
ശരീര വേദനയും പനിയും ഉണ്ടാകുമ്പോള്‍ മിക്ക ആളുകളും കഴിക്കുന്ന ഒരു സാധാരണ മരുന്നാണ് പാരസെറ്റമോള്‍. കഴിഞ്ഞ ദിവസം ' ഇന്ത്യക്കാര്‍ ഡോളോ - 650 കഴിയ്ക്കുന്നത് ജെംസ് മിഠായി കഴിക്കുന്നതുപോലെയെന്നാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റും ആരോഗ്യ വിദഗ്ധനുമായ ഡോ. പളനിയപ്പന്‍ മാണിക്കം പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇന്ത്യക്കാര്‍ക്കിടയില്‍ പാരസെറ്റാമോള്‍ ഉപയോഗം വലിയ രീതിയില്‍ കൂടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും ഡോക്ടറെ കാണാതെയുമാണ് പലരും ഈ മരുന്ന് സ്വന്തം ഇഷ്ട പ്രകാരം കഴിക്കുന്നത്.
പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നത് കരളിന് ഹാനികരമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പാരസെറ്റമോള്‍ എന്ന വേദന സംഹാരി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എത്രത്തോളം ഹാനികരമാണെന്നും അത് അമിതമായി കഴിച്ചാല്‍ എന്തുചെയ്യണമെന്നും അറിയാം.
1878 ലാണ് ആദ്യമായി പാരസെറ്റമോള്‍ നിര്‍മിക്കുന്നത്. ഇത് ഒരു വേദന സംഹാരിയും ആന്റിസെപ്റ്റിക് മരുന്നുമാണ്. നേരിയതോ മിതമായതോ ആയ വേദനയും പനിയും കുറയ്ക്കാന്‍ ഇത് ഉപയോഗിക്കുന്നു. തലവേദന, മൈഗ്രെയ്ന്‍, നടുവേദന, റുമാറ്റിക്, പേശി വേദന, ആര്‍ത്രൈറ്റിസ് വേദനയും വീക്കവും, പല്ലുവേദന, ആര്‍ത്തവ വേദന, ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങള്‍, തൊണ്ടവേദന,സൈനസ് വേദന, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദനകള്‍, പനി എന്നീ അവസ്ഥകള്‍ക്ക് പാരസെറ്റാമോള്‍ ഉപയോഗിക്കാം.
വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഈ മരുന്ന് ശരിയായി ഉപയോഗിക്കുമ്പോള്‍ സുരക്ഷിതമാണെന്ന് കരുതുന്നുണ്ടെങ്കിലും പാരസെറ്റമോള്‍ അതീവ ജാഗ്രതയോടെവേണം കഴിക്കാന്‍. ഇത് ഒരു ആന്റി-ഇന്‍ഫ്‌ളമേറ്ററി മരുന്നല്ല. മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, മുതിര്‍ന്നവര്‍ക്ക് അനുവദനീയമായ പരമാവധി ഡോസ് പ്രതിദിനം 4 ഗ്രാം ആണ്. ഡോസുകള്‍ക്കിടയില്‍ കുറഞ്ഞത് നാല് മണിക്കൂര്‍ ഇടവേള വേണം. ചെറിയ കുട്ടികള്‍ക്ക് ശരിയായ ഡോസാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്താന്‍ മരുന്നിനൊപ്പം ലഭിക്കുന്ന ഓറല്‍ സിറിഞ്ചോ, അളക്കുന്ന സ്പൂണോ ഉപയോഗിക്കാം.
നിങ്ങളോ നിങ്ങളുടെ കുട്ടിയോ അമിതമായി പാരസെറ്റമോള്‍ കഴിച്ചാല്‍ അത് കുഴപ്പമില്ല എന്ന ധാരണയോടെ വച്ചുകൊണ്ടിരിക്കരുത്. ഉടനടി വൈദ്യ സഹായം തേടണം. പാരസെറ്റമോള്‍ ഗുരുതരമായ കരള്‍ രോഗത്തിന് കാരണമാകുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യ 24 മണിക്കൂറില്‍ അമിതമായി കഴിച്ചതിന്റെ ലക്ഷണങ്ങളൊന്നും കാണപ്പെടുന്നില്ല എങ്കിലും വിളര്‍ച്ച, ഓക്കാനം,വിയര്‍ക്കല്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറുവേദന എന്നിവ അനുഭവപ്പെടാം.
Content Highlights :What to do if you overdose on paracetamol. What is the safe dose of paracetamol for the body?