ഓസ്‌ട്രേലിയയിൽ സമാപിച്ച ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്താത്ത തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയും ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങും. പരമ്പരയുടെ അവസാന സമയത്താണെങ്കിൽ കൂടി ഷമിയുടെ സാന്നിധ്യം ഇന്ത്യയുടെ സാധ്യതകളെ ശക്തമാക്കുമായിരുന്നെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ശേഷം കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ച ഷമി, പരമ്പരയ്ക്ക് മുമ്പുള്ള ആഭ്യന്തര റെഡ്-ബോൾ ക്രിക്കറ്റിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് തൻ്റെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, തുടർന്നുള്ള കാൽമുട്ട് വീക്കത്തെത്തുടർന്ന് മെൽബണിൽ നടന്ന നാലാം ടെസ്റ്റിന് മുമ്പ് ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തെ ഒഴിവാക്കി.
എന്നാൽ ഇപ്പോൾ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും ഷമി മികച്ച പ്രകടനവുമായി തിളങ്ങി.
ഐസിസി റിവ്യൂവിൽ സംസാരിക്കവെ, ഷമിയുടെ ഫിറ്റ്‌നസും വീണ്ടെടുക്കൽ സമയക്രമവും സംബന്ധിച്ച വ്യക്തതയില്ലായ്മയെ ശാസ്ത്രി വിമർശിച്ചു. പരിചയസമ്പന്നനായ പേസറെ ഓസ്‌ട്രേലിയയിൽ ടീമിനൊപ്പം നിലനിർത്തുന്നത് മികച്ച സമീപനമാകുമായിരുന്നുവെന്നും താനായിരുന്നു പരിശീലകനെങ്കിൽ താരത്തെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഷമി പരിക്കിലായിരുന്നു എന്നാണ് അറിഞ്ഞത്. എന്നാൽ ബോർഡർ ഗാവസ്‌കർ ട്രോഫിയുടെ മധ്യത്തിലേക്ക് കടക്കുമ്പോൾ താരം ഫിറ്റ്നസ് തെളിയിച്ചിരുന്നു. ബിസിസിഐ ചില അനാവശ്യ നടപടി ക്രമങ്ങൾ കൊണ്ട് സങ്കീർണമാക്കിയെന്ന് തോന്നുന്നു. ബുംമ്രയ്ക്കൊപ്പം ഷമി കൂടിയുണ്ടായിരുന്നെങ്കിൽ ഇതൊരു ഒന്നൊന്നര ടൂര്ണമെന്റാകുമായിരുന്നു', ഐസിസി റിവ്യൂ പ്രോഗ്രാമിൽ റിക്കി പോണ്ടിങ് പറഞ്ഞു.
അതേസമയം വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനമാണ് ഷമി നടത്തുന്നത്. നേരത്തെ രഞ്ജി ട്രോഫിയിലും ശേഷം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ബംഗാളിനായി കളിച്ച താരം ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികച്ച പ്രകടനവുമായി ഞെട്ടിച്ചിരുന്നു. ജനുവരിയിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലൂടെ ടീമിലെത്തി ചാമ്പ്യൻസ് ട്രോഫി ടൂര്ണമെന്റിനുള്ള ടീമിൽ ഇടം പിടിക്കുകയാണ് ഷമിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
Content Highlights: Shami could have been brought; Ricky Ponting and Ravi Shastri in ICC programme