
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വൃക്ക. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. മൂത്രത്തിന്റെ ഉത്പാദനം, ധാതുക്കളെ സന്തുലിതമാക്കുക, രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുക, ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക, അസ്ഥികളെ ശക്തമായി നിലനിര്‍ത്തുക, ശരീരത്തിലെ ആസിഡും ബേസും സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുക തുടങ്ങിയവയെല്ലാം ചെയ്യുന്നത് വൃക്കകളാണ്. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമാണ് വിട്ടുമാറാത്ത വൃക്കരോഗത്തിനും വൃക്ക തകരാറിനും ഏറ്റവും സാധാരണമായ കാരണങ്ങള്‍.
വൃക്കയുടെ പ്രവര്‍ത്തനം മോശമായാല്‍ അത് പല രീതിയിലാണ് ശരീരത്തില്‍ പ്രകടമാകുന്നത്. അമിത ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, ആശയക്കുഴപ്പം അല്ലെങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ബുദ്ധിമുട്ട്, പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍ അല്ലെങ്കില്‍ മുഖം എന്നിവയ്ക്ക് ചുറ്റും ഉണ്ടാകുന്ന വീക്കം, നിങ്ങള്‍ എത്ര തവണ മൂത്രമൊഴിക്കുന്നു എന്നതിലെ മാറ്റം,പേശിവലിവ്, വരണ്ടതോ ചൊറിച്ചിലോ ഉള്ള ചര്‍മ്മം, വിശപ്പ് കുറവ്, അല്ലെങ്കില്‍ ഭക്ഷണത്തിന് ലോഹ രുചി ഉണ്ടാവുക ഇവയെല്ലാം ലക്ഷണങ്ങളാണ്. എങ്കിലും ഏറ്റവും ഗുരുതരമായ ലക്ഷണങ്ങളില്‍ ചിലത് ഇവയാണ്…
ശരീരത്തിലെ നീര്
ശരീരം നീരുവയ്ക്കുന്നത് വൃക്ക തകരാറിലാകുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ്. വൃക്ക പ്രവര്‍ത്തനക്ഷമമല്ല എന്നാണ് ഇതില്‍ നിന്ന് നമ്മള്‍ മനസിലാക്കേണ്ടത്.
ക്ഷീണം ഉണ്ടാവുക
വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുന്നതിന്റെ മറ്റൊരു ലക്ഷണമാണ് ക്ഷീണം. വൃക്ക ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഇല്ലാതാകുമ്പോഴുളള അവസ്ഥയാണ് ക്ഷീണത്തിന് കാരണം. ഇത് രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍നിന്ന് ശരീരത്തെ വിലക്കുന്നു.
ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍
ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വൃക്ക തകരാറിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണമാണ്. ചര്‍മ്മത്തിന് പുറത്ത് അലര്‍ജികളുണ്ടാവുക. അതുപോലെ മറ്റ് തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാവുക.
മൂത്രത്തിലെ വൃത്യാസങ്ങള്‍
മൂത്രത്തിലുണ്ടാകുന്ന പല വ്യത്യാസങ്ങളും വൃക്കതകരാറിന്റെ പ്രത്യക്ഷത്തിലുളള പ്രധാനപ്പെട്ട ലക്ഷണമാണ്. മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക, മൂത്രമൊഴിക്കുമ്പോള്‍ പതപോലെയുണ്ടാവുക എന്നിവയെല്ലാം വൃക്ക പ്രവര്‍ത്തനരഹിതമാണെന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണം സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ ഉടന്‍തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.
മലത്തിലെ രക്തം
മൂത്രത്തിലെ പോലെതന്നെ മലത്തില്‍ രക്തം കാണുന്നതും വളരെ ഗൗരവകരമായി എടുക്കേണ്ട കാര്യമാണ്.
(ആരോഗ്യകാര്യത്തില്‍ എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ സ്വയം തീരുമാനത്തിലെത്താതെ തീര്‍ച്ചയായും വിദഗ്ധരുടെ സേവനങ്ങള്‍ തേടേണ്ടതാണ്)
Content Highlights :Are your kidneys in danger? Don't ignore these signs