സർക്കാർ പദ്ധതികളുടെ കരാർ ലഭിക്കുന്നതിനായി കോടികൾ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ ഒടുവിൽ പ്രതികരണവുമായി ഗൗതം അദാനി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് വിശ്വസിക്കുന്നതെന്നും നിയമപരമായി കേസിനെ നേരിടാനാണ് അദാനി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നതെന്നും അദാനി പറഞ്ഞു.
ജയ്പൂരിൽ വെച്ച് നടന്ന ജെം ആൻഡ് ജ്വല്ലറി അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദാനി. ഇതാദ്യമായാണ് കൈക്കൂലി ആരോപണത്തിൽ അദാനി പരസ്യ പ്രതികരണം നടത്തുന്നത്. നിക്ഷിപ്ത താത്പര്യത്തോടെയുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും യാതൊരു വിധത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും കമ്പനി പ്രവർത്തിച്ചിട്ടില്ലെന്നും ഗൗതം അദാനി പറഞ്ഞു.
കമ്പനി ഇത്തരം വെല്ലുവിളികൾ നേരിടുന്നത് ഇതാദ്യമല്ലെന്നും ഓരോ ആക്രമണവും ഗ്രൂപ്പിനെ കൂടുതൽ ശക്തമാക്കിയെന്നും അദാനി അവകാശപ്പെട്ടു. മുന്നിൽ വരുന്ന തടസങ്ങൾ കൂടുതൽ പ്രതിരോധശേഷിയുള്ള അദാനി ഗ്രൂപ്പിന്റെ ചവിട്ടുപടിയാകുമെന്നും അദാനി പറഞ്ഞു.
ഇന്ത്യൻ സോളാർ പവർ സപ്ലൈ കരാറുകൾ ഉറപ്പാക്കാൻ വിവിധ സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരെയുള്ള പരാതി. വിവിധ രാജ്യങ്ങളിലെ പദ്ധതികൾ കാണിച്ച് അമേരിക്കയിലെ നിക്ഷേപകരിൽ നിന്ന് കൂടുതൽ പണം സ്വീകരിക്കുന്നതിനായി അദാനി ഗ്രൂപ്പ് പദ്ധതികൾ നടപ്പാക്കിയിരുന്നു. എന്നാൽ കൈക്കൂലി നൽകിയതടക്കമുള്ള കാര്യങ്ങൾ നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി ഓഹരിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ആണ് അദാനിക്കെതിരെ പരാതി നൽകിയത്.
തുടർന്ന് കേസിൽ അമേരിക്കൻ നീതിന്യായ വകുപ്പ് കുറ്റപത്രം രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ആന്ധ്രാപ്രദേശിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ അദാനി സന്ദർശിച്ചെന്നും കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നുമാണ് കുറ്റപത്രത്തിലെ ആരോപണം. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സമർപ്പിച്ച പരാതിയിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയെയാണ് അദാനി സന്ദർശിച്ചതെന്ന് പേരെടുത്ത് പരാമർശിക്കുന്നുണ്ട്.
2021 നും 2023 നും ഇടയിൽ ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്‌നാട്, ഒഡീഷ, ജമ്മു കശ്മീർ എന്നിവയുൾപ്പെടെ ഒന്നിലധികം സംസ്ഥാനങ്ങളിലുള്ള സംസ്ഥാന ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലിയായി നൽകാൻ അദാനി ഗ്രൂപ്പ് അസൂർ പവറുമായി ഗൂഢാലോചന നടത്തിയെന്നും യുഎസ് എസ്ഇസിയുടെ പരാതിയിൽ പറയുന്നുണ്ട്.
അദാനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധമുയര്‍ന്നിരുന്നു. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള കോൺഗ്രസിന്റെ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്നത്തെ പ്രതിഷേധം.
ചർച്ച സാധ്യമാക്കാതെ പാർലമെന്റിന്റെ പ്രവർത്തനം സുഗമമാകില്ലെന്നും പ്രതിഷേക്കാർ മുദ്രാവാക്യം മുഴക്കി. തുടർന്ന് സഭ നാളത്തേക്ക് പിരിഞ്ഞു. യു എസ് നിയമനടപടി ആരംഭിച്ചതോടെ ശ്രീലങ്ക, കെനിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ അദാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജിയുമായുള്ള കരാറിൽ നിന്ന് പിന്മാറിയിരുന്നു.
Content Highlights: Gautam Adani finally reacts to bribery allegations of US