
ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ പാകിസ്താന്‍ ടീം തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പുറത്താവലിന്റെ വക്കിലാണ്. ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോട് 60 റണ്‍സിന് പരാജയപ്പെട്ട പാക് പട കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കെതിരെയും തകര്‍ന്നടിയുകയായിരുന്നു. ഇതോടെയാണ് പാക് ടീമിന്റെ ഭാവി തുലാസില്‍ ആയിരിക്കുന്നത്.
രണ്ട് മത്സരങ്ങളിൽ രണ്ടും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന പാകിസ്താൻ ഗ്രൂപ്പ് എയിൽ അവസാന സ്ഥാനത്താണ്. എന്നാൽ മുഹമ്മദ് റിസ്വാനും സംഘവും സെമിയില്‍ കളിക്കില്ലെന്ന് ഉറപ്പിക്കാന്‍ വരട്ടെ. പാകിസ്താൻ ഔദ്യോഗികമായി ടൂർണമെന്റിൽ പുറത്തായിട്ടില്ലെന്നും ഇനിയും സെമി സാധ്യത നിലനില്‍ക്കുന്നുണ്ടെന്നതുമാണ് വസ്തുത. ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ പാകിസ്താന് ഇനിയും സെമിയിലേക്കു മുന്നേറാം. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം ബാക്കിനില്‍ക്കെ സെമിയിലത്താന്‍ പാക് ടീമിന് എന്താണ് വേണ്ടതെന്നു നമുക്കു പരിശോധിക്കാം.
ഗ്രൂപ്പ് എയിലെ നാല് ടീമുകളിൽ ഇന്ത്യയാണ് ഇപ്പോള്‍ ഒന്നാമതുള്ളത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും കൈയിൽ നാല് പോയിന്റുണ്ട്. നെറ്റ് റണ്‍റേറ്റ് +0.647ഉം ആണ്. ആദ്യ മത്സരത്തിൽ പാകിസ്താനോട് വിജയിച്ച ന്യൂസിലാന്‍ഡാണ് രണ്ട് പോയിന്റുമായി രണ്ടാംസ്ഥാനത്ത്. +1.200 എന്ന മികച്ച നെറ്റ് റണ്‍റേറ്റ് കിവികള്‍ക്കുണ്ട്.
ഇനിയും അക്കൗണ്ട് തുറന്നിട്ടില്ലാത്ത ബംഗ്ലാദേശും പാകിസ്താനുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. പാകിസ്താനെ അപേക്ഷിച്ച് ബംഗ്ലാദേശ് ഒരു മത്സരം കുറവാണ് കളിച്ചത്. മാത്രമല്ല നെറ്റ് റണ്‍റേറ്റിലും പാകിസ്താനേക്കാള്‍ മുന്നിലാണ് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ നെറ്റ്‌റണ്‍റേറ്റ് -0.408 ആണെങ്കില്‍ പാക് ടീമിന്റേത് -1.087 ആണ്.
മറ്റുടീമുകളുടെ ഒന്നിലധികം ഫലങ്ങൾ അനുകൂലമായി വന്നാലാണ് പാക്കിസ്താന് സാധ്യതകൾ. ഫെബ്രുവരി 27 ന് ബംഗ്ലാദേശിനെതിരായ അവസാന മത്സരം ജയിക്കുക എന്നതാണ് ആദ്യം വേണ്ടത്. കൂടാതെ ന്യൂസിലാൻഡും ബംഗ്ലാദേശും അടുത്ത മത്സരങ്ങൾ വലിയ മാർജിനിൽ പരാജയപ്പെടുകയും വേണം.
ഫെബ്രുവരി 24ന് ബംഗ്ലാദേശ് ന്യൂസിലൻഡിനെ തോൽപ്പിക്കുകയും പാകിസ്താൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ മാർച്ച് രണ്ടിന് നടക്കുന്ന ന്യൂസിലാൻഡ്-ഇന്ത്യ പോരാട്ടം വരെ സെമി സ്ഥാനത്തെ കുറിച്ചുള്ള പ്രതീക്ഷ നിലനിർത്താൻ പാക്കിസതാന് ആവും. എന്നാൽ ഇന്ത്യ ന്യൂസിലാൻഡിനെ തോൽപ്പിക്കുകയും റൺ റേറ്റ് അനുകൂലമാവുകയും ചെയ്താൽ മാത്രമാണ് പാകിസ്താന് സെമി പ്രതീക്ഷിക്കാൻ സാധിക്കൂ.
Content Highlights: ICC Champions Trophy 2025: Pakistan can still qualify for semi-final despite defeat to India