ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങുകയാണ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. പരിക്കിനെ തുടര്‍ന്നുണ്ടായ 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലൂടെയാണ് ഷമി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഇതിനിടെ ഷമിയുടെ ഫിറ്റ്‌നസിനെ കുറിച്ചും ഭക്ഷണക്രമത്തെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ബംഗാള്‍ ടീമിന്റെ പേസ് ബൗളിങ് കോച്ച് ഷിബ് ശങ്കര്‍ പോള്‍.
ഫിറ്റ്‌നസ് തിരിച്ചുപിടിക്കുന്നതിനും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതിനും വേണ്ടി കര്‍ശനമായ ഭക്ഷണ ക്രമമാണ് ഷമി പാലിച്ചിരിക്കുന്നതെന്നാണ് കോച്ച് പറയുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ പ്രിയപ്പെട്ട ഭക്ഷണമായ ബിരിയാണി പോലും ഷമി ഒഴിവാക്കിയിരുന്നെന്നും കോച്ച് പറഞ്ഞു.
'ഫാസ്റ്റ് ബൗളര്‍മാര്‍ പരിക്കില്‍ നിന്ന് മടങ്ങിവരാന്‍ സമയമെടുക്കും. ഒരു മത്സരം അവസാനിച്ചതിന് ശേഷവും പന്തെറിയാന്‍ അയാള്‍ക്ക് അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു. ഇത് ഒരു കായികതാരത്തിന്റെ മഹത്തായ സമര്‍പ്പണമാണ് സൂചിപ്പിക്കുന്നത്. ആഭ്യന്തര ടി20 മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ടീം എത്തുന്നതിന് മുമ്പ് രാവിലെ ആറ് മണിക്ക് അദ്ദേഹം ഗ്രൗണ്ടിലെത്തുമായിരുന്നു', കോച്ച് തുറന്നുപറഞ്ഞു.
'അദ്ദേഹം കര്‍ശനമായ ഭക്ഷണക്രമത്തിലായിരുന്നു. അദ്ദേഹം ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അയാള്‍ക്ക് ബിരിയാണി കഴിക്കാന്‍ ഇഷ്ടമാണ്, പക്ഷേ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതിന് ശേഷം കഴിഞ്ഞ രണ്ട് മാസമായി അത് കഴിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ് കളിക്കുവാന്‍ ഉള്ള തന്റെ അടങ്ങാത്ത ആഗ്രഹത്തെകുറിച്ച് ഷമിയും സംസാരിച്ചിരുന്നു. ക്രിക്കറ്റ് കളിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയതെന്നായിരുന്നു ഷമിയുടെ വാക്കുകള്‍. 'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി കളിക്കാന്‍ ഒരു വിശപ്പ് ഉണ്ടായിരിക്കണം. അത് എനിക്കുണ്ട്. എന്റെ അവസാന ശ്വാസം വരെ ഇന്ത്യയ്ക്കായി കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' എന്നാണ് ഷമി പറഞ്ഞിരുന്നത്.
Content Highlights: Bengal coach’s shocking revelation on Mohammed Shami ahead of comeback in IND vs ENG 2025 1st T20I