ഒഡീഷൻ തീരം കയറുന്നത് ലക്ഷക്കണക്കിന് കടലാമകൾ; കാരണം തിരഞ്ഞ് സോഷ്യല്‍ മീഡിയ

ഒഡീഷ ബീച്ചിൽ വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകളുടെ എണ്ണം ഉയരുന്നതിന്റെ കാരണത്തെക്കുറിച്ച് വിദഗ്ധർ

dot image

ഒഡീഷൻ തീരത്ത് ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകൾ കൂട്ടത്തോടെ എത്തിയതിൻ്റെ വീഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 6.82 ലക്ഷം ഒലിവ് റിഡ്‌ലി കടലാമകളാണ് ഒഡീഷയിലെ ഋഷികുല്യ അഴിമുഖത്ത് പ്രജനനത്തിനായി ഇതുവരെ എത്തിയത്.

മുട്ട വിരിയിക്കാനും കൂടൊരുക്കാനുമാണ് ഒലിവ് റിഡ്‌ലി കടലാമകൾ തീരത്തേക്ക് കൂട്ടത്തോടെ എത്തുന്നത്. ഫെബ്രുവരി 16നാണ് ആമകൾ എത്താൻ തുടങ്ങിയത്. ഏറ്റവും കൂടുതൽ ഒലിവ് റിഡ്‌ലി കടലാമകൾ കൂടൊരുക്കുന്ന വർഷമായി മാറിയിരിക്കുകയാണ് 2025. ഇത്തവണ തീരത്തെത്തുന്ന ആമകളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തല്‍.

6.82 ലക്ഷത്തിലധികം ഒലിവ് റിഡ്‌ലി കടലാമകളാണ് ഇതുവരെ ബീച്ചിൽ മുട്ടയിട്ടത്. 2023ലെ 6.37 ലക്ഷം എന്ന റെക്കോർഡാണ് മറികടന്നതെന്ന് ബെർഹാംപൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) സണ്ണി ഖോക്കർ പറഞ്ഞു. 2022ൽ 5.50 ലക്ഷം ആമകളാണ് തീരത്തെത്തിയത്.

അനുകൂലമായ കാലാവസ്ഥയാണ് റെക്കോർഡ് ഒലിവ് റിഡ്ലി കടലാമകൾ തീരത്തെത്തുന്നതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ വർഷത്തെ മെച്ചപ്പെട്ട കാലാവസ്ഥ ഇവയുടെ പ്രജനനത്തിന് അനുകൂലമാണ്. മാത്രമല്ല ഇവയെ സംരക്ഷിക്കാന്‍ സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുന്നതിന്റെ സൂചന കൂടിയാണിതെന്നും വിദഗ്ധർ പറയുന്നു.

ഇത്തവണ ന്യൂ പോഡംപേട്ട മുതൽ പ്രയാഗി വരെ ഏകദേശം 9 കിലോമീറ്റർ ദൂരത്തിലാണ് കടലാമകൾ കൂടുണ്ടാക്കുന്നത്. അതിനാൽ പുതിയ പ്രദേശങ്ങളിൽ സർക്കാർ വേലി കെട്ടിയിട്ടുണ്ടെന്ന് കല്ലിക്കോട്ട് റേഞ്ച് ഓഫീസർ ദിബ്യ ശങ്കർ ബെഹേര പറഞ്ഞു. മുട്ടകള്‍ സംരക്ഷിക്കുന്നതിനാണ് വേലി നിർമ്മിച്ചിരിക്കുന്നത്.

ഒലിവ് പച്ച നിറമാണ് ആമകളുടെ പുറം തോടിന്. അതിനാലാണ് ഇവ ഒലിവ് റിഡിൽ ആമ എന്നറിയപ്പെടുന്നത്. ഇത് വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെടുന്നു. ലോക സംരക്ഷണ യൂണിയൻ തരംതിരിച്ചിരിക്കുന്നതുപോലെ ഈ ജീവിവർഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സംരക്ഷകർ ഇപ്പോഴും ഊന്നിപ്പറയുന്നുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) 1991 ൽ ഒലിവ് റിഡ്‌ലി കടലാമകളെയും അവയുടെ കൂടുകെട്ടൽ കേന്ദ്രങ്ങളെയും സംരക്ഷിക്കുന്നതിനായി ഓപ്പറേഷൻ ഒലീവിയ എന്ന പേരില്‍ പദ്ധതി ആരംഭിച്ചിരുന്നു.

Content Highlights: Expert on why record number of endangered oilve ridley turtles are arriving at odisha beach

dot image
To advertise here,contact us
dot image