തന്റെ ടെസ്റ്റ് കരിയറിന് വിരാമമിട്ടതിന് പിന്നാലെ വികാരാധീനനായി ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തി. ഇനി ഒരു ആരാധകനെന്ന നിലയില്‍ ക്രിക്കറ്റ് കാണാനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞ സൗത്തി ആരാധകരോട് നന്ദി പറയുകയും ചെയ്തു. കരിയറിലെ തന്റെ അവസാന ടെസ്റ്റ് മത്സരമായ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് 423 റണ്‍സിന് വിജയിച്ചതിന് പിന്നാലെ സംസാരിക്കുകയായിരുന്നു സൗത്തി.
Tim Southee bids adieu to Test cricket 👋 #NZvENG #WTC25 pic.twitter.com/AuO1eTwdS3
— ICC (@ICC) December 17, 2024
'ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇംഗ്ലണ്ടിന് അഭിനന്ദനങ്ങള്‍. മികച്ച സ്പിരിറ്റോടെയാണ് ഇംഗ്ലണ്ട് പരമ്പര കളിച്ചത്. വര്‍ഷങ്ങളായി അവര്‍ക്കെതിരെ കളിക്കുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. കുറച്ച് ആളുകള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ 17 വര്‍ഷങ്ങളായി എനിക്ക് വേണ്ടി എല്ലാം ചെയ്തു തന്ന ന്യൂസിലാന്‍ഡ് ക്രിക്കറ്റിന് നന്ദി. ഈ യാത്രയിലും എന്റെ ഉയര്‍ച്ച താഴ്ചകളിലും ഒപ്പമുണ്ടാവുകയും മാതാപിതാക്കള്‍ക്കും പങ്കാളിക്കും മക്കള്‍ക്കും നന്ദി', സൗത്തി പറഞ്ഞു.
'ഈ യാത്ര ഏറെ ആസ്വാദ്യകരമാക്കി തന്ന എന്റെ സഹതാരങ്ങള്‍ക്കും നന്ദി. നിങ്ങള്‍ക്കൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയായിരുന്നു. സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും നന്ദി. അവസാനമായി എന്റെ ആരാധകര്‍ക്ക് നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരുപാട് ആരാധകര്‍ക്ക് മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ സാധിക്കുന്നത് തന്നെ വളരെ സ്‌പെഷ്യലാണ്. എല്ലാവര്‍ക്കും നന്ദി. ഇനി ക്രിക്കറ്റിനെ ഒരു ആരാധകനെന്ന നിലയില്‍ നോക്കിക്കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍. എല്ലാവര്‍ക്കും ആശംസകള്‍', സൗത്തി കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ന്യൂസിലാന്‍ഡ് ഇതിഹാസ പേസര്‍ക്ക് വിടവാങ്ങല്‍ ഒരുക്കിയത്. ഇംഗ്ലണ്ടിനെതിരായ ഹാമില്‍ട്ടണ്‍ ടെസ്റ്റോടെ ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുമെന്ന് സൗത്തി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അവസാന ടെസ്റ്റ് മത്സരത്തിലും റെക്കോര്‍ഡ് നേടിയാണ് സൗത്തിയുടെ പടിയിറക്കം.
🇳🇿 391 wickets
— ICC (@ICC) December 17, 2024
🏏 98 sixes with bat in hand
🏆 #WTC21 winner
Tim Southee's prolific Test career comes to a close 👏 pic.twitter.com/FxgCuAoKSV
ടെസ്റ്റ് കരിയറിൽ ആകെ നേടിയ സിക്സറുകളുടെ എണ്ണത്തിൽ വെസ്റ്റ് ഇൻഡീസ് മുൻ താരം ക്രിസ് ഗെയ്ലിനൊപ്പമെത്താൻ ന്യുസിലാൻഡ് ഇതിഹാസത്തിന് സാധിച്ചു. 103 ടെസ്റ്റുകളിൽ നിന്നാണ് ഗെയ്ൽ 98 സിക്സറുകൾ നേടിയത്. ക്രിക്കറ്റ് കരിയറിലെ അവസാനത്തെ മത്സരം കളിക്കുന്ന സൗത്തിയുടെ പേരിലും 98 സിക്സറുകളാണുള്ളത്.
അവസാന ടെസ്റ്റ് കളിക്കുന്ന ടിം സൗത്തിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇംഗ്ലണ്ട് താരങ്ങൾ സ്വീകരിച്ചത്. 10 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതം 25 റൺസും മുൻ നായകൻ സംഭാവന നൽകി. കരിയറിൽ 107-ാം ടെസ്റ്റ് കളിക്കുന്ന സൗത്തി ആകെ നേടിയത് 2,243 റൺസാണ്. 391 വിക്കറ്റുകളും താരം സ്വന്തമാക്കി. താരത്തിന് നന്ദി അർപ്പിച്ചുകൊണ്ട് ഹാമിൽട്ടണിലെ ഗ്രൗണ്ടിലെ സ്റ്റാൻഡിന് ടിം സൗത്തിയുടെ പേരും നൽകിയിട്ടുണ്ട്.
Content Highlights: 'Look Forward To Watching As A Fan': Tim Southee's Emotional Farewell Message