കുറച്ച് ബിയര്‍ കഴിച്ചാല്‍ എന്ത് സംഭവിക്കും. ഒന്നും സംഭവിക്കില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. മിതമായ ബിയര്‍ ഉപയോഗത്തിന് ചില ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നാണ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പറയുന്നത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, എല്ലുകളുടെ സാന്ദ്രതയെ സഹായിക്കുക, വ്യക്കയില്‍ കല്ലുണ്ടാകാനുളള സാധ്യത കുറയ്ക്കുക തുടങ്ങി പല ഗുണങ്ങളാണ് ബിയര്‍ ഉപയോഗത്തിനുള്ളത്. ബിയര്‍ ഉപയോഗം മിതമായ രീതിയില്‍ നല്ലതാണെന്ന് പറയുമ്പോഴും അതിന്റെ അമിതമായ ഉപയോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കാനും കരളിന് തകരാറ് ഉണ്ടാക്കാനും മദ്യാസക്തി ഉണ്ടാക്കാനും കാരണമായേക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രസിദ്ധീകരിക്കപ്പെട്ട പഠന റിപ്പോര്‍ട്ട് പറയുന്നത്, ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഒരു ദിവസം 330 മില്ലി ബിയര്‍ വരെ അതായത് 5ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയത് സ്ത്രീകള്‍ക്കും 2 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയത് പുരുഷന്മാര്‍ക്കും കഴിക്കാം എന്നാണ്.
പല മെഡിക്കല്‍ ഗവേഷണങ്ങളും പറയുന്നതുപോലെ മിതമായി ബിയര്‍ ഉപയോഗിക്കുന്നത് അതിലടങ്ങിയിരിക്കുന്ന പോളിഫൈനോളിന്റെ പ്രവര്‍ത്തനം കൊണ്ട് ഹൃദയാരോഗ്യത്തെ വളരെയധികം സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ക്ക് ആന്റി ഓക്‌സിഡന്റും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. ഇതിന് കൊളസ്‌ട്രോളിന്റെ അളവ് നല്ല രീതിയില്‍ കുറയ്ക്കാന്‍ സാധിക്കും.
ബിയര്‍ ഒരു ഡയറ്ററി സിലിക്കണ്‍ ആയതുകൊണ്ട് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത് അസ്ഥിയിലെ ധാതുക്കളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കും.
കൂടുതല്‍ ജലാംശം ഉണ്ടാകുന്നതുകൊണ്ടും ഡൈയൂറ്ററിക്ക് ഗുണങ്ങള്‍ കൊണ്ടും വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാറുണ്ട്. ഇതിനുളള സാധ്യത കുറയ്ക്കാന്‍ ബിയര്‍ സഹായിക്കും. ബിയറിലടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങള്‍ കല്ലുകളുടെ രൂപവത്കരണത്തെ തടയുകയും ചെയ്യുന്നു.
ബിയറില്‍ നിരവധി ബി വിറ്റാമിനുകളും ആവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി1(തയാമിന്‍), ബി2(റൈബോഫ്‌ളേവിന്‍), ബി6(പിറിഡോക്‌സിന്‍), ബി9(ഫോളേറ്റ്), ബി12(കോബാലമിന്‍) എന്നിവ ഊര്‍ജ ഉത്പാദനത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും പ്രധാന പങ്ക് വഹിക്കുന്നു.
ബിയര്‍ ഉപയോഗം വലിയ അളവിലായാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ശരീരഭാരം കൂടാന്‍ കാരണമാകും. ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സ്ഥിരമായി വലിയ അളവില്‍ ബിയര്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. അതുപോലെ ഇത് മദ്യത്തിനോടുള്ള ആസക്തി വര്‍ദ്ധിപ്പിക്കുന്നു.
നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം
Content Highlights : Drinking beer has many benefits, right?