ഇത് താൻ ഡാ കേരള പൊലീസ്! ആസൂത്രണം പൊളിച്ച് ചാലക്കുടി ബാങ്ക് കവർച്ച കേസ് പ്രതിയെ പൊക്കിയത് ഇങ്ങനെ

മുംബൈയിൽ പോയി ബണ്ടി ചോറിനെ അറസ്റ്റ് ചെയ്ത, രാജസ്ഥാനിലും അസമിലുമൊക്കെ പോയി എളുപ്പത്തിൽ കള്ളന്മാരെ 'പൊക്കു'ന്ന ഉദ്യോഗസ്ഥരാണ് നമ്മുടെ കേരള പൊലീസിലുള്ളത്

dot image

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കി ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്കിൽ കവർച്ച നടന്നത്. പട്ടാപ്പകൽ, ദേശീയപാതയുടെ തൊട്ടടുത്ത് ഇതെങ്ങനെ സംഭവിച്ചു എന്ന് എല്ലാവരും ആശ്ചര്യപ്പെട്ട കവർച്ച. പ്രതി കൊള്ളയടിക്കുന്നതും കടന്നുകളയുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ആളെ കിട്ടിയിരുന്നില്ല. പക്ഷെ കൊള്ള നടന്ന മൂന്നാം ദിവസം, പൊലീസ് പ്രതിയെ പുഷ്പം പോലെ അറസ്റ്റ് ചെയ്തു.

വളരെ ആസൂത്രിതമായിരുന്നു റിജോ ആന്റണിയുടെ കൊള്ള. ഇതിന് നാല് ദിവസം മുൻപും റിജോ ഇതേ ബാങ്കിൽ ഒരു കൊള്ളശ്രമം നടത്തിനോക്കിയിരുന്നു. പക്ഷെ പൊലീസ് ജീപ്പ് കണ്ടതോടെ പിന്മാറി. പക്ഷെ നാല് ദിവസത്തിന് ശേഷം ഇയാൾ പ്ലാൻ കൃത്യമായി നടത്തി. ബാങ്ക് ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കാൻ പോയ സമയം നിരീക്ഷിച്ചുവച്ച റിജോ, ജീവനക്കാരെ കത്തിമുനയിൽ നിർത്തി, കയ്യിൽ കിട്ടിയ 15 ലക്ഷവുമായി രക്ഷപ്പെട്ടു. പോകുന്ന വഴിയിൽ മദ്യവും വാങ്ങി.

പിടിക്കപ്പെടാതിരിക്കാനായി സകല അടവും ഇയാൾ പയറ്റിയിരുന്നു. ശരീരത്തിന്റെ ഒരു ചെറിയ ഭാഗം പോലും കാണാതിരിക്കാനായി ഇയാൾ ശരീരം മുഴുവൻ മൂടിയിരുന്നു. അന്വേഷണം നടന്നാൽ ഗതി മാറിപ്പോകാനായി, ഹിന്ദിയിലാണ് സംസാരിച്ചത്. കൊള്ള കഴിഞ്ഞ് വാഹനത്തിൽ നിരന്തരം മാറ്റങ്ങൾ വരുത്തികൊണ്ടിരുന്നു, വസ്ത്രം ഇടയ്ക്കിടയ്ക്ക് മാറി. കൊള്ളയ്ക്ക് ശേഷം സിസിടിവി ഇല്ലാത്ത സ്ഥലം നോക്കിയും ഇയാൾ ഉടുപ്പ് മാറി. ബുദ്ധിപരമായി, വളഞ്ഞ വഴികളെടുത്ത് യാത്ര ചെയ്തു. പക്ഷെ കേരള പൊലീസിനെ റിജോയ്ക്ക് പറ്റിക്കാൻ സാധിച്ചില്ല.

കൊള്ള നടന്നയുടൻ തന്നെ അന്വേഷണം വേഗത്തിലാക്കിയ പൊലീസ് നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് ആദ്യം മനസിലാക്കി. പിന്നീടാണ് ആ സുപ്രധാന നിരീക്ഷണം പൊലീസ് നടത്തിയത്. പലതവണ വസ്ത്രം മാറിയതടക്കമുള്ള ഗംഭീര പ്ലാനിങ് നടത്തിയ റിജോ ആന്റണി പക്ഷെ ഷൂ മാറ്റാൻ മറന്നുപോയിരുന്നു. സുപ്രധാന സൂചന കിട്ടിയ പൊലീസ് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദിവസങ്ങൾക്ക് മുൻപ് ഇയാൾ ഇതേ ബാങ്കിൽ വന്നിരുന്നതായി പൊലീസ് കണ്ടെത്തി. അന്ന് ഇയാൾ ചുറ്റുപാടുകളൊക്കെ കൃത്യമായി നിരീക്ഷിച്ചിരുന്നു. ബാങ്കിന് തൊട്ടുമുൻപിലുള്ള പള്ളിയിൽ കുർബാന ഇല്ലാത്ത സമയം വെള്ളിയാഴ്ച്ചയാണെന്ന് പ്രതി മനസിലാക്കി. തുടർന്നായിരുന്നു കൊള്ള. ഇതെല്ലാം കണ്ടുപിടിച്ച പൊലീസ് ഇയാളുടെ മൊബൈൽ നമ്പർ കണ്ടെത്തി, ട്രേസ് ചെയ്തു. തത്‌ഫലം മൂന്നാം നാൾ റിജോയുടെ വീട്ടുപടിക്കൽ പൊലീസെത്തി.

മോഷ്ടിച്ച പണം ഉപയോഗിച്ച് കടങ്ങള്‍ തീർക്കാനായിരുന്നു പദ്ധതി. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ അയച്ചുതന്നിരുന്ന പണമെല്ലാം മദ്യപിച്ചും മറ്റും ഇയാൾ ധൂർത്തടിച്ചു കളഞ്ഞിരുന്നു. കൂടാതെ കടവും ഉണ്ടായിരുന്നു. ഭാര്യ അവധിക്ക് വരുന്നുവെന്നറിഞ്ഞതോടെ, തന്റെ കടമെല്ലാം തീർത്ത് 'സുരക്ഷിത'നാകാനായിരുന്നു റിജോ കൊള്ളയടിച്ചത്. സുഹൃത്തില്‍ നിന്ന് കടമായി വാങ്ങിയ പണം മോഷ്ടിച്ചതിൽ നിന്ന് നൽകി. വീട്ടിൽ കുടുംബസംഗമം നടക്കുമ്പോൾ, മോഷണക്കേസ് പ്രതി നാടുവിട്ടെന്നും അയാളെ പിടിക്കാൻ കഴിയില്ലെന്നും പറഞ്ഞ് റിജോ ആശങ്കയും ഭയവുമില്ലാതെ നടക്കുകയായിരുന്നു. എന്നാൽ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. നാട്ടുകാർ നോക്കി നിൽക്കെത്തന്നെപൊലീസ് റിജോയെ അറസ്റ്റ് ചെയ്തു.

മുംബൈയിൽ പോയി ബണ്ടി ചോറിനെ അറസ്റ്റ് ചെയ്ത, രാജസ്ഥാനിലും അസമിലുമൊക്കെ പോയി എളുപ്പത്തിൽ കള്ളന്മാരെ 'പൊക്കു'ന്ന ഉദ്യോഗസ്ഥരാണ് നമ്മുടെ കേരള പൊലീസിലുള്ളത്. അവരുടെ രണ്ട് ദിവസത്തെ ശ്രമഫലമാണ് റിജോയുടെ അറസ്റ്റ്. കേരളം ഏറെ ചർച്ച ചെയ്ത കവർച്ചാകേസിൽ പൊലീസ് അക്ഷരാർത്ഥത്തിൽ മുൾമുനയിലായിരുന്നു. ഉറക്കമില്ലാതെയും വീടുകളിലേക്ക് പോകാതെയുമാണ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടാനായി ശ്രമിച്ചത്. അവസാനം ഉദ്യോഗസ്ഥരുടെ മിടുക്കിൽ പ്രതി വലയിലാകുകയും ചെയ്തു.

Content Highlights: How police caught chalakkudy bank robber?

dot image
To advertise here,contact us
dot image