കാലാകാലങ്ങളായി സമ്പത്തിന്റെയും അഭിവൃദ്ധിയുടെയും പ്രതീകങ്ങളാണ് നാണയങ്ങള്‍. പുരാതന കാലം മുതല്‍ സൂക്ഷിച്ചുവയ്ക്കപ്പെട്ടിട്ടുളള അമൂല്യ വസ്തുക്കളുടെയൊപ്പം നാണയങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഏഴ് സ്വര്‍ണ്ണനാണയങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ? ഈ ഓരോ നാണയത്തിന് പിന്നിലും ഓരോ കഥകളുണ്ട്. വളരെ കൗതുകം നിറഞ്ഞ അവയുടെ കഥകളും വിവരങ്ങളും ഇതാ… 'oldest(dot)org' യാണ് ഇവയെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
ലിഡിയന്‍ സ്വര്‍ണ നാണയം 'ക്രോസെയ്ഡ്' എന്നുകൂടി അറിയപ്പെടുന്നുണ്ട്. ആധുനിക തുര്‍ക്കിയിലെ ലിഡിയന്‍ ക്രൊയേഷ്യസ് രാജാവാണ് ഈ സ്വര്‍ണനാണയം നിര്‍മ്മിച്ചത്. ബിസി 550-ലാണ് ഈ നാണയം ഉണ്ടാക്കുന്നത്. ലോകത്തില്‍ ആദ്യം നിര്‍മ്മിച്ച സ്വര്‍ണ നാണയങ്ങളിലൊന്നാണ് ലിഡിയന്‍ സ്വര്‍ണനാണയം. സ്വര്‍ണവും വെള്ളിയും ചേര്‍ത്ത് നിര്‍മ്മിച്ച ഈ നാണയത്തിന് 10.7 ഗ്രാം ഭാരമുണ്ട്. സിംഹത്തിന്റെയും കാളയുടെയും ചിഹ്നങ്ങളാണ് നാണയത്തില്‍ കൊത്തിവച്ചിരിക്കുന്നത്. ആദ്യകാലത്ത് ഭാരം കൂടുതലായിരുന്നുവെങ്കിലും പിന്നീട് ദൈനംദിന ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ തക്കവണ്ണം ഇവയുടെ ഭാരം കുറയ്ക്കുകയായിരുന്നു. നിലവില്‍ ഈ നാണയത്തിന്റെ ഏകദേശ വില 83,416.10 രൂപയാണ്.
ബിസി 490 ല്‍ സൈറസ് ദി ഗ്രേറ്റ് അവതരിപ്പിച്ച ഒരു സ്വര്‍ണനാണയമായിരുന്നു അക്കമെനിക് ഡാരിക് ദി ഡാരിക്. 8.4 ഗ്രാമാണ് ഈ നാണയത്തിന്റെ ഭാരം. ശുദ്ധമായ സ്വര്‍ണം ഉപയോഗിച്ചാണ് ഈ നാണയം നിര്‍മ്മിച്ചത്. രാജാവിന്റെ ചിത്രത്തിനൊപ്പം അമ്പും വില്ലും നാണയത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യ കീഴടക്കിയ ശേഷവും ഈ നാണയം കുറച്ചുകാലം പ്രചാരത്തിലുണ്ടായിരുന്നു. നിലവില്‍ അക്കമെനിക് ഡാരിക് ദി ഡാരിക് നാണയത്തിന്റെ മൂല്യം 65,430.20 രൂപയാണ്.
ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി പഴയ ഓറിയസ് നാണയത്തിന് പകരം CE 4-ാം നൂറ്റാണ്ടില്‍ അവതരിപ്പിച്ച നാണയമാണ് റോമന്‍ ഗോള്‍ഡ് സോളിഡസ്. 4.5 ഗ്രാം ഭാരമുള്ള ഈ നാണയം തനി തങ്കത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. റോമന്‍, ബൈസന്റ്‌റൈന്‍ സാമ്പ്രാജ്യത്തിലെ പ്രധാന സ്വര്‍ണനാണയമായിരുന്നു ഇത്. ഈ നാണയത്തിന്റെ നിലവിലെ മൂല്യം 35,563.50 രൂപയാണ്.
1344 ല്‍ ഏഡ്വേര്‍ഡ് മൂന്നാമന്‍ രാജാവാണ് ഇംഗ്ലീഷ് ഗോള്‍ഡ് ഫ്‌ളോറിന്‍ നിര്‍മ്മിക്കുന്നത്. യൂറോപ്പില്‍ ഉടനീളം ഉപയോഗിച്ചിരുന്ന ഒരു സ്വര്‍ണനാണയമാണ് ഇത്. 6.99 ഗ്രാം ഭാരമാണ് ഈ നാണയത്തിന് ഉണ്ടായിരുന്നത്. ഒരു ഭാഗത്ത് രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരുന്നു ഇത്. എന്നാല്‍ ഈ നാണയം തെറ്റായി വിലയിരുത്തപ്പെട്ടത് നാണയത്തിനെ വേഗത്തില്‍ പ്രചാരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കാരണമായി. നിലവിലെ നാണയത്തിന്റെ മൂല്യം 54,430.07 രൂപയാണ്.
എഡ്വേര്‍ഡ് മൂന്നാമന്റെ ഭരണകാലമായിരുന്ന 1344-1346 കാലഘട്ടത്തിലാണ് ഇംഗ്ലീഷ് ഗോള്‍ഡ് നോബിള്‍ നിര്‍മ്മിക്കപ്പെടുന്നത്. 9 ഗ്രാം ഭാരമാണ് ഈ നാണയത്തിന് ഉണ്ടായിരുന്നത്. ഈ നാണയം രാജ്യത്തിനകത്തും പുറത്തും വലിയ പ്രചാരം നേടിയിരുന്നു. വാളും പരിചയും പിടിച്ച രാജാവും കുരിശിന്റെ ചിത്രവുമായിരുന്നു ഈ നാണയത്തിലെ പ്രത്യേകത. ഈ നാണയത്തിന്റെ നിലവിലെ മൂല്യം 70,137 രൂപയാണ്.
1465 കാലഘട്ടത്തില്‍ എഡ്വേര്‍ഡ് നാലാമന്‍ രാജാവാണ് ഇംഗ്ലീഷ് ഗോള്‍ഡ് എയ്ഞ്ചല്‍ പുറത്തിറക്കുന്നത്. നാണയത്തിന്റെ ഒരു വശത്തത് കപ്പലിന്റെ ചിത്രവും മറുവശത്ത് ഒരു സര്‍പ്പത്തിന്റെ ചിത്രവുമാണ് ഉള്ളത്. വര്‍ഷങ്ങളോളം ഉപയോഗിക്കപ്പെട്ട ഒരു നാണയമായിരുന്നു ഇത്. 1642ല്‍ ഉണ്ടായ ഇംഗ്ലീഷ് ആഭ്യന്തര യുദ്ധക്കാലത്ത് ഈ നാണയം നിര്‍മ്മിക്കുന്നത് നിര്‍ത്തിയെങ്കിലും രാജ ശക്തിയുടെ പ്രതീകമായി ഇത് നിലനില്‍ക്കുന്നുണ്ട്.
ഹെന്‍ലി രാജാവ് 1489 ല്‍ നിര്‍മ്മിച്ച നാണയമാണ് ഇംഗ്ലീഷ് ഗോള്‍ഡ് സോവര്‍ജിന്‍. ഈ നാണയത്തിന് ഒരു പൗണ്ട് വിലയും 15.55 ഗ്രാം തൂക്കവും ഉണ്ട്. രാജാവിന്റെ മുഖത്തോട് കൂടിയ ഈ നാണയം പ്രത്യേക ദിവസങ്ങളിലാണ് ഉപയോഗിച്ചിരുന്നത്. ഹെന്റി എട്ടാമന്റെ കാലമെത്തിയപ്പോള്‍ സ്വര്‍ണത്തിന്റെ അളവ് കുറയുകയാണ് ചെയ്തത്. ബ്രട്ടീഷ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഉപയോഗിച്ച നാണയമാണ് ഇംഗ്ലീഷ് ഗോള്‍ഡ് സോവര്‍ജിന്‍. ഈ നാണയത്തിന്റെ നിലവിലെ മൂല്യം 121,370.15 രൂപയാണ്.
Content Highlights :These are the 7 oldest gold coins in the world and how much are they worth today? These ancient gold coins are distinguished not only by their value but also by some stories