ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പര ജനുവരി ആദ്യവാരം അവസാനിച്ചത് മുതൽ ഇന്ത്യൻ ക്രിക്കറ്റ് വിവാദങ്ങളുടെ വേദിയാണ്. താരങ്ങളെ കുറിച്ചും പരിശീലകരെ കുറിച്ചും നിരവധി അഭ്യൂഹങ്ങളാണ് ഇതിനകം പ്രചരിച്ചത്. ഏറ്റവുമൊടുവിൽ പുറത്ത് വന്നതാണ് ഡ്രസിങ് റൂമിലെ വാർത്തകൾ ഇന്ത്യൻ ടീമിലെ ഒരു താരം ചോർത്തിയെന്ന ഗംഭീറിന്റെ അവകാശ വാദം. ഈ താരം സർഫറാസ് ഖാനാണെന്ന രീതിയിൽ വാർത്തകൾ പടർന്നിരുന്നു. എന്നാൽ ഗംഭീറിന്റെ വാദം തെറ്റാണെന്നും ഡ്രസിങ് റൂമിലെ വാർത്തകൾ ചോർത്തിയത് ഗംഭീറിന്റെ തന്നെ വിശ്വസ്തനായ സഹ പരിശീലകൻ അഭിഷേക് നായർ ആണെന്നുമുള്ള മറുവാദവും ഉയർന്നിരുന്നു.
എന്നാൽ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. 'കഴിഞ്ഞ ദിവസങ്ങളിൽ എന്ത് സംഭവിച്ചു, അത് ഓസ്‌ട്രേലിയയിലായാലും അതിന് ശേഷമായാലും? കളിക്കളത്തിൽ ജയവും തോൽവിയുമുണ്ട്. പക്ഷേ, ഡ്രസ്സിംഗ് റൂമിൽ നിന്ന് ഓരോ ദിവസവും പുതിയ കഥകൾ പുറത്തുവരരുത്. ഇന്ന് ഗംഭീർ പറഞ്ഞത്, സർഫറാസ് ഖാനാണ് ഡ്രസ്സിംഗ് റൂം ചർച്ചകൾ മാധ്യമങ്ങളോട് ചോർത്തിയെന്ന്, എന്നാൽ താങ്കൾക്ക് അത് ആരാണെന്നറിവുണ്ടായിരുന്നെങ്കിൽ ആദ്യം അയാളോട് സംസാരിക്കണമായിരുന്നുവെന്നും കോച്ചെന്ന നിലയിൽ അതിന് സാധിക്കില്ല എങ്കിൽ അതിന് നിൽക്കരുതെന്നും ഹർഭജൻ ചൂണ്ടിക്കാട്ടി.
'ഒരു പരിശീലകൻ എന്ന നിലയിൽ യുവാക്കൾക്ക് വിവേകം നൽകേണ്ടത് നിങ്ങളുടെ കടമയാണ്. ഗംഭീർ ഗൗരവമായി സർഫറാസിനോട് സംസാരിച്ചിട്ടില്ല എങ്കിൽ അത് വലിയ തെറ്റാണ്. സർഫറാസ് വാർത്ത ചോർത്തിയെങ്കിൽ അതും തെറ്റാണ്, ഇതിന്റെ യഥാർത്ഥ വശം അറിയാത്തത് കൊണ്ട് തന്നെ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഹർഭജൻ പറഞ്ഞു.
'ഗംഭീർ ഇരുന്ന് പ്രശ്നം പരിഹരിക്കണം. കഴിഞ്ഞ ആറ്-എട്ട് മാസമായി ഇന്ത്യൻ ക്രിക്കറ്റിൽ ധാരാളം കിംവദന്തികൾ ഉണ്ട്. കളിക്കാരും പരിശീലകനും തമ്മിൽ ഏകോപനം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. 2005-06 സീസണിൽ ഗ്രെഗ് ചാപ്പലിൻ്റെ കാലത്തും ഇതുതന്നെ സംഭവിച്ചു. ഒടുവിൽ അത് വലിയ പ്രതിസന്ധിയിലേക്ക് മാറി, ഹർഭജൻ കൂട്ടിച്ചേർത്തു.
ഇതേ പോലെ തന്നെ ബിസിസിഐ യോഗത്തിൻ്റെ വിശദാംശങ്ങളും പുറത്തുവരുന്നതിൽ ഹർഭജൻ സിംഗ് പ്രതികരിച്ചു. 'ആരാണ് ഇത് ചെയ്യുന്നത്, എന്തിനാണ് ചെയ്യുന്നത്, നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളെക്കുറിച്ച് നിങ്ങൾ പരസ്യമായി മോശമായി സംസാരിക്കരുത്, അങ്ങനെയെങ്കിൽ നിങ്ങളുടെ കുടുംബത്തിൻ്റെ പേര് കളങ്കപ്പെടും; ഹർഭജൻ സിംഗ് പറഞ്ഞത് ഇങ്ങനെ.
content highlights: if Sarfaraz leaked the news, it is also Gambhir's fault; Harbhajan Singh