രണ്ട് ദിനം കൊണ്ട് 118 ഓവറുകളെറിഞ്ഞ് 8 വിക്കറ്റ്; കേരളത്തെ ഫൈനലിലെത്തിച്ച ജലജ്-സർവാതെ അതിഥി കോംബോ

91 വർഷത്തെ രഞ്ജിട്രോഫി ചരിത്രത്തിലെ ആദ്യ ഫൈനലിലേക്ക് കേരളം കുതിക്കുമ്പോൾ ഈ അതിഥി താരങ്ങൾക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

dot image

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ നിർണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്തു കേരളം ഫൈനലിലേക്ക് മാർച് ചെയ്തിരിക്കുകയാണ്. ഇനി കേരളത്തെ മറികടന്ന് ഗുജറാത്ത് ഫൈനൽ കടക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. കേരളം ഒന്നാം ഇന്നിങ്സ് സ്കോറായ 457 റണ്‍സിനുള്ള ഗുജറാത്തിന്റെ മറുപടി 455 ൽ അവസാനിച്ചു. ഇതോടെ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തിൽ കേരളത്തിന് രഞ്ജിട്രോഫി ഫൈനലിലേക്ക് കടക്കാനാകും.

ഇന്നലെ കളി അവസാനിപ്പിച്ചപ്പോള്‍ ഏഴു വിക്കറ്റിന് 429 എന്ന നിലയിലായിരുന്നു ഗുജറാത്ത്. കേരളം ഒന്നാം ഇന്നിങ്സ് സ്കോറായ 457 റണ്‍സ് മറികടക്കാന്‍ ഗുജറാത്തിന് 28 റണ്‍സ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. 161 പന്തില്‍ 74 റണ്ണോടെ ജെ എം പട്ടേലും 134 പന്തില്‍നിന്ന് 24 റണ്ണോടെ സിദ്ധാര്‍ഥ് ദേശായിയുമാണ് ക്രീസിലുണ്ടായിരുന്നത്.

ഇന്നലെ ഗുജറാത്തിന്റെ ആറ് വിക്കറ്റുകൾ എളുപ്പത്തിൽ വീഴ്ത്താൻ കഴിഞ്ഞെങ്കിലും ഇരുവരുടെയും പ്രതിരോധം മറികടക്കാൻ കേരളത്തിനായിരുന്നില്ല. എന്നാൽ ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരുവരുടെയും വിക്കറ്റുകൾ കേരളം നേടി. ആദിത്യ സർവാതെയ്ക്കായിരുന്നു രണ്ട് വിക്കറ്റും. ശേഷിക്കുന്ന ഒരു വിക്കറ്റ് കൂടി സർവാതെ നേടിയതോടെ കേരളം ലീഡ് ഉറപ്പിക്കുകയായിരുന്നു.

കേരളത്തിന്റെ ഗുജറാത്തിനെതിരെയുള്ള ബൗളിങ്ങിൽ നിർണായകമായിരുന്നത് ഈ ജലജ് സക്‌സേന- ആദിത്യ സർവാതെ കൂട്ടുകെട്ടായിരുന്നു.

ടൂർണമെന്റിലുടനീളം കേരളത്തിന്റെ രക്ഷയ്ക്കെത്തിയ ഈ താരങ്ങൾ നിർണായക സെമി ഫൈനലിലും രക്ഷകരായി. അതിന് വേണ്ടി സ്പിന്നിനെ തുണയ്ക്കുന്ന അഹമമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിത്തിൽ ഇടവേളകളില്ലാതെ ഇവർ പന്തെറിഞ്ഞു. ആകെ 175 ഓവറുകൾ ഗുജറാത്ത് നേരിട്ടപ്പോൾ 71 ഓവർ എറിഞ്ഞത് ജലജ് സക്‌സേനയായിരുന്നു. 14 മെയ്ഡൻ ഓവറുകൾ എറിഞ്ഞ താരം നാല് വിക്കറ്റുകൾ വീഴ്ത്തി.

46 ഓവറുകൾ എറിഞ്ഞ സർവാതെയും നാല് വിക്കറ്റുകൾ നേടി. കേരളത്തിന്റെ എംഡി നിധീഷും ബാസിലും അക്ഷയ് ചന്ദ്രനുമെല്ലാം താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ കൂടിയായിരുന്നു ഈ അതിഥി താരങ്ങളുടെ മിന്നും പ്രകടനം. 91 വർഷത്തെ രഞ്ജിട്രോഫി ചരിത്രത്തിലെ ആദ്യ ഫൈനലിലിലേക്ക് കേരളം കുതിക്കുമ്പോൾ ഈ അതിഥി താരങ്ങൾക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.

Content HIghlights: : kerala ranji trophy bowling heros ; jalaj saxena and aditya sarwate

dot image
To advertise here,contact us
dot image