![search icon](https://www.reporterlive.com/assets/images/icons/search.png)
സഞ്ജു സാംസണ്‍ വിഷയത്തില്‍ പ്രതികരിച്ചതിന് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന് നോട്ടീസ് അയച്ചതില്‍ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സഞ്ജുവിനെ പിന്തുണച്ചതിനല്ല മറിച്ച് കെസിഎയ്‌ക്കെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ് അയച്ചതെന്നാണ് അസോസിയേഷന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹഉടമയായ ശ്രീശാന്ത് അസോസിയേഷനെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞത് കരാര്‍ ലംഘനമാണെന്നും കെസിഎ പ്രസ്താവനയില്‍ വ്യക്തമാക്കി.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നും താരങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വാതുവെപ്പ് കേസില്‍ കുറ്റാരോപിതനായി ശ്രീശാന്ത് ജയിലില്‍ കഴിയുന്ന സമയത്തും അസോസിയേഷന്റെ ഭാരവാഹികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നതാണ്.
എന്നാല്‍ കേസില്‍ ശ്രീശാന്തിനെതിരായ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. കോടതി ക്രിമിനല്‍ കേസ് റദ്ദ് ചെയ്‌തെങ്കിലും വാതുവെപ്പ് ആരോപണത്തില്‍ ശ്രീശാന്ത് കുറ്റ വിമുക്തനായിട്ടില്ലെന്നത് വാസ്തവമാണ്. ആ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷന്‍ താരങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ട ആവശ്യമില്ല.
സഞ്ജു സാംസണ് ശേഷം ഇന്ത്യന്‍ ടീമില്‍ ആരൊക്കെ വന്നുവെന്ന ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്. സീനിയര്‍ ടീമിലെ മിന്നു മണി, സജന സജീവന്‍, ആശ ശോഭന എന്നിവര്‍ക്കുപുറമെ വനിതാ ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളുടെ ടീമില്‍ ജോഷിത, അണ്ടര്‍ 19 ടീമില്‍ നജ്ല സിഎംസി, പുരുഷ അണ്ടര്‍ 19 ഏഷ്യാകപ്പ് ടീമില്‍ മുഹമ്മദ് ഇനാന്‍ എന്നിവര്‍ സ്ഥാനം പിടിച്ചത് ശ്രീശാന്ത് അറിയാത്തതാണെങ്കില്‍ കേരള ക്രിക്കറ്റിനെ കുറിച്ചുള്ള അറിവില്ലായ്മയായി കാണുന്നു. അച്ചടക്കലംഘനം ആര് നടത്തിയാലും അത് അനുവദിക്കാനാവില്ല. അസോസിയേഷനെതിരെ സത്യമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയാല്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നും കെസിഎ വ്യക്തമാക്കി.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജുവിനെ തഴഞ്ഞതിന് പിന്നാലെയാണ് സഞ്ജു-കെസിഎ വിവാദം കൊഴുക്കുന്നത്. സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫി കളിക്കാത്തത് കൊണ്ടാണ് ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്നും പുറത്തായത് എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് താരത്തെ വിജയ് ഹസാരെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയ കെസിഎ നടപടി പ്രതിക്കൂട്ടിലായത്.
വിവാദം പുകയുന്നതിനിടെ സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയില്‍ സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ അഭ്യര്‍ഥന. ഇതിനുപിന്നാലെയാണ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കൊല്ലം സെയ്ലേഴ്‌സ് ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ ശ്രീശാന്ത് ചട്ടലംഘനം നടത്തിയെന്നാണ് നോട്ടീസിലുള്ളത്.
നടപടി സ്വീകരിക്കാതിരിക്കണമെങ്കില്‍ ഈ വിഷയത്തില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടിസില്‍ പറയുന്നുണ്ട്. എന്നാല്‍ കെസിഎല്‍ ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ ഇത്തരം പ്രതികരണങ്ങള്‍ അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തലിലാണ് കെസിഎ ഉള്ളത്. പൊതുസമൂഹത്തിനു മുന്നില്‍ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണ് പരാമര്‍ശങ്ങളെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Sreesanth still not acquitted of IPL spot-fixing, he need not protect Kerala players: KCA