വിദ്യാബാലനെയും സാമന്തയെയും ശരീരഭാരം കുറയാന്‍ സഹായിച്ച മാജിക്; എന്താണ് ആന്റി ഇന്‍ഫ്‌ളമേറ്ററി ഡയറ്റ്

എന്താണ് ആന്റി ഇന്‍ഫ്‌ളമേറ്ററി ഡയറ്റ്. എങ്ങനെയാണ് ഈ ഡയറ്റ് എടുക്കേണ്ടത്?

dot image

അടുത്തിടെയാണ് നടിമാരായ വിദ്യാബാലനും സാമന്തയും ശരീരഭാരം കുറയ്ക്കാന്‍ തങ്ങളെ സഹായിച്ച ആന്റി ഇന്‍ഫ്‌ളമേറ്ററി ഡയറ്റിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഗലാട്ട പ്ലസ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിനിടയാണ് വിദ്യാബാലന്‍ ഇക്കാര്യം പറഞ്ഞത്. ശരീരഭാരം കുറയ്ക്കാന്‍ നിരന്തരമായി പാടുപെട്ട ആളാണ് താനെന്നും, ഭാരം കുറച്ച് കുറച്ച് കൊണ്ടുവന്നാലും അത് പിന്നെയും കൂടിയിട്ടേ ഉളളൂ എന്ന് പറഞ്ഞ അവര്‍ 'അമുറ ഹെല്‍ത്ത് ' എന്ന പോഷകാഹാര ഗ്രൂപ്പാണ് തന്നെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഡയറ്റിനെക്കുറിച്ച് പരിചയപ്പെടുത്തിയതെന്ന് പറയുകയുണ്ടായി. പിന്നീട് സാമന്തയും ഇന്‍സ്റ്റഗ്രാംവഴി പ്രചരിച്ച ഒരു വീഡിയോയില്‍ ഇതേ ഡയറ്റിനെക്കുറിച്ച് പറഞ്ഞിരുന്നു. മുംബെയില്‍ നിന്നുളള ന്യൂട്രീഷ്യനിസ്റ്റ് ഡോ. ദേബ്ജാനി ഗുപ്ത ഈ ഡയറ്റിനെക്കുറിച്ച് പറയുന്നു.

എന്താണ് ആന്റി ഇന്‍ഫ്‌ളമേറ്ററി ഡയറ്റ്

നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഇന്‍ഫ്‌ളമേഷന്‍ (വീക്കം) ആണ് ഈ ഡയറ്റിലൂടെ കുറയ്ക്കുന്നത്. പല തരത്തില്‍ ശരീരത്തില്‍ വീക്കം ഉണ്ടാകാം. ചിലതൊക്കെ ശരീരത്തിന്റെ ആരോഗ്യത്തെ തടസപ്പെടുത്തുന്ന പരിക്കോ അസുഖമോ അല്ലെങ്കില്‍ ശരീരത്തില്‍ കടന്നുകൂടിയിട്ടുള്ള ഏതെങ്കിലും foreign body യോ ഒക്കെ കാരണമാകാം. എന്നാല്‍ ഇതൊന്നും അല്ലാതെ തെറ്റായതും ആരോഗ്യകരമല്ലാത്തതുമായ ഭക്ഷണക്രമം, നീണ്ട ജോലി സമയം, സമ്മര്‍ദ്ദം, ജീവിതശൈലിയിലുള്ള ക്രമമില്ലായ്മ ഇവയൊക്കെ ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകാന്‍ കാരണമായേക്കാം. ഇത്തരത്തിലുളള വീക്കത്തിനെയാണ് ഈ ഡയറ്റിലൂടെ വരുതിയിലാക്കാന്‍ കഴിയുന്നത്. വീക്കം ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ ഹൈ-സെന്‍സിറ്റിവിറ്റി സി-റിയാക്ടീവ് പ്രോട്ടീന്‍ (എച്ച്എസ്‌സിആര്‍പി), എറിത്രോസൈറ്റ് സെഡിമെന്റേഷന്‍ റേറ്റ് (ഇഎസ്ആര്‍), വിറ്റാമിന്‍-ഡി, ഹോമിയോസ്റ്റാറ്റിക് മോഡല്‍ അസസ്‌മെന്റ് ഫോര്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് (ഹോമ-ഐആര്‍) തുടങ്ങിയ പരിശോധനകളും നടത്താം.

ആന്റി ഇന്‍ഫ്‌ളമേറ്ററി ഡയറ്റില്‍ എന്തെല്ലാം അടങ്ങിയിട്ടുണ്ട്

പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ചീര, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ തവിടുളള അരി, തിന, പരിപ്പ്, ചിയാസീഡ്‌സ് പോലെയുളള വിത്തുകള്‍, ഒലിവ് ഓയില്‍ എന്നിവയും ഉണ്ടാകും. ഒമേഗ 3 ഒരു ശക്തമായ ആന്റി ഇന്‍ഫ്‌ളമേറ്ററി ഏജന്റാണ്. അതുകൊണ്ട് ഒമേഗ3 അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഫലവര്‍ഗ്ഗങ്ങള്‍

സ്‌ട്രോബറി, റാസ്ബറി, ബ്ലൂബെറി പോലെയുള്ള ഫലങ്ങളില്‍ ആന്തോസയാനിന്‍ എന്ന ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗാവസ്ഥയില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കും.

പച്ചക്കറികള്‍

ക്യാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയ പച്ചക്കറികളില്‍ വിറ്റാമിന്‍ കെ, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഈ പച്ചക്കറികള്‍ കഴിക്കുക വഴി ഹ്യദ് രോഗത്തിന്റെയും ക്യാന്‍സറിന്റെയും സാധ്യതയും കുറയും.

ഗ്രീന്‍ ടീ

ശരീരഭാരം കുറയ്ക്കാനും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ക്കും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ക്കും പേരുകേട്ടതാണ് ഗ്രീന്‍ടീ.

തക്കാളി

ചുവന്ന നിറത്തിലുള്ള തക്കാളിയില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം, ലൈക്കോപീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ ശക്തമായ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുളള ഒരു ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് പ്രോ ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങള്‍ കുറയ്ക്കും.

വെളിച്ചെണ്ണ

ദൈനംദിന ഭക്ഷണത്തില്‍ വെളിച്ചെണ്ണ ചേര്‍ക്കുന്നതുകൊണ്ട് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ കുറയ്ക്കും

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കശുവണ്ടിപ്പരിപ്പ്

ബദാം, കശുവണ്ടിപ്പരിപ്പ്, വാല്‍നട്ട്, എന്നിവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ മോണോ സാച്ചുറേറ്റഡ്, പോളി അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍ഫ്‌ളമേഷനും ക്യാന്‍സര്‍ സാധ്യതയും കുറയ്ക്കും.

ഡാര്‍ക്ക് ചോക്ലേറ്റ്

ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇതില്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുളള സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്.

ആന്റി ഇന്‍ഫ്‌ളമേറ്ററി ഡയറ്റിന് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലെന്ന് പറയുമ്പോഴും ഡയറ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുമായി ബന്ധപ്പെടുന്നത് നല്ലതാണ്.

Content Highlights :What is an anti-inflammatory diet?

Content Courtesy: India Today

dot image
To advertise here,contact us
dot image