
ഐസിസി ചാംപ്യന്‍സ് ട്രോഫിയിൽ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെതിരെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സീൽ ചെയ്ത ആത്മ വിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രോഹിത് സെഞ്ച്വറിയുമായും വിരാട് അർധ സെഞ്ച്വറിയുമായും ഫോമിലേക്ക് തിരിച്ചുവന്നതും പ്രതീക്ഷ നൽകുന്ന ഒന്നാണ്. രോഹിതിനേയും കോഹ്‌ലിയേയും സംബന്ധിച്ചിടത്തോളം ഇത് അവരുടെ അവസാന ഏകദിന ടൂർണമെന്റാകാനും സാധ്യതയുണ്ട്. കഴിഞ്ഞ ടി 20 ലോകകപ്പ് കിരീട നേട്ടത്തോടെ ഇരുവരും ടി 20 ഫോർമാറ്റിൽ നിന്നും വിരമിച്ചിരുന്നു.
അതിനിടയിൽ ഈ ടൂർണമെന്റിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് അഞ്ച് റെക്കോര്‍ഡുകളാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാവുക എന്നതാണ് അതിലൊന്ന്, ക്രിസ് ഗെയിലാണ് നിലവിൽ ഈ സ്ഥാനം അലങ്കരിക്കുന്നത്. 17 മത്സരങ്ങളില്‍ നിന്ന് 791 റണ്‍സ്. കോഹ്‌ലിക്കുള്ളത് 13 മത്സരങ്ങളില്‍ നിന്ന് നിന്ന് 529 റണ്‍സാണ്. 263 റണ്‍സ് കൂടി നേടിയാല്‍ കോഹ്‌ലിക്ക് ഗെയിലിനെ മറികടന്ന് ഒന്നാമതെത്താം.
ചാംപ്യന്‍സ് ട്രോഫിയില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറികളെന്ന റെക്കോര്‍ഡ് മുന്‍ ഇന്ത്യന്‍ താരം ദ്രാവിഡിന് സ്വന്തമാണ്. ആറ് ഫിഫ്റ്റിയാണ് ദ്രാവിഡിന്റെ പേരിലുള്ളത്. അഞ്ചെണ്ണം സ്വന്തം പേരിലുള്ള കോഹ്‌ലിക്ക് ഒരണ്ണം നേടിയാൽ തന്നെ ദ്രാവിഡിന് ഒപ്പമെത്താം. രണ്ടെണ്ണം കൂടി നേടിയാല്‍ ദ്രാവിഡിനെ മറികടക്കാം.
ഏകദിനത്തില്‍ 14,000 റണ്‍സെന്ന നാഴികക്കല്ലാണ് മറ്റൊന്ന്. 297 മത്സരങ്ങളില്‍ നിന്ന് 13963 റണ്‍സാണ് വിരാട് നേടിയിട്ടുള്ളത്. 350 മത്സരങ്ങളില്‍ നിന്ന് 14000 കടന്ന സച്ചിനെയും 378 മത്സരങ്ങളില്‍ നിന്ന് 14000 കടന്ന കുമാര്‍ സംഗക്കാരെയും മറികടക്കാന്‍
ചാംപ്യന്‍സ് ട്രോഫിയില്‍ കോഹ്‌ലിക്ക് അവസരമൊരുങ്ങും.
രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാമതെത്താനും താരത്തിന് അവസരമുണ്ട്. ക്രിക്കറ്റില്‍ ആകെ 545 മത്സരങ്ങളില്‍ നിന്ന് 27,381 റണ്‍സാണ് കോഹ്‌ലി ഇതുവരെ നേടിയത്. 27483 റണ്‍സാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനുള്ളത്. 103 റണ്‍സ് നേടിയാല്‍ പോണ്ടിങ്ങിനെ മറികടക്കാം. '
സച്ചിൻ ടെണ്ടുൽക്കർ ആണ് ലിസ്റ്റിൽ ഒന്നാമത്. കുമാർ സംഗക്കാര രണ്ടാമതും. ഐസിസി ട്രോഫികളുടെ എണ്ണത്തില്‍ പോണ്ടിങ്ങിന്റെ ഒപ്പമെത്താനുള്ള അവസരവും ചാംപ്യന്‍സ് ട്രോഫിയിലുണ്ട്. അണ്ടര്‍ 19 കിരീടം ഉള്‍പ്പടെ നാല് കിരീടമുണ്ട് താരത്തിന്. ഇക്കൊല്ലത്തെ ചാംപ്യന്‍സ് ട്രോഫി കൂടി നേടിയാല്‍ അഞ്ച് കിരീടമുള്ള പോണ്ടിങ്ങിനൊപ്പം എത്താം.
Content Highlights: Five records await Kohli in the Champions Trophy