വസ്തു നികുതി വളർച്ചയിൽ ഡൽഹി മുന്നിൽ; തൊട്ട് പിന്നിൽ രാജസ്ഥാനും തമിഴ്നാടും

രാജ്യത്തെ വസ്തു നികുതി വരുമാനത്തിൽ ഉയർന്ന കോമ്പൗണ്ട് ആനുവൽ ​ഗ്രോത്ത് റേറ്റ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹി ഏറ്റവും മുന്നിൽ. തൊട്ടുപിന്നിൽ രാജസ്ഥാനും തമിഴ്നാടുമാണ്

dot image

രാജ്യത്തെ വസ്തു നികുതി വരുമാനത്തിൽ ഉയർന്ന കോമ്പൗണ്ട് ആനുവൽ ​ഗ്രോത്ത് റേറ്റ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹി ഏറ്റവും മുന്നിൽ. തൊട്ടുപിന്നിൽ രാജസ്ഥാനും തമിഴ്നാടുമാണ്. ഡൽഹി 23 ശതമാനം സിഎജിആ‍ർ രേഖപ്പെടുത്തിയപ്പോൾ രാജസ്ഥാനും തമിഴ്നാടും 23 ശതമാനം സിഎജിആ‍റാണ് രേഖപ്പെടുത്തിയത്. സംസ്ഥാനങ്ങളിലെ മുൻസിപ്പൽ ധനകാര്യത്തെക്കുറിച്ച് 2019നും 2024നും ഇടയിലുള്ള സാമ്പത്തിക വ‍ർഷത്തെ അടിസ്ഥാനപ്പെടുത്തി ആ‍ർബിഐ തയ്യാറാക്കിയ വിശകലന ഡാറ്റയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

സംസ്ഥാനങ്ങളിലെ മുൻസിപ്പൽ കോർപ്പറേഷനുകളിലെ നികുതി വരുമാനത്തിൻ്റെ സിഎജിആർ റേറ്റ് 3 മുതൽ 26 വരെയാണ്. ഏറ്റവും കുറവ് സിഎജിആർ രേഖപ്പെടുത്തിയിരിക്കുന്നത് പശ്ചിമബം​ഗാളാണ്, മൂന്ന് ശതമാനം. ഏറ്റവും ഉയ‍ന്ന നികുതി വരുമാനം ലക്ഷ്യമിട്ടും മൊത്തത്തിലുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ചില സംസ്ഥാനങ്ങളിലെ മുൻസിപ്പൽ കോർപ്പറേഷനുക മറ്റു വരുമാന മാർ​​​ഗ്​ഗങ്ങളെക്കാൾ കൂടുതലായി വസ്തു നികുതിയെ ഉപയോ​ഗിച്ചുവെന്നാണ് ഈ ഡാറ്റകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുന്നത്.

മുനിസിപ്പൽ കോർപ്പറേഷനുകളുടെ സ്വന്തം നികുതി വരുമാനത്തിലെ പ്രധാന സ്രോതസ്സാണ് വസ്തു നികുതി. അഖിലേന്ത്യാ അടിസ്ഥാനത്തിൽ മുൻസിപ്പൽ കോർപ്പറേഷനുകളുടെ മൊത്തം റവന്യൂ വരുമാനത്തിൻ്റെ 16 ശതമാനത്തിലേറെയും അവരുടെ സ്വന്തം നികുതി വരുമാനത്തിൻ്റെ 70 ശതമാനവും വസ്തു നികുതിയാണ്.

​ഗ്ലോബൽ കേപ്പബിലിറ്റി സെൻ്റേഴ്സിൻ്റെ സാന്നിധ്യം തമിഴ്നാടിനും ആന്ധ്രാപ്രദേശിനും വസ്തു നികുതി വരുമാനത്തിൽ ​ഗുണകരമായെന്നാണ് കണക്കാക്കുന്നത്. ഓട്ടോമൊബൈൽ ഹബ്ബെന്ന മുന്നേറ്റം ഈ സംസ്ഥാനങ്ങൾക്ക് ​ഗുണകരമായി എന്നും വിലയിരുത്തലുണ്ട്. വിനോദസഞ്ചാരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് രാജസ്ഥാന് ​ഗുണകരമായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ സർ‌ക്കാർ സംവിധാനങ്ങളുടെ സാന്നിധ്യമാണ് ഡൽഹിയിലെ വസ്തു നികുതിയ്ക്ക് അനുകൂലമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.‌

2024ലെ സാമ്പത്തിക വർഷത്തിൽ മൊത്തം വരുമാന സ്രോതസ്സ് പരിഗണിക്കുമ്പോൾ തെലങ്കാനയിലെ മുൻസിപ്പൽ കോർപ്പറേഷനുകളുടെ മൊത്തം വരുമാനത്തിൻ്റെ പകുതി (50 ശതമാനം) വസ്തു നികുതിയാണ്. കർണാടക 43 ശതമാനം, ആന്ധ്രാപ്രദേശ് 35 ശതമാനം, തമിഴ്നാട് 27 ശതമാനം എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങളുടെ സ്ഥാനം. മഹാരാഷ്ട്രയിലെ മുൻസിപ്പൽ കോർപ്പറേഷനുകളുടെ വസ്തു നികുതിയിൽ മൊത്തം വരുമാനത്തിൻ്റെ 11 ശതമാനം മാത്രമാണ് വരുന്നത്.

2022 ഏപ്രിലിൽ തമിഴ്‌നാട് വസ്തു നികുതി നിരക്കുകൾ 25-100 ശതമാനം വർധിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ 2024 സെപ്റ്റംബറിൽ ചെന്നൈ കോർപ്പറേഷനും വസ്തു നികുതി നിരക്ക് 6 ശതമാനം വർധിപ്പിക്കാനുള്ള പ്രമേയം പാസാക്കിയിട്ടുണ്ട്. അതുപോലെ, തെലങ്കാന വസ്തു നികുതി കണക്കാക്കുന്നത് വാർഷിക വാടക മൂല്യത്തിന് പകരം വിപണി മൂലധന മൂല്യത്തെ അടിസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിലെ മുൻസിപ്പൽ കോർപ്പറേഷനുകൾ അവരുടെ വസ്തു നികുതിയിൽ 2016 സാമ്പത്തിക വർഷത്തിന് ശേഷം മാറ്റമൊന്നും വരുത്തിയിട്ടില്ല.

മുൻസിപ്പൽ കോർപ്പറേഷനുകളുടെ മറ്റ് നികുതി വരുമാനങ്ങളിൽ ജല നികുതി, വൈദ്യുതി നികുതി, വിദ്യാഭ്യാസ നികുതി എന്നിവയും ഉൾപ്പെടുന്നു. ഉപയോക്തൃ നിരക്കുകൾ, വികസന നിരക്കുകൾ, വ്യാപാര ലൈസൻസുകൾ, മറ്റ് ഫീസുകൾ എന്നിവയാണ് മുൻസിപ്പൽ കോ‍ർ‌പ്പറേഷനുകളുടെ നികുതിയേതര വരുമാനം. സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികളിൽ (വിനോദനികുതി പോലുള്ളവ) തദ്ദേശസ്ഥാപനങ്ങളുമായി പങ്കുവയ്ക്കുന്നവ, കേന്ദ്ര-സംസ്ഥാന ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് എന്നതും മുൻസിപ്പൽ കോർപ്പറേഷനുകളുടെ മറ്റ് വരുമാന സ്രോതസ്സുകളാണ്.

Content Highlights: Delhi, Rajasthan and Tamil Nadu record highest 5-year growth in property taxes

dot image
To advertise here,contact us
dot image