ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പൂരിൽ ഉച്ചയ്ക്ക് 1.30 മുതൽ ആരംഭിക്കുകയാണ്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ സ്റ്റാർ പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിലായിരുന്നു താരം അവസാനമായി കളിച്ചത്. ആദ്യ മത്സരങ്ങളിൽ കളിക്കാതിരുന്നിട്ടും ആ ലോകകപ്പില്‍ വിക്കറ്റ് ടോപ്പറായ ഷമി പക്ഷെ, പിന്നീട് പരിക്കുമൂലം നീണ്ട ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.
നിലവിൽ മറ്റൊരു സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര പരിക്കുമൂലം ഇന്നത്തെ മത്സരത്തിൽ കളിക്കില്ലെന്ന് ഉറപ്പായതോടെ ഷമി ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. ടി 20 യിലെ ഇന്ത്യയുടെ സെൻസേഷണൽ ബോളർ അർഷ്ദീപ് സിംഗിനൊപ്പമായിരിക്കും ഇന്ത്യയുടെ സ്പിൻ ആക്രമണങ്ങൾക്ക് ഷമി ചുക്കാൻ പിടിക്കുക.
ഏകദിനത്തിൽ മിന്നും പ്രകടനം നടത്തുകയാണെങ്കിൽ ഒരു അപൂർവ്വ നേട്ടം സ്വന്തമാക്കാൻ ഷമിക്ക് കഴിയും. ഏകദിനത്തിൽ അതിവേഗം 200 വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് അത്. നിലവിൽ അജിത് അഗാർക്കർ 133 മത്സരങ്ങളിൽ നേടിയ 200 വിക്കറ്റാണ് ഒന്നാമത്. അതേസമയം 101 ഏകദിന മത്സരങ്ങളിൽ നിന്ന് മാത്രമാണ് ഷമി 195 വിക്കറ്റുകൾ നേടിയിട്ടുള്ളത്.
ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവൻ : ഫിൽ സാൾട്ട് (wk), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ (c), ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ, ബൈർഡൺ കാർസെ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, സാഖിബ് മഹമൂദ്
ടീം ഇന്ത്യ ഇവരിൽ നിന്ന്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
Content Highlights: Will Shami's comeback be spectacular!; The star near the historic achievement