ക്രിസ്മസിന് ചുവന്ന കുപ്പായവും തൊപ്പിയും ഒക്കെയണിഞ്ഞ് സമ്മാനങ്ങളുമായി എത്തുന്ന സാന്റാക്ലോസ് ശരിക്കും ആരാണ്. സാന്റാക്ലോസ് ആരാണെന്ന ചരിത്രം പരിശോധിക്കുമ്പോള്‍ അവിടെ സെയിന്റ് നിക്കോളാസ് എന്ന പേര് എടുത്തുപറയേണ്ടതാണ്. അദ്ദേഹമാണ് യഥാര്‍ഥത്തില്‍ സാന്റാക്ലോസ് എന്ന് അറിയപ്പെടുന്നത്. നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനര്‍ പ്രവിശ്യയിലെ (ഇന്നത്തെ തുര്‍ക്കി) മൈറ എന്ന നഗരത്തിലാണ് വിശുദ്ധ നിക്കോളാസ് താമസിച്ചിരുന്നത്.
മൈറയുടെ ബിഷപ്പായിരുന്നു അദ്ദേഹം. കുട്ടികളോടും ആലംബരോടും അടുപ്പം കാണിക്കുകയും ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഒക്കെ ചെയ്തിരുന്നു അദ്ദേഹം. നല്ല പെരുമാറ്റമുള്ള കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്ന അദ്ദേഹം ഡച്ച് നാടോടി വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതിന്റെ പേരിലും ആദ്യം അറിയപ്പെട്ടിരുന്നു. കാലക്രമേണെ ഈ കഥാപാത്രം ക്രിസ്മസുമായി ചേര്‍ന്ന് ഇന്ന് നമുക്ക് അറിയാവുന്ന സാന്റാക്ലോസ് ആയി മാറുകയായിരുന്നു.
എന്നാലിപ്പോള്‍ വിശുദ്ധ നിക്കോളാസിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞന്മാര്‍. അദ്ദേഹത്തിന്റെ മരണത്തിന് 1700 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു അത്ഭുതകരമായ വെളിപ്പെടുത്തല്‍ നടക്കുന്നത്. ശാസ്ത്രലോകത്തെയും ജനങ്ങളെയും ഒക്കെ അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തല്‍ തന്നെയാണ് ഇത്. ഒരു രേഖാചിത്രം പോലും ഇല്ലാതിരുന്നിട്ടും എങ്ങനെയാണ് ഗവേഷകര്‍ കൃത്യമായി സാന്റയുടെ മുഖം നിര്‍മ്മിച്ചെടുത്തതെന്നല്ലേ നിങ്ങള്‍ അത്ഭുതപ്പെടുന്നത്. വിശുദ്ധ നിക്കോളാസിന്റെ തലയോട്ടിയില്‍നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഇത് സാധ്യമായത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗവേഷകര്‍ മൈറയിലെ വിശുദ്ധ നിക്കോളാസിന്റെ മുഖം ഫോറന്‍സിക്കലി പുനര്‍നിര്‍മ്മിച്ചെടുക്കുകയായിരുന്നു.
വിശുദ്ധ നിക്കോളാസിനെ ആദ്യം മൈറയില്‍ അടക്കം ചെയ്യുകയും പിന്നീട് അദ്ദേഹത്തിന്റെ അസ്ഥികള്‍ ഇറ്റലിയിലെ ബാരിയിലേക്ക് മാറ്റുകയുമായിരുന്നു. അദ്ദേഹത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തിയപ്പോള്‍, വിശുദ്ധന്റെ നട്ടെല്ലിലും ഇടുപ്പിലും വിട്ടുമാറാത്ത സന്ധിവേദനയുണ്ടായിരുന്നുവെന്നും തലവേദനയുണ്ടായിരുന്ന കട്ടിയുളള തലയോട്ടിയും ആയിരുന്നുവെന്നുമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ യഥാര്‍ഥ മുഖം നിര്‍മ്മിക്കാനായി, ലഭിച്ചിരുന്ന ഡേറ്റ ഉപയോഗിച്ച് 3D യില്‍ അനാട്ടമിക് ഡി ഫോര്‍മേഷന്‍ ടെക്‌നിക്കാണ് ഉപയോഗിച്ചത്.
ഈ പഠനം നടത്തിയവരില്‍ പ്രധാനിയായ സിസറോ മോറസ് ഇന്‍സ്റ്റഗ്രാമിലൂടെ സാന്റയുടെ ചിത്രങ്ങള്‍ പങ്കിട്ടിട്ടുണ്ട്. വിശാലമായ നെറ്റിത്തടവും നേര്‍ത്ത ചുണ്ടുകളും, ഉരുണ്ട മൂക്കും ഒക്കെയാണ് ചിത്രത്തില്‍ സാന്റയുടെ രൂപം, ഈ 3D ചിത്രങ്ങളില്‍ സാന്റയുടെ മുഖം ശക്തവും എന്നാല്‍ സൗമ്യവുമാണെന്ന് മോറസ് പറയുന്നുണ്ട്.
Content Highlights :Scientists have revealed the real face of Santa Claus after 1700 years