വരിക്കാരുടെ നഷ്ടത്തിൽ റിലയൻസ് ജിയോ കിതയ്ക്കുമ്പോൾ കുതിച്ച് ബിഎസ്എൻഎൽ. തുടർച്ചയായ മൂന്നാം മാസമാണ് വരിക്കാരുടെ എണ്ണത്തിൽ റിയലയൻസ് ജിയോയ്ക്ക് നഷ്ടം നേരിടുന്നത്. സെപ്റ്റംബറിൽ 7.96 ദശലക്ഷം ഉപയോക്താക്കൾ ജിയോയെ ഉപേക്ഷിച്ചതായാണ് കണക്കുകൾ. ഇന്ത്യൻ ടെലകോം രംഗത്തെ ഭീമന് നഷ്ടം സംഭവിച്ചപ്പോഴും ബിഎസ്എൻഎൽ ഒറ്റയ്ക്ക് നേട്ടമുണ്ടാക്കിയെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi) എന്നീ രാജ്യത്തെ മൂന്ന് പ്രധാന ടെലകോം ഓപ്പറേറ്റർമാരും അവരുടെ താരിഫുകളിൽ ജൂലൈ മാസം മുതൽ വലിയ വർദ്ധന കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെ ജൂലൈ മുതൽ ഇന്ത്യൻ ടെലകോം സേവനമേഖലയിലെ മുൻനിരക്കാരായ ജിയോ വരിക്കാരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിന് മുമ്പുള്ള രണ്ട് മാസങ്ങളിൽ ജിയോ നേരിട്ട യഥാക്രമം 4.01 ദശലക്ഷം, 0.76 ദശലക്ഷം ഉപയോക്തൃ നഷ്ടത്തേക്കാൾ വളരെ കൂടുതലാണ് ഏറ്റവും പുതിയ ഇടിവ്. ജിയോയ്ക്ക് കഴിഞ്ഞ 3 മാസത്തിനുള്ളിൽ 12.74 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ജൂൺ അവസാനത്തിലെ ഇവരുടെ മൊത്തം വരിക്കാരായ 476.52 ദശലക്ഷത്തിൽ നിന്നും 2.6 ശതമാനം ഉപയോക്താക്കൾ നഷ്ടപ്പെട്ടുവെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാക്കളായ എയർടെല്ലിന് സെപ്റ്റംബറിൽ 1.43 ദശലക്ഷം ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്. ജൂലൈയിൽ നഷ്ടപ്പെട്ട 2.4 ദശലക്ഷത്തേക്കാൾ കുറവാണിത്. കഴിഞ്ഞ 3 മാസത്തിനിടെ എയർടെല്ലിന് 5.53 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
Vi യ്ക്ക് സെപ്റ്റംബറിൽ 1.55 ദശലക്ഷം ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്. ഓഗസ്റ്റ്, ജൂലൈ മാസങ്ങളിൽ യഥാക്രമം 1.87 ദശലക്ഷം, 1.41 ദശലക്ഷം ഉപയോക്താക്കൾ നഷ്ടപ്പെട്ട Vi യ്ക്ക് സെപ്തംബറിൽ നഷ്ടം കുറഞ്ഞുവെന്ന് ആശ്വസിക്കാം.
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ തിരിച്ചു വരവിൻ്റെ പാതയിലാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഉപയോക്തൃ നഷ്ടം നേടിട്ടിരുന്ന ബിഎസ്എൻഎൽ ജൂലൈ മുതലാണ് നേട്ടം കെയ്യാൻ തുടങ്ങിയത്. ജൂലൈയിലും ഓഗസ്റ്റിലും യഥാക്രമം 2.9 ദശലക്ഷം, 2.53 ദശലക്ഷം ഉപയോക്താക്കളാണ് ബിഎസ്എൻഎല്ലിലേയ്ക്ക് പുതിയതായി എത്തിയത്. എന്നാൽ സെപ്തംബറിൽ ഇത് 8.4 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.. ബിഎസ്എൻഎൽ താരിഫുകൾ മാറ്റമില്ലാതെ തുടരുന്നതിനാൽ, എൻട്രി ലെവൽ പ്ലാനുകൾ ഉപയോഗിക്കുന്ന ധാരാളം വരിക്കാരാണ് ബിഎസ്എൻഎല്ലിലേയ്ക്ക് എത്തിയത്.
പുതിയ ഉപയോക്താക്കൾ വന്നപ്പോഴും ആകെ ഉപയോക്താക്കളുടെ എണ്ണത്തിൽ ബിഎസ്എൻഎല്ലിന് കുറവ് സംഭവിച്ചിരുന്നു. 2024-ൻ്റെ തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂലൈ അവസാനത്തോടെ 3.26 ദശലക്ഷം ഉപയോക്താക്കളുടെ കുറവാണ് ബിഎസ്എൻഎല്ലിന് സംഭവിച്ചത്. നവീകരണം ലക്ഷ്യമിടുന്ന ബിഎസ്എൻഎൽ 1 ലക്ഷം ടവറുകളുമായി രാജ്യവ്യാപകമായി 4G നെറ്റ്‌വർക്ക് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്വകാര്യ മേഖലയിലെ മുൻനിരക്കാരായ മൂന്ന് ടെലികോം ഓപ്പറേറ്റർമാരും ജൂലൈ ആദ്യവാരം താരിഫ് വർദ്ധിപ്പിച്ചപ്പോൾ നഷ്ടത്തിലാണെങ്കിലും ബിഎസ്എൻഎൽ അത് ഉയർത്തിയിരുന്നില്ല.
താരിഫ് വർധന സിം ഏകീകരണത്തിനും സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കലിനും കാരണമായിരുന്നു. സെപ്റ്റംബറിൽ ഇന്ത്യയിലെ മൊത്തത്തിലുള്ള മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം 10.1 ദശലക്ഷമായാണ് കുറഞ്ഞിരിക്കുന്നത്. ജൂലൈയിലും ഓഗസ്റ്റിലും ഇത് യഥാക്രമം 5.77 ദശലക്ഷമായും 9.22 ദശലക്ഷമായും കുറഞ്ഞിരുന്നു. സെപ്തംബറിൽ 13.32 ദശലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് (എംഎൻപി) അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ ഇത് 14.6 ദശലക്ഷവും ജൂലൈയിൽ 13.68 ദശലക്ഷവുമായിരുന്നു.
Content Highlight: Reliance Jio lost nearly 80 lakh subscribers in September BSNL added 8.4 lakh users