ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പൂരിൽ. ഉച്ചയ്ക്ക് 1. 30 മുതലാണ് മത്സരം. 2023ലെ ലോകകപ്പ് ഫൈനലിന് ശേഷം രാജ്യത്ത് ആദ്യമായാണ് ഇന്ത്യ ഏകദിനം കളിക്കുന്നത്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ ആകെ കളിച്ച മൂന്ന് ഏകദിനത്തിൽ ഒന്നിൽ പോലും ജയിക്കാനുമായിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരെ അവരുടെ മണ്ണിലായിരുന്നു ഈ ഏകദിനങ്ങൾ. ചാംപ്യൻസ് ട്രോഫി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര എന്നും ശ്രദ്ധേയമാണ്. ട്വന്റി20 പരമ്പരയിൽ ആധികാരികമായി ജയിച്ച ടീമിന് ഇംഗ്ലണ്ടിനെതിരെ മൂന്നു കളികളടങ്ങിയ ഏകദിന പരമ്പരകൂടി തൂത്തുവാരാനായാൽ ഒരുക്കം ഗംഭീരമാകും.
ന്യൂസിലൻഡിനെതിരെയും ശേഷം ഓസീസ് മണ്ണിലും ടെസ്റ്റ് പരമ്പരകളിലും രഞ്ജിയിലും ഇറങ്ങിയ മുതിർന്ന താരങ്ങളായ രോഹിതും കോഹ്ലിയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയിരുന്നു. അതിനാൽതന്നെ, ഇരുവർക്കും ഓരോ മത്സരവും നിർണായകമാണ്. കഴിഞ്ഞ ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലും മൂന്ന് കളികളിൽ 58 റൺസ് മാത്രമായിരുന്നു സമ്പാദ്യം. രോഹിത് രണ്ട് അർധ സെഞ്ച്വറികളടക്കം 157 റൺസ് നേടി.
പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാവാത്തത് മൂലം ഇന്നത്തെ മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര കളിക്കില്ല. അത് കൊണ്ട് തന്നെ മുഹമ്മദ് ഷമിയും അർഷ്ദീപ് സിംഗും പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കും. ടി 20 പരമ്പരയിൽ മിന്നും പ്രകടനം നടത്തിയ വരുൺ ചക്രവർത്തി ഇന്ന് ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയേക്കും.
ഇംഗ്ലീഷ് നിരയിൽ ജോസ് ബട്ലർ, ഹാരി ബ്രൂക് എന്നിവർ നയിക്കുന്ന ബാറ്റിങ്ങും മാർക് വുഡ്, ജൊഫ്ര ആർച്ചർ എന്നിവർ നയിക്കുന്ന ബൗളിങ്ങും തന്നെയാകും കരുത്ത്. കുട്ടിക്രിക്കറ്റിലെ തോൽവിക്ക് ഏകദിനത്തിൽ പകരം വീട്ടൽ കൂടി ടീമിന് മുഖ്യമാണ്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ജോ റൂട്ട് തിരിച്ചുവന്നതാണ് ഇംഗ്ലണ്ട് ടീമിലെ ശ്രദ്ധേയമായ മാറ്റം. ഇംഗ്ലണ്ട് ഇന്നലെ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു.
ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവൻ : ഫിൽ സാൾട്ട് (wk), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ (c), ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ, ബൈർഡൺ കാർസെ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, സാഖിബ് മഹമൂദ്
ടീം ഇന്ത്യ ഇവരിൽ നിന്ന്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
Content Highlights: india england odi match today