'മുഹമ്മദ് ആമിറിനെ ടീമിലെത്തിച്ചാൽ RCB ക്ക് IPL കിരീട വരൾച്ച അവസാനിപ്പിക്കാം'; പാക് മുൻതാരം ഷെഹ്‌സാദ്

മൂന്ന് തവണ ഫൈനലിലെത്തിയിട്ടും ആർസിബിക്ക് ഇതുവരെ ഐപിഎൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല

dot image

പാകിസ്താൻ മുൻ താരം മുഹമ്മദ് ആമിർ ടീമിൽ കളിക്കുകയാണെങ്കിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കപ്പടിക്കാമെന്ന് മുൻ പാക് താരം അഹമ്മദ് ഷെഹ്‌സാദ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) മുഹമ്മദ് അമീറിനെ തിരഞ്ഞെടുത്താൽ ഫ്രാഞ്ചൈസിയുടെ നിർഭാഗ്യം മാറ്റാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഷെഹ്‌സാദ് അഭിപ്രായപ്പെട്ടു.

മൂന്ന് തവണ ഫൈനലിലെത്തിയിട്ടും ആർസിബിക്ക് ഇതുവരെ ഐപിഎൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. 'ആർസിബിയുടെ ബൗളിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആമിറിനെപ്പോലുള്ള ഒരു ബൗളറെ ആവശ്യമുണ്ട്. അവർക്ക് മികച്ച ബാറ്റിംഗ് യൂണിറ്റുണ്ട്, പക്ഷേ അവരുടെ പ്രശ്‌നം എപ്പോഴും ബൗളിങ്ങാണ്. ആമിർ ആർസിബിക്ക് വേണ്ടി കളിച്ചാൽ അവർ കിരീടം നേടും' അഹമ്മദ് ഷെഹ്‌സാദ് പറഞ്ഞു.

ഐപിഎൽ 2026 സീസണിൽ കളിക്കാൻ താൻ ഒരുങ്ങുകയാണെന്ന മുഹമ്മദ് ആമിറിന്റെ തുറന്നുപറച്ചിലിനോട് പ്രതികരിക്കുകയായിരുന്നു ഷെഹ്‌സാദ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഇതിനകം വിരമിച്ച 33 കാരനായ താരം നിലവിൽ പലരാജ്യങ്ങളിലെയും ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് കളിക്കുന്നുണ്ട്. എന്നാൽ ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളാൽ ഐപിഎല്ലിൽ പാക് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിരുന്നു. 2008 ലെ ഐ‌പി‌എല്ലിന്റെ ആദ്യ പതിപ്പിൽ പാകിസ്താൻ താരങ്ങൾ ഹിറ്റായിരുന്നുവെങ്കിലും 2009 മുതൽ ഈ സീസൺ വരെയും പാക് താരങ്ങൾ ഐപിഎൽ കളിച്ചിട്ടില്ല.

എന്നാൽ ഐപിഎൽ കളിക്കാൻ താൻ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും വിജയിച്ചാൽ 2026 സീസൺ ഐപിഎൽ കളിക്കുമെന്നും താരം തന്നെയാണ് വ്യക്തമാക്കിയത്. യുകെ പൗരയായ താരത്തിന്റെ ഭാര്യ നർജിസ് വഴി യുകെ പൗരത്വം നേടിയെടുക്കാനും അതിലൂടെ ഇന്ത്യയുടെ ഫ്രാഞ്ചൈസി ലീഗിലേക്ക് കടക്കുവാനുമാണ് താരത്തിന്റെ ശ്രമം.

പാകിസ്താൻ ക്രിക്കറ്റ് കളിക്കാരെ ഐ‌പി‌എല്ലിൽ വിലക്കിയിരുന്നു, പക്ഷേ നമ്മുടെ മുൻ ക്രിക്കറ്റ് താരങ്ങൾ കമന്ററി ചെയ്യാനും പരിശീലക റോളിലും ഇന്ത്യയിലെത്തുന്നു. അതുകൊണ്ട് തന്നെ ഈ നീക്കം പാകിസ്താനിൽ എതിർപ്പുണ്ടാക്കുമെന്ന് തൻ കരുതുന്നില്ലെന്നും ആമിർ പറഞ്ഞു. മുൻ പാകിസ്താൻ ക്യാപ്റ്റൻ വസീം അക്രം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നപ്പോൾ മറ്റൊരു മുൻ ക്യാപ്റ്റൻ റമീസ് റാസ കുറച്ച് വർഷങ്ങൾ ഐ‌പി‌എല്ലിൽ കമന്ററി ചെയ്തിരുന്നു.

യോഗ്യത നേടിയാൽ, ഒരു മുൻ പാകിസ്താൻ കളിക്കാരൻ ഐപിഎല്ലിൽ കളിക്കുന്നത് ഇതാദ്യമായിരിക്കില്ല. നേരത്തെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനും (2012-2013) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും (2015) വേണ്ടിയും അസ്ഹർ മഹമൂദ് കളിച്ചിട്ടുണ്ട്.

Content Highlights:IPL 2025: Ahmed Shehzad claims this Pakistan superstar can help RCB win the title

dot image
To advertise here,contact us
dot image