഥലങ്ങളില്‍ നിന്ന് വന്നുചേര്‍ന്ന, ആരാലെങ്കിലും ഉപേക്ഷിക്കപ്പെട്ട, മാനസികമായിട്ട് വിഷമതകളോ ശാരീരികമായിട്ട് വിഷമതകളോ അനുഭവിക്കുന്ന, സ്വന്തം നാട് ഉപേക്ഷിച്ച് വന്നിട്ടുളള ധാരാളം മനുഷ്യര്‍ വന്നടിയുന്ന ഒരു കടല്‍ത്തീരം പോലെയാണ് ചെന്നൈ നഗരം എന്ന് എനിക്ക് തോന്നിയത്. അവിടെ ഒരുപാട് ട്രാന്‍സ് വ്യക്തികളെ ഞാന്‍ കണ്ടു. കോളജില്‍ പോകുന്ന സമയത്ത് ട്രെയിനില്‍ സ്ഥിരമായി ഭിക്ഷയെടുക്കുന്ന കുറേ പേരെ കണ്ടു. എന്തുകൊണ്ടാണ് ഇവര്‍ ഭിക്ഷയെടുത്ത് ജീവിക്കുന്നത് എന്ന ചിന്തവന്നപ്പോഴാണ് അവരെ അടുത്തറിയണമെന്നും അവരുമായി ഒരു സൗഹൃദം വേണമെന്നും ആഗ്രഹിക്കുകയും അത് ഉണ്ടാക്കിയെടുക്കുകയും ചെയ്തത്. എന്നെ ഏറെ അതിശയിപ്പിച്ചത് അവരുടെയെല്ലാം സങ്കടങ്ങള്‍ക്ക് സാമ്യമുണ്ടായിരുന്നു എന്നതാണ്. ആരാലെങ്കിലുമൊക്കെ പറ്റിക്കപ്പെട്ടിട്ടുള്ള ആളുകളായിരുന്നു അവരൊക്കെ. കയറിക്കിടക്കാന്‍ സ്ഥലമില്ല, എന്തെങ്കിലും സംഭവിച്ചാല്‍ തിരഞ്ഞുനോക്കാന്‍ ആരുമില്ല, ആരെങ്കിലും ഉപദ്രവിച്ചാല്‍ പോലും തെരുവിലെ നായയെ ആക്രമിക്കുന്നതിന് തുല്യമായിട്ട് അവരെ കാണുന്നത്. ഇതൊക്കെ പങ്കുവച്ച സമയത്ത് അവരുടെ കണ്ണില്‍ നിര്‍വികാരതയും വിഷമവും ഒക്കെ കണ്ടു. അങ്ങനെയാണ് ഇത്തരത്തിലൊരു കഥാപാത്രം എന്റെ നോവലില്‍ വേണമെന്ന് തോന്നിയത്. ഇന്നിപ്പോള്‍ അവരുടെ ജീവിതം കുറേകൂടി മെച്ചപ്പെട്ടിട്ടുണ്ട്.
ശരിയാണ് എന്റെ നോവല്‍ അധികവും വായിച്ചിട്ടുളളത് പുതുതലമുറയാണ്. അത് പ്രണയവുമായി അടുത്ത് നില്‍ക്കുന്നത് കൊണ്ടല്ല. ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചതുകൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വായനയില്‍നിന്ന് അകന്നുപോയിട്ടുളള ഒരു കൂട്ടം യുവ തലമുറ ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ ഡിജിറ്റല്‍ യുഗത്തില്‍ എല്ലാം വിരല്‍ത്തുമ്പിലുള്ളതുകൊണ്ട് പുസ്തകത്താളുകള്‍ മറിച്ച് വായിക്കുന്നില്ല എന്നത് പ്രയാസപ്പെട്ട കാര്യമായിരുന്നു. പക്ഷേ ലളിതമായ ഭാഷയില്‍ എഴുതിയത്‌കൊണ്ട് ചെറുപ്പക്കാര്‍ക്ക് അത് വളരെ ഇഷ്ടപ്പെട്ടു. പിന്നെ സിനിമാറ്റിക് രീതിയില്‍ അവതരിപ്പിച്ചതുകൊണ്ട് പലര്‍ക്കും കഥ വിഷ്വലൈസ് ചെയ്യാന്‍ സാധിച്ചു.
നമ്മളെല്ലാം സ്വാഭാവികമായും ഒരു കാലഘട്ടത്തില്‍ പ്രണയത്തിലൂടെ കടന്നുപോയിട്ടുളളവരാണ്. പ്രത്യേകിച്ച് സ്‌കൂള്‍ കോളജ് ഘട്ടത്തിലൊക്കെയും. എനിക്കും പ്രണയം തോന്നിയിട്ടുണ്ട്. എന്റെ നല്ലൊരു പ്രണയ കാലഘട്ടം പ്ലസ് വണ്‍ മുതല്‍ അഞ്ചര വര്‍ഷക്കാലംനീണ്ടുനിന്നിരുന്നു . അതൊരു മോശം രീതിയിലാണ് കലാശിച്ചത്. ആ പെണ്‍കുട്ടി കുട്ടികളും കുടുംബവുമായി ഇപ്പോള്‍ നന്നായി ജീവിക്കുന്നു. ഞാന്‍ രഹസ്യമായി അവരെക്കുറിച്ച് അന്വേഷിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അവരുടെ കുട്ടികളുടെ ഫോട്ടോയൊക്കെ ചിലപ്പോള്‍ എടുത്ത് നോക്കാറുണ്ട്. നല്ല ഓമനത്വമുള്ള കുട്ടികളാണ്. നന്നായി ജീവിക്കുന്നതില്‍ സന്തോഷം തോന്നാറുണ്ട്. അങ്ങനെയാണ് എന്റെ പ്രണയത്തില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നത്. പ്രണയം ഏത് പ്രായത്തിലും എപ്പോള്‍ വേണമെങ്കിലും നമുക്ക് തോന്നാവുന്ന വികാരമാണ്. ഇനിയും പ്രണയം ഉണ്ടാകുമായിരിക്കും. തല്‍ക്കാലം എനിക്ക് പ്രണയമില്ല.
അത് തീര്‍ച്ചയായും '96' സിനിമയിലെ റാം ന്റെയും ജാനുവിന്റെയും പ്രണയമാണ്. ഒരുമിക്കാന്‍ സാധിക്കാത്തതാണെങ്കിലും അത് വളരെ രസമുളള, സൗന്ദര്യമുള്ള പ്രണയമാണ്. ആ സ്‌നേഹത്തിന് പരസ്പര ബഹുമാനമുണ്ട്. ഇഷ്ടപ്പെട്ട പുസ്തകങ്ങളിലേക്ക് വന്നാല്‍ ഒരുപാട് പ്രണയപുസ്തകങ്ങള്‍ വായിച്ചിട്ടുള്ള ആളല്ല ഞാന്‍. പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നത് ക.ആര്‍ മീരയുടെ 'യൂദാസിന്റെ സുവിശേഷം' ത്തിലെ പ്രണയമാണ്. അതും ഒരു പെണ്‍കുട്ടിക്ക് ഒരാളോട് തോന്നുന്ന ഒന്നിക്കാന്‍ കഴിയാത്ത പ്രണയമാണ്. എന്നുകരുതി ഞാന്‍ വിരഹ പ്രണയത്തിന്റെ ആരാധകനല്ല. പക്ഷേ അതിനും സൗന്ദര്യമുണ്ട്.
ഒരു കാലഘട്ടത്തിലും അതിനൊന്നും ഒരു മാറ്റവും വരില്ല. ഈ ലോകം തന്നെ നിലനില്‍ക്കുന്നത് സ്‌നേഹത്തിലാണ്. കുടുംബത്തില്‍ നിന്നാണ് പലപ്പോഴും സ്‌നേഹം പഠിക്കുന്നത്. കാലഘട്ടം മാറിയതുമായി ബന്ധപ്പെട്ട ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് മാത്രം. ലിവിങ് ടുഗതര്‍ പോലെയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. അത് നല്ല കാര്യമാണ്. നമ്മള്‍ കണ്ടുവന്നിട്ടുള്ളത് ഇഷ്ടമില്ലെങ്കിലും ജീവിതകാലം മുഴുവന്‍ ഒരാളെ അഡ്ഡസ്റ്റ് ചെയ്ത് ജീവിക്കേണ്ടിവന്ന തലമുറയെയാണ്. എന്നെ മനസിലാക്കാത്ത, എന്റെ ഇഷ്ടങ്ങളെ മതിക്കാത്ത ഒരാളെ എത്രകാലം അഡ്ജസ്റ്റ് ചെയ്തുമുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും?. അവിടെ പ്രണയമില്ല പരസ്പരമുള്ള അഡ്ജസ്റ്റ്‌മെന്റാണ്. ഇന്ന് എന്തുവേണം വേണ്ട എന്ന് തുറന്നുപറയാന്‍ സ്വാതന്ത്രമുണ്ട്.
അത് നമ്മുടെ സാഹചര്യത്തിനനുസരിച്ചാണ്. ചിലപ്പോള്‍ ശരിയാവാം, തെറ്റാവാം. നമുക്കൊരാളോട് ശക്തമായ പ്രണയം തോന്നുന്നു അയാളില്‍ത്തന്നെ ഒതുങ്ങി നില്‍ക്കുന്നു. പിന്നെ അവരുമായി ഒത്തുപോകുന്നില്ല എങ്കില്‍ പിരിയും. പിരിഞ്ഞതിന് ശേഷം അയാള്‍ക്ക് വീണ്ടും ഒരു പ്രണയം ഉണ്ടായിക്കൂടന്നില്ല. ഒരാളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ് പ്രണയം എന്ന് തോന്നിയിട്ടില്ല. നമുക്ക് ഒരാളില്‍ എപ്പോള്‍ പ്രണയം നഷ്ടപ്പെടുന്നു എന്നതാണ് അതിലെ പോയിന്റ് . പ്രണയം നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ അവര്‍ വെറും മനുഷ്യരാണ്. പിന്നെ നിയമപരമായിട്ട് ഒരുബന്ധത്തില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു പ്രണയം ഉണ്ടാവുന്നതൊക്കെയാണ് അക്രമത്തില്‍ കലാശിക്കുന്നത്. നമുക്കൊരാളില്‍ പ്രണയം നഷ്ടപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും ആ ബന്ധത്തില്‍ നിന്ന് ഇറങ്ങിപോരുക. ഒരേ സമയത്തില്‍ ഒന്നിലധികം പ്രണയങ്ങള്‍ ഉള്ളതിനോട് എനിക്ക് യോജിപ്പില്ല. ഇഷ്ടങ്ങള്‍ തോന്നുമായിരിക്കും. പ്രണയം തീവ്രമായ സ്‌നേഹമാണ്. അത് ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് കൊടുക്കുന്ന സമ്മാനമാണ്. അവരുടെ ആയുസിലെ വിലപ്പെട്ട സമയമാണ്. അത് ഒരേ സമയം പല വ്യക്തികളില്‍ പകര്‍ന്നുപോകുന്നതിനോട് എനിക്ക് യോജിക്കാനാവില്ല.
എല്ലാവര്‍ക്കും ഒരു പ്രണയമുളളത് നല്ലതാണ്. പ്രണയം ഉള്ള സമയത്താണ് നമ്മള്‍ നന്നായിട്ടിരിക്കുന്നത്, സന്തോഷിക്കുന്നത്. നമ്മുടെ വികാരങ്ങളും, സങ്കടങ്ങളും ഒക്കെ പങ്കുവയ്ക്കാനൊരാള്‍ ഉണ്ടാവുന്നത് നല്ലതാണ്. അങ്ങനെ പ്രണയം തോന്നുന്നത് നമ്മുടെ ജീവിത പങ്കാളിയാണെങ്കില്‍ ഏറ്റവും അനുയോജ്യം. പ്രണയത്തെ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളാണ് ഞാന്‍. ലോകം മുഴുവന്‍ പരസ്പരം സ്‌നേഹിക്കട്ടെ.
Content Highlights : Writer Akhil P Dharmajan talks about love and his own views on love