
രാവിലെ എഴുന്നേറ്റ് നടക്കാൻ പോകുന്ന ശീലമുണ്ടോ? അതോ വൈകീട്ട് ഓട്ടമാണോ പതിവ്? നിങ്ങൾ ഇതിൽ ഏതാണ് തിരഞ്ഞെടുക്കുന്നത്. നടത്തമാണോ വൈകുന്നേരത്തെ ഓട്ടമാണോ നല്ലതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശരീരത്തിൻ്റെ ആരോഗ്യത്തിനും ഊർജ്ജ ഉത്പാദനത്തിനും ഏറെ ഗുണകരമാണ് ഇത്തരത്തിലുള്ള ചെറിയ വ്യായാമങ്ങൾ.
ഹൃദയാരോഗ്യത്തിന് വ്യായാമം വളരെ അത്യാവശ്യമാണ്. പല ആളുകളും പ്രഭാത നടത്തത്തിന് പ്രാധാന്യം നൽകുമ്പോൾ മറ്റു ചിലർ സായാഹ്ന ഓട്ടത്തെ ഇഷ്ടപ്പെടുന്നു. എന്നാൽ ഇവയിൽ ഏതാണ് ഹൃദയത്തിന് കൂടുതൽ പ്രയോജനം ചെയ്യുക? രണ്ടുതരം വ്യായാമങ്ങൾക്കും അതിൻ്റേതായ ഗുണങ്ങളുണ്ട്. ഓരോരുത്തരുടേയും ആരോഗ്യാവസ്ഥ, പ്രായം, ശാരീരിക ക്ഷമത, ജീവിത ശൈലി എന്നിവയെ ആശ്രയിച്ചായിരിക്കും ഏതാണ് ഉത്തമം എന്ന് മനസിലാവുക.
പ്രഭാത നടത്തം എന്നത് ലളിതവും എന്നാൽ വളരെ ഫലപ്രദവുമായ ഒരു വ്യായാമമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കും പ്രായമായവർക്കും അതുപോലെ വ്യായാമം ചെയ്യാൻ തുടങ്ങുന്നവർക്കും ഇത് ഒരുപാട് പ്രയോജനം ചെയ്യും. മിതമായ വേഗത്തിലുള്ള നടത്തം രക്തയോട്ടം കൂട്ടുകയും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. പഠനങ്ങൾ കാണിക്കുന്നത് പ്രഭാത നടത്തം ധമനികളുടെ കാഠിന്യം കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും എന്നാണ്.
അതിരാവിലെയുള്ള നടത്തം ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നതാണ്. ഒരു ദിവസം മുഴുവൻ സുഖകരമായ മാനസികാവസ്ഥ നിലനിർത്താൻ നടത്തം സഹായിക്കും. കൂടാതെ വിറ്റാമിൻ ഡി ശരീരത്തിന് ലഭ്യമാക്കാനും ഇത് അനുയോജ്യമാണ്. ശരീരത്തിൻ്റെ ആരോഗ്യത്തിനും ഊർജ്ജ ഉത്പാദനത്തിനും ഏറെ ഗുണകരമാണ് രാവിലെയുള്ള നടത്തം.
അമിത ശരീര ൃഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാവിലത്തെ നടത്തം തിരഞ്ഞെടുക്കുന്നത് നല്ലതാണ്. വെറും വയറ്റിലാണ് നടക്കുന്നതെങ്കിൽ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. പ്രമേഹ രോഗികൾക്കും രാവിലത്തെ നടത്തം തിരഞ്ഞെടുക്കാവുന്ന ഒന്നാണ്.
ഹൃദയമിടിപ്പും രക്തസമ്മർദ്ദവുമെല്ലാം നിയന്ത്രണത്തിൽ നിർത്താനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രഭാത നടത്തം സഹായകമാണ്. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനായി പ്രഭാതത്തിലുള്ള നടത്തം സഹായിക്കും.
വൈകുന്നേരത്തെ ഓട്ടം കൂടുതൽ തീവ്രമായ ഹൃദയ വ്യായാമം നൽകുന്നു എന്ന് ഡോക്ടർമാർ പറയുന്നു. ഉയർന്ന ശാരീരിക ക്ഷമതയും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമില്ലാത്ത വ്യക്തികൾക്ക് ഇത് വളരെ അനുയോജ്യമാണ്. ഓട്ടം ഒരു മികച്ച എയറോബിക് വ്യായാമമാണ്. ഇത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും, രക്തയോട്ടം വർദ്ധിപ്പിക്കുകയും, മൊത്തത്തിലുള്ള ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ശരീരത്തിൻ്റെ ആരോഗ്യത്തിന് ഏറ്റവും നല്ല വ്യായാമങ്ങളിൽ ഒന്നാണ് വൈകുന്നേരങ്ങളിലെ ഓട്ടം. വൈകുന്നേരങ്ങളിൽ ഓടുന്നത് എച്ച്ഡിഎൽ അളവ് വർധിപ്പിക്കുകയും എൽഡിഎൽ കുറയ്ക്കുകയും ചെയ്യും. ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ ഗുണകരമായ ഒന്നാണ് വൈകുന്നേരത്തെ ഓട്ടമെന്നാണ് വിദഗ്ധർ പറയുന്നത്. എയറോബിക് വ്യായാമമായ ഓട്ടം മയോകാർഡിയത്തെ ശക്തിപ്പെടുത്തും.
പലരും പല സമയങ്ങളിലാണ് നടത്തത്തിനായി തിരഞ്ഞെടുക്കാറുള്ളത്. രാവിലെ നടക്കണോ അതോ വൈകുന്നേരം ഓടണോ എന്നത് ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്കും ആരോഗ്യത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ചിരിച്ച് തീരുമാനിക്കുക. വിദഗ്ധാഭിപ്രായവും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത് കൂടുതല്‍ ഗുണപ്രദമായിരിക്കും.
Content Highlights: Morning walk vs evening run for heart health