
രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ആദ്യ ഇന്നിങ്സിൽ 457 റൺസാണ് കേരളം നേടിയത്. പുറത്താകാതെ മുഹമ്മദ് അസ്ഹറുദ്ധീൻ നേടിയ 177 റൺസാണ് കേരളത്തിന്റെ ടോട്ടലിന് അടിത്തറയായത്. 341 പന്തുകൾ നേരിട്ട താരം 20 ഫോറുകളും ഒരു സിക്‌സറും നേടി. അസ്ഹറിന് പുറമെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69), സല്‍മാന്‍ നിസാര്‍ (52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന എന്നിവർ 30 റൺസ് വീതം നേടി ഭേദപ്പെട്ട പ്രകടനം നടത്തി.
അഞ്ച് ദിനങ്ങളുള്ള ടെസ്റ്റ് മത്സരത്തിൽ മൂന്നാം ദിവസത്തിന്റെ ആദ്യ സെഷനിന്റെ പകുതിയോളം ബാറ്റ് ചെയ്താണ് കേരളം പിൻവാങ്ങിയത്. ഇതോടെ ഇനി മത്സരത്തിൽ ബാക്കിയുള്ളത് രണ്ടര ദിവസത്തോളമാണ്. ഇതിൽ ഗുജറാത്തിന്റെ ഒന്നാം ഇന്നിങ്‌സ് അടക്കം മൂന്ന് ഇന്നിങ്‌സുകളാണ് പൂർത്തിയാവേണ്ടതുള്ളത്. അതുകൊണ്ട് തന്നെ മത്സരം ഇനിയെന്താകും എന്നത് പ്രവചനാതീതമായി തുടരുകയാണ്.
മറുപടി ബാറ്റിങ്ങിൽ കേരളത്തിന്റെ സ്പിന്‍ വെല്ലുവിളി അതിജീവിച്ച് എളുപ്പത്തിൽ സ്കോർ ചെയ്യുക എളുപ്പമാവില്ല. എന്നാലും വിക്കറ്റ് കളയാതെ പന്തുകളെ പ്രതിരോധിച്ചുകൊണ്ട് തന്നെ പരമാവധി സ്കോർ ചലിപ്പിക്കുകയാവും ഗുജറാത്തിന്റെ ലക്ഷ്യം. അങ്ങനെ വിക്കറ്റ് നൽകാതെ ഒന്നാം ഇന്നിങ്‌സ് അഞ്ചാം ദിനത്തിന്റെ അവസാനത്തിലും ഗുജറാത്ത് കൊണ്ടുപോയാൽ എന്ത് സംഭവിക്കും എന്ന് നോക്കാം.
സാധാരണ ഗതിയില്‍ ആദ്യ ഇന്നിംഗ്‌സ് ലീഡെടുക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. അഞ്ചാം ദിനം അവസാനിക്കുന്നതിന് മുമ്പ് മുമ്പ് കേരളത്തിന് തങ്ങളുടെ ടോട്ടൽ മറികടക്കുന്നതിൽ നിന്ന് ഗുജറാത്തിനെ തടയാനായാൽ ആദ്യ ഇന്നിങ്‌സ് ലീഡിൽ കേരളം ഫൈനലിലേക്ക് മാർച്ച് ചെയ്യും. ഗുജറാത്ത് സ്കോർ മറികടന്നാൽ ഗുജറാത്ത് ഫൈനലിൽ കടക്കും.
ഇനി ഗുജറാത്തിന് സ്കോർ മറികടക്കാനാവാതെ അഞ്ചാം ദിനം അവസാനിച്ചാൽ വിക്കറ്റുകൾ മുഴുവൻ നഷ്ടപെട്ടില്ലെങ്കിൽ കൂടി കേരളം ജയിക്കും. അഥവാ കേരളം നേടിയത് 457, ഗുജറാത്ത് 450 റൺസിന് 6 എന്ന നിലയിൽ ഗുജറാത്ത് അവസാന ഇന്നിങ്‌സ് അവസാനിപ്പിച്ചാൽ പോലും കേരളം ജയിക്കും. ഇരു ടീമുകളും ഒരേ സ്കോർ നേടി സമനിലയായാൽ ഗ്രൂപ്പ് സ്റ്റേജിലെ പോയിന്റ് അടിസ്ഥാനത്തിലായിരിക്കും ഫൈനൽ എൻട്രി. അങ്ങനെയെങ്കിൽ 32 പോയിന്റുള്ള ഗുജറാത്ത് ഫൈനലിലെത്തും. 28 പോയിന്റുള്ള കേരളം പുറത്താകും.
Content Highlights: Ranji Trophy Semi final; kerala chances