ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടി20 പരമ്പരയിലെ ഹർഷിത് റാണ-ദുബെ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് വിവാദമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. മത്സരത്തിൽ നടത്തിയ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് അപ്രതീക്ഷിത ആധിപത്യം ഇന്ത്യയ്ക്ക് നൽകിയപ്പോൾ ഇംഗ്ലണ്ടിന് അത് വലിയ തിരിച്ചടിയാണ് നൽകിയത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ദുബെയുടെ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് ആയി ഇറങ്ങിയ ഹര്‍ഷിത് റാണയുടെ ബൗളിങ് മികവിൽ കൂടിയാണ് ഇന്ത്യ 15 റൺസിന്റെ ജയം നേടിയത്. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ അവസാന ഓവറിനിടെ ഹെല്‍മറ്റില്‍ പന്തുകൊണ്ട് ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് പരിക്കേറ്റതോടെയാണ് കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റിന് അവസരമൊരുങ്ങിയത്.
ഒരേ രീതിയിലുള്ള കളിക്കാരനെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഉപയോഗിക്കണമെന്നാണ് നിയമമെന്നും എന്നാൽ ഈ നിയമം ഇന്നലത്തെ മത്സരത്തിൽ പാലിച്ചില്ലെന്നും പറഞ്ഞായിരുന്നു ഇന്ത്യയ്‌ക്കെതിരെയുള്ള വിമർശനം. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറും ഇംഗ്ലണ്ട് മുൻ താരങ്ങളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. 'തുല്യരായ താരങ്ങളല്ല ഇരുവരും. മാച്ച് റഫറിയാണ് ഇത് അംഗീകരിച്ചതെന്നാണ് അറിഞ്ഞത്. ഇക്കാര്യത്തിൽ ഞങ്ങളോട് അഭിപ്രായം ചോദിച്ചിട്ടില്ല. എന്തായാലും മാച്ച് റഫറി ജവഗൽ ശ്രീനാഥിനോട് വ്യക്തത തേടും’ ബട്‍ലർ പറഞ്ഞത് ഇങ്ങനെ.
അതേ സമയം സംഭവത്തിലെ ശരിയും തെറ്റും ചികയുകയാണ് ക്രിക്കറ്റ് ആരാധകർ. എന്താണ് വിവാദത്തിനിടയാക്കിയ സംഭവം, ഐസിസി റൂൾസ് പറയുന്നത് എന്താണ്? ഒന്ന് നോക്കാം..
ഇന്ത്യയുടെ ബാറ്റിങ് ഇന്നിങ്സിനിടയിലായിരുന്നു ബാറ്ററായ ശിവം ദുബെയ്ക്ക് പരിക്കേറ്റത്. ജാമി ഓവർട്ടണിൻ്റെ ഷോർട്ട് ഡെലിവറി തലയിൽ തട്ടിയായിരുന്നു പരിക്ക്. ഇതോടെ കൺകഷൻ റൂളിലൂടെ ഹർഷിത് റാണയെ പകരക്കാരനായി ഇറക്കി. താരം തന്റെ ടി 20 അരങ്ങേറ്റം മൂന്ന് വിക്കറ്റ് നേടി കെങ്കേമമാക്കുകയും ചെയ്തു.
പാർട്ട് ടൈം ബൗൾ ചെയ്യുന്ന ബാറ്റർക്ക് പകരം എങ്ങനെ സ്ഥിരം ബൗൾ ചെയ്യുന്ന ഒരാളെ ഇറക്കാൻ പറ്റും എന്നതായിരുന്നു പലരും ഉയർത്തിയ ചോദ്യം. എന്നാൽ ഐസിസി റൂൾ പ്രകാരം കൺകഷൻ സബ്‌സ്റ്റിറ്റ്യൂഷനായുള്ള ഐസിസി പ്ലേയിംഗ് നിബന്ധനകളുടെ റൂൾ 1.2.7.3 പറയുന്നത്, ഒരു ഓൾ റൗണ്ടറായ താരത്തിന് പകരം ഒരു ഓൾ റൗണ്ടറായ താരത്തെ പകരം ഇറക്കണം എന്നാണ്, എത്രമാത്രം ബാറ്റ് ചെയ്യുന്നുവെന്നോ ബോൾ ചെയ്യുന്നുവെന്നോ എന്ന കാര്യം അവിടെ അളക്കേണ്ടതില്ലെന്നും ഐസിസി റൂൾ പറയുന്നു. അങ്ങനെയൊരു താരത്തെ ഒരു ടീം മുന്നോട്ട് വെച്ചാൽ മാച്ച് റഫറി അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും ഇരു ടീമുകൾക്കും അതിൽ അപ്പീലിന് സാധ്യതയില്ലെന്നും റൂൾ 1.2.7.7 പ്രസ്താവിക്കുന്നു.
അതേ സമയം ഇന്ത്യയുടെ മത്സരങ്ങളിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് ഇതാദ്യമായിരുന്നില്ല. 2020-ൽ, ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 മത്സരത്തിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്‌ക്കായി സ്‌പിന്നർ യുസ്‌വേന്ദ്ര ചഹൽ ഒരു കൺകഷൻ സബ് ആയി വന്ന് മൂന്ന് വിക്കറ്റുമായി പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടിയിരുന്നു.
Content Highlights: Concussion substitute controversy in India-England T20; So what?, says the ICC Rule