വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ആതിഥേയരായ പാക്കിസ്താൻ പരുങ്ങലിലാണ്. മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ആതിഥേയര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 76 എന്ന നിലയിലാണ്. സൂപ്പർ താരം ബാബർ അസമും ക്യാപ്റ്റൻ ഷാൻ മസൂദുമടക്കമുള്ളവർ ഇതിനകം പുറത്തായിക്കഴിഞ്ഞു. വിജയലക്ഷ്യം മറികടക്കണമെങ്കില്‍ ആറ് വിക്കറ്റ് ശേഷിക്കെ ഇനി പാക്കിസ്ഥാന് വേണ്ടത് 178 റണ്‍സ് ആണ്. സൗദ് ഷക്കീല്‍ (13), കാഷിഫ് അലി (1) എന്നിവരാണ് ഇപ്പോൾ ക്രീസില്‍ ഉള്ളത്.
ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, മുഹമ്മദ് ഹുറൈറ എന്നിവര്‍ക്ക് രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോൾ ബാബര്‍ അസം (31), കമ്രാന്‍ ഗുലാം (19) എന്നിങ്ങനെയാണ് പുറത്തായ മറ്റുള്ളവരുടെ റൺസുകൾ.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 163ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ നോമന്‍ അലിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. സാജിദ് ഖാന് രണ്ട് വിക്കറ്റുണ്ട്. 55 റണ്‍സ് നേടിയ വാലറ്റക്കാരന്‍ മോട്ടിയാണ് ടോപ് സ്‌കോറര്‍. പിന്നാലെ ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 154ന് പുറത്തായി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് 244 റൺസാണ് നേടിയത്. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് (52) ടോപ് സ്‌കോറര്‍. പാകിസ്ഥാന് വേണ്ടി സാജിദ് ഖാന്‍, നോമാന്‍ അലി എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ പാകിസ്താനും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം 20 വിക്കറ്റുകൾ വീണത് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. പാകിസ്താൻ താരം നോമാൻ അലി ഹാട്രിക് നേട്ടവും സ്വന്തമാക്കി. പാകിസ്താൻ മണ്ണിൽ ഇതാദ്യമായാണ് ടെസ്റ്റ് മത്സരത്തിന്റെ ഒരു ദിവസം 20 വിക്കറ്റുകളും വീഴുന്നത്.
content highlights: Pakistan vs West Indies: West Indies In Command