
വിവാഹവുമായി ബന്ധപ്പെട്ട് പല ചടങ്ങുകളെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ടാകും. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിൻ്റെ കൂടെ പോകാന്‍ നേരം വധുവിന്റെ കരച്ചില്‍ സ്വാഭാവികമായ ഒന്നാണ്. എന്നാൽ അത് ആചാരമായി കാണുന്ന നാടുണ്ട്. വധു കരഞ്ഞില്ലെങ്കിൽ പ്രശ്നമാകുന്ന ഒരു വിഭാഗം ആളുകളുമുണ്ട്.
ചൈനയിലെ ഒരു വിഭാഗം ആളുകളാണ് വിവാഹേഷം വധു കരയാതിരുന്നാല്‍ പെണ്‍കുട്ടികളെ അവജ്ഞയോടെ മാത്രം കാണുന്നത്. ചൈനയുടെ തെക്ക് പടിഞ്ഞാറന് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സിഷ്വാന്‍ പ്രവിശ്യയിലെ തുജിയ ഗോത്ര വിഭാഗക്കാര്‍ വിവാഹത്തിന് മുന്നോടിയായുള്ള വധുവിന്റെ കരച്ചില്‍ വികാരപ്രകടനമല്ല മറിച്ച് ആചാരമായിട്ടാണ് കണക്കാക്കുന്നത്. വിവാഹസമയത്ത് സ്ത്രീകള്‍ കരയണം എന്നുള്ളത് ഇവര്‍ക്കിടയിലെ നിര്‍ബന്ധിത ആചാരമാണ്. വിവാഹം കഴിഞ്ഞ് ചെക്കന്റെ കൂടെ പോകുമ്പോഴാണ് നമ്മുടെ നാട്ടിൽ കൂടുതലും വധു കരയുന്നത്. എന്നാൽ ഇവിടെ അങ്ങനെ ഒറ്റത്തവണ കരഞ്ഞാൽ പോരാ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചടങ്ങായി തന്നെ നിൽക്കുന്നതാണ് കരച്ചില്‍ പരിപാടി.
ഒരു ഷാവോ രാജകുമാരിയെ യാൻ രാജാവിന് വിവാഹം കഴിപ്പിച്ചപ്പോൾ, അവളുടെ അമ്മ ദുഃഖത്തോടെ നിലവിളിക്കുകയും മകളുടെ വിദൂര വിവാഹത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. നിങ്ങളെ ഒരിക്കലും തിരിച്ചയക്കാതിരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് വിവാഹ ആചാരത്തിന് തുടക്കം കുറിച്ചത്. വധുവിന്റെ കണ്ണീർ കുടുംബത്തിനോടുള്ള സ്നേഹത്തിൻ്റെ പ്രതിഫലനമാണെന്നും മുന്നോട്ടുള്ള ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകാൻ കാരണമാണെന്നുമാണ് വിശ്വാസം. പതിനേഴാം നൂറ്റാണ്ടില്‍ ആരംഭിച്ചതെന്ന് കണക്കാക്കുന്ന ഈ ആചാരം കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോളവും പിന്തുടര്‍ന്നിരുന്നു. പിന്നീട് ഇത് കാലക്രമേണ അല്‍പം മാറ്റങ്ങൾ വന്നെങ്കിലും ഇന്നും പൂര്‍ണ്ണമായും ഈ ആചാരം നിന്ന് പോയിട്ടില്ല. കാലം മാറിയതോടെ വിവാഹത്തിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ എങ്ങനെ കരയണം എന്നത് വധുവിന് ബന്ധുക്കള്‍ ചേര്‍ന്ന് പറഞ്ഞുകൊടുക്കുന്ന സമ്പ്രദായം വരെ ഉണ്ടായി. കരച്ചിലോട് കൂടിയ ഒരു വിവാഹ ഗാനം പോലും ഉടലെടുത്തു. സാധാരണയായി വിവാഹത്തിന് മൂന്നോ ഏഴോ ദിവസം മുമ്പാണ് കരച്ചില്‍ ആചാരം ആരംഭിക്കുന്നത്. എന്നാല്‍ ചിലർ മൂന്ന് മാസം മുന്‍പ് തന്നെ ചടങ്ങ് ആരംഭിച്ചുവെക്കാറുണ്ട്.
വിവാഹത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കരച്ചിലാചാരം അതിന്റെ ഏറ്റവും മൂര്‍ധന്യത്തിലെത്തും വിവാഹ വേദിയില്‍ എത്തുന്നത് വരെ തുടര്‍ച്ചയായുള്ള കരച്ചിലാണ് പിന്നീടുള്ളത്. ഗോത്രവര്‍ഗത്തിലെ തന്നെ യി എന്ന വിഭാഗക്കാര്‍ക്കിടയില്‍ വധുവിന് ഉപദേശവും ആശംസകളുമൊക്കെ നല്‍കികൊണ്ട് അമ്മ കരയുന്നതും ഇതിന് നന്ദി സൂചകമായി വധു അമ്മയ്‌ക്കൊപ്പം കരയുന്നതുമാണ് ചടങ്ങ്. ഇതിന് പുറമേ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് വധുകരയുന്ന മറ്റൊരു ചടങ്ങുമുണ്ട്. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ ചുക്സിയോങ് യി ഓട്ടോണമസ് പ്രദേശത്ത് വിവാഹത്തിന് മുന്നോടിയായി സുഹൃത്തുക്കളും ബന്ധുക്കളും വധുവിന് സമ്മാനങ്ങളുമായി എത്തുമ്പോള്‍ നന്ദി സൂചകമായി വധു കരയുന്നു.
വിവാഹിതരും അവിവാഹിതരുമായ സുഹൃത്തുക്കൾ സന്ധ്യാസമയത്ത് ഒത്തുകൂടി കരയുകയും പാടുകയും ചെയ്യുന്നു. ഒരു വധു തന്റെ വിവാഹത്തിൽ കരഞ്ഞില്ലെങ്കിൽ അവളെ നന്ദികെട്ടവളായോ ശരിയായ വിദ്യാഭ്യാസം ഇല്ലാത്തവളായോ കണക്കാക്കുകയും അവളുടെ അമ്മ അവളെ ശാസിക്കുകയും ചെയ്തേക്കാം. കരച്ചിലിനൊപ്പമുള്ള പാട്ടില്‍ മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമുള്ള നന്ദിയും സഹോദര സ്‌നേഹവും കഴിഞ്ഞ നല്ല നാളുകളെ കുറിച്ചുള്ള ഓര്‍മകളും വരാനിരിക്കുന്ന വിവാഹ ജീവിതത്തെ കുറിച്ചുള്ള ആശങ്കകളും എല്ലാം നിറഞ്ഞുനില്‍ക്കും.
മുന്‍കാലങ്ങളില്‍ കരച്ചിലിനിടയില്‍ വിവാഹാലോചനയ്ക്ക് നേതൃത്വം നല്‍കിയവരെ കുറ്റം പറയുന്ന രീതിയും നിലനിന്നിരുന്നു. അക്കാലത്ത് വിവാഹ കാര്യങ്ങളില്‍ വധുവിന് യാതൊരു തീരുമാനവും എടുക്കാന്‍ സാധിക്കുമായിരുന്നില്ല. ഇഷ്ടം നോക്കാതെ വിവാഹബന്ധങ്ങൾക്ക് വധുവിന് വഴങ്ങികൊടുക്കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാൽ ആ ഇഷ്ടക്കേടുകളും അതൃപ്തിയെല്ലാം കരച്ചിൽപ്പാട്ടിലൂടെ പ്രകടിപ്പിക്കാറുണ്ടായിരുന്നത്. കരച്ചിലാചാരം പിന്തുടർന്നില്ലെങ്കിൽ അയൽക്കാർ വധുവിനെ വിദ്യാഭ്യാസമില്ലാത്ത പെൺകുട്ടിയായി കണക്കാക്കുകയും കാലങ്ങളോളം പരിഹാസപാത്രമാവുകയും ചെയ്യും. ഇതു ഭയന്ന് വിവാഹത്തിനിടെ കരയാത്ത പെൺകുട്ടികളെ അമ്മമാർ തല്ലിയ സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ഈ രീതി ചൈനയിൽ മാത്രം ഒതുങ്ങുന്നതല്ല.
Content Highlights: China ‘crying wedding’ custom sees women singing farewell laments for life they leave behind