ദിവസവും സാരിയുടുക്കാന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍? സാരി ഇഷ്ടമല്ലാത്ത സ്ത്രീകള്‍ ഉണ്ടാവില്ല അല്ലേ? എന്നാല്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. സാരി ഉടുക്കുന്നത് സ്‌കിന്‍ ക്യാന്‍സറിന് കാരണമാകുമെന്നാണ് ബിഹാറിലെയും മഹാരാഷ്ട്രയിലെയും ഒരുകൂട്ടം ഡോക്ടര്‍മാരുടെ പഠനം തെളിയിക്കുന്നത്. വാര്‍ധയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലേയും ബീഹാറിലെ മധുബനി മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ബിഎംജെ കേസ് റിപ്പോര്‍ട്ടുകളില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കിത്. 'സാരി കാന്‍സര്‍' അല്ലെങ്കില്‍ 'പെറ്റിക്കോട്ട് ക്യാന്‍സര്‍ ' എന്നാണ് ഇത് അറിയപ്പെടുന്നത്. അരക്കെട്ടില്‍ വളരെ മുറുക്കി അടിപ്പാവാടയും സാരിയും ഉടുക്കുമ്പോള്‍ വരുന്ന ആരോഗ്യ പ്രശ്‌നമാണിത്.
ഇത്തരത്തില്‍ ഗുരുതരാവസ്ഥയില്‍ എത്തിയ രണ്ട് സ്ത്രീകളെ ചികിത്സിച്ച ശേഷമാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പുമായി എത്തിയത്. ആദ്യ സംഭവത്തില്‍ 70 വയസുള്ള ഒരു സ്ത്രീ 18 മാസമായി ശരീരത്തിന്റെ വലതു വശത്ത് വേദനയുമായി നടന്ന ശേഷം ആശുപത്രിയില്‍ എത്തുകയായിരുന്നു. അങ്ങനെയാണ് മാരകമായ സ്‌കിന്‍ അള്‍സര്‍ മൂലം അവര്‍ വൈദ്യസഹായം തേടിയത്.ഡോക്ടര്‍മാര്‍ ബയോപ്‌സി നടത്തുകയും അവര്‍ക്ക് അള്‍സറേറ്റിംഗ് സ്‌കിന്‍ ക്യാന്‍സര്‍ അഥവാ മാര്‍ജോലിന്‍ അള്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. 60 വയസുകാരിയായ മറ്റൊരു സ്ത്രീ തന്റെ വലതുവശത്തുള്ള അള്‍സര്‍ രണ്ട് വര്‍ഷം ചികിത്‌സിച്ചിട്ടും ഭേദമാകാതെയാണ് ഡോക്ടറെ സമീപിച്ചത്. 40 വര്‍ഷമായി പരമ്പരാഗമായ 'ലുഗ്ഡ' സാരി ധരിക്കുന്ന സ്ത്രീയായിരുന്നു അവര്‍.
മാര്‍ജോലിന്‍ ക്യാന്‍സര്‍ വളരെ അപൂര്‍വ്വമായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ പിടിപെട്ടാല്‍ അപകടകരവുമാണ്. സാരി അരയില്‍ മുറുകെ കെട്ടുമ്പോള്‍ ചര്‍മ്മത്തിലുണ്ടാകുന്ന സമ്മര്‍ദ്ദം പലപ്പോഴും ചര്‍മ്മത്തിലെ അട്രോഫിയിലേക്ക് നയിക്കുകയും അവിടെ അള്‍സര്‍ രൂപപ്പെടുകയും ചെയ്യും.നിരന്തരമായി സാരിയുടുക്കുന്നവരാണെങ്കില്‍ എന്നും അരയില്‍ പാവാടയും സാരിയും മുറുകെ ചുറ്റുകയും ഈ ഭാഗങ്ങളില്‍ വീക്കവും അസ്വസ്ഥതയും ഉണ്ടാവുകയും ചെയ്യുന്നു. പക്ഷേ ഇത് വകവയ്ക്കാതെ വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തില്‍ മുറിവും ചൊറിച്ചിലും കുരുക്കളും ഒക്കെ ഉണ്ടാക്കും. ഇതിനൊപ്പം അഴുക്കും വിയര്‍പ്പും ഒക്കെക്കൂടി അടിഞ്ഞുകൂടുമ്പോള്‍ അത് ഗുരുതര പ്രശനങ്ങളിലേക്ക് വഴിതെളിക്കും. അത് കാലങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ഗുരുതരാവസ്ഥയിലേക്ക് മാറാനിടയാകും.
ഇത്തരത്തില്‍ ചര്‍മ്മ പ്രശ്‌നം ഉണ്ടാകുന്നുവെന്ന് തോന്നുമ്പോള്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. മുറിവും കുരുക്കളും മറ്റും ഉണ്ടാകുമ്പോള്‍ ദീര്‍ഘകാലത്തേക്ക് ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അരക്കെട്ടില്‍ മുറുകെ കെട്ടുന്ന ഏത് വസ്ത്രമായാലും ഇത് ശ്രദ്ധിക്കേണ്ടതാണ്.
Content Highlights :What is the truth behind saying that wearing a saree can cause skin cancer? A shocking study report has come out