'ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കാതെ കരിയര്‍ അവസാനിപ്പിക്കരുതെന്ന് രോഹിത്തിനോട് പറഞ്ഞിരുന്നു'; സൗരവ് ഗാംഗുലി

'ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് വേണ്ടി രോഹിത് ഉടനെ തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'

dot image

ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പങ്കെടുക്കുന്ന കാര്യത്തില്‍ പ്രതികരണവുമായി മുന്‍ പരിശീലകന്‍ സൗരവ് ഗാംഗുലി. തന്റെ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ രോഹിത് ശര്‍മയെ തനിക്ക് നിര്‍ബന്ധിക്കേണ്ടിവന്നതും ഗാംഗുലി അനുസ്മരിച്ചു.

'രോഹിത് മറ്റു ഫോര്‍മാറ്റുകളുടെ ക്യാപ്റ്റനായിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തിന് ജോലിഭാരം കൂടുതലായിരുന്നു. അതുകൊണ്ട് ക്രിക്കറ്റിന്റെ ടെസ്റ്റ് ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ ഏറ്റെടുക്കാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. എന്നാല്‍ ജോലിഭാരത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കാതെ സ്വന്തം കരിയര്‍ അവസാനിപ്പിക്കരുതെന്ന് ഞാന്‍ അദ്ദേഹത്തോട് പറയുകയായിരുന്നു', ഗാംഗുലി തുറന്നുപറഞ്ഞു.

'ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് വേണ്ടി രോഹിത് ഉടനെ തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ഇന്ത്യന്‍ ടീമിന് അദ്ദേഹത്തിന്റെ നേതൃത്വം ആവശ്യമാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അദ്ദേഹത്തിന് ഉടനെ തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ വളരെ പെട്ടെന്നുതന്നെ ടീമിനൊപ്പം എത്തുമായിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ അദ്ദേഹം തീര്‍ച്ചയായും കളിക്കണം', ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് രോഹിത് ശർമയ്ക്കും ഭാര്യ റിതിക സച്ദേവിനും കുഞ്ഞ് പിറന്നതായി റിപ്പോർട്ടുകള്‍ വന്നത്. ആൺകുഞ്ഞാണ് ജനിച്ചതെന്നും കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്നുമായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പിന്നീട് തങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റിരിക്കുകയാണെന്ന് ദമ്പതികള്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. 2018 ലാണ് ഇവർക്ക് ആദ്യ കുഞ്ഞ് ജനിച്ചത്. സമൈറ എന്നാണ് ആദ്യ കുഞ്ഞിന് പേര് നൽകിയിരുന്നത്.

കുഞ്ഞ് ജനിച്ചതോടെ രോഹിത് ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ മത്സരത്തിന് തന്നെ എത്തുമെന്നായിരുന്നു റിപ്പോർട്ടുകള്‍ വന്നത്. നേരത്തെ ആദ്യ ടെസ്റ്റിൽ രോഹിത് ഉണ്ടായേക്കില്ലെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ചതോടെ രോഹിതിന് പരമ്പരക്ക് മുന്നോടിയായി തന്നെ ഓസ്‌ട്രേലിയയിൽ എത്താനാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ഓസ്ട്രേലിയയിലേക്ക് തിരിച്ച ഇന്ത്യൻ ടീമിന്‍റെ ആദ്യ സംഘത്തിനൊപ്പം രോഹിത് പോയിരുന്നില്ല. ഭാര്യ റിതിക സച്ദേവിന്‍റെ പ്രസവവുമായി ബന്ധപ്പെട്ടാണ് രോഹിത് നാട്ടിൽ തുടർന്നിരുന്നത്. ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടു നിന്നാല്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയെ ആയിരുന്നു നായകനാക്കാൻ ഉദ്ദേശിച്ചിരുന്നത്.

Content Higlights: Sourav Ganguly reckons that Rohit Sharma should play the first Test against Australia in Perth

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us