ബ്ലോക്ക്ബസ്റ്റര്‍ ഫിനാലെ; ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് കലാശക്കൊട്ട്, ഇന്ത്യയും ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍

ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനല്‍

dot image

ഐസിസി ചാംപ്യന്‍സ് ട്രോഫി 2025 ടൂര്‍ണമെന്റ് സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്. ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ ഇന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍ എത്തും. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനല്‍.

ഏകദിന ഫോര്‍മാറ്റില്‍ ഏറെ നീണ്ട കിരീട വരള്‍ച്ച അവസാനിപ്പിക്കാനും മൂന്നാം ചാംപ്യൻസ് ട്രോഫി കിരീടം ലക്ഷ്യമിട്ടുമാണ് രോഹിത് ശർമയും സംഘവും കരുത്തരായ കിവിപ്പടയ്ക്കെതിരെ ഇറങ്ങുന്നത്. ന്യൂസിലാൻഡ് ഉൾപ്പെടെയുള്ള ടീമുകളെ പരാജയപ്പെടുത്തി ഒരിക്കൽ പോലും തോൽവിയറിയാതെയാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. അതേസമയം ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ തോൽവിക്ക് മധുരപ്രതികാരം ചെയ്ത് രണ്ടാം ചാംപ്യന്‍സ് ട്രോഫി കിരീടം നാട്ടിലെത്തിക്കാനാണ് കിവികൾ ലക്ഷ്യമിടുന്നത്.

​ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങൾക്കെതിരെ ഇന്ത്യ വിജയിച്ചെങ്കിലും ഇത്തവണ ഫൈനലില്‍ തങ്ങളെ മറികടക്കുക എളുപ്പമാവില്ലെന്ന സൂചനയും കിവികള്‍ നല്‍കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡ് 362 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഉയര്‍ത്തിയത്. രചിന്‍ രവീന്ദ്രയുടെയും (108) കെയ്ന്‍ വില്യംസണിന്റെയും (102) രണ്ട് വെടിക്കെട്ട് സെഞ്ച്വറികള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പിറന്നു.

ഇന്ത്യൻ മണ്ണിലെത്തി ന്യൂസിലാൻഡ് ഏകദിന പരമ്പര തൂത്തുവാരിയതു ഇന്ത്യയ്ക്ക് നിസാരമായി കാണാൻ കഴിയില്ല. മാത്രമല്ല ഐസിസി ടൂർണമെന്റുകളിലും കൂടുതൽ ജയിച്ച‌ ചരിത്രവും ന്യൂസിലാൻഡിനൊപ്പമുണ്ട്. അതേസമയം നിലവിലെ ഇന്ത്യൻ ടീം ലൈനപ്പ് ഏതുടീമിനെയും വീഴ്ത്താൻ കെൽപ്പുള്ളതാണ്. നാല് സ്പിന്നർമാരും രണ്ടു പേസർമാരുമടങ്ങിയ ബൗളിങ് നിരയും വെറ്ററൻ കരുത്ത് മുന്നിൽനിൽക്കുന്ന ബാറ്റിങ് യൂണിറ്റും ഒരുപോലെ ശക്തമാണ്.

ഇന്ത്യ പ്ലേയിങ്‌ ഇലവനില്‍ മാറ്റം വരുത്താനുള്ള സാധ്യത വളരെ കുറവാണ്. ഇന്ത്യയുടെ സമീപകാല വിജയങ്ങളിലെ താരസാന്നിധ്യങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‍ലിയും തന്നെയാണ് ടീമിന്റെ ബാറ്റിങ് ലൈനപ്പിലെ ഒന്നാം ശക്തി. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിനിടെ വിരാട്‌ കോഹ്ലിയുടെ കാല്‍മുട്ടിന് പരിക്കേറ്റെന്ന് റിപ്പോർട്ടുകൾ‌ വന്നിരുന്നെങ്കിലും പരിക്ക് സാരമുള്ളതല്ലെന്ന ആശ്വാസത്തിലാണ് ഇന്ത്യൻ ക്യാംപും ആരാധകരും. മധ്യ ഓവറുകള്‍ മാറ്റിമറിക്കാന്‍ കെൽപ്പുള്ള ലെഗ്‌ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ സാന്നിധ്യം ഇന്നും കളത്തില്‍ കാണാം. മിന്നും ഫോം തുടരുന്ന മധ്യനിര ബാറ്റര്‍ ശ്രേയസ്‌ അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കരുത്താണ്‌. നായകന്‍ രോഹിത്‌ ശര്‍മയും ശുഭ്‌മന്‍ ഗില്ലും ചേര്‍ന്ന ഓപ്പണിങ്‌ ജോഡി ഏത്‌ ടീമിനെയും തകര്‍ക്കാന്‍ ശേഷിയുള്ളതാണ്‌.

സെമി ഫൈനലിനിടെ വലതു തോളിനു പരിക്കേറ്റ പേസര്‍ മാറ്റ്‌ ഹെന്റി ഇന്നു കളിക്കുമെന്ന്‌ ഉറപ്പില്ലാത്തതാണ് ന്യൂസിലന്‍ഡിന്റെ ചിന്താവിഷയം. ദുബായില്‍ ഇന്ത്യയ്ക്കെതിരേ നടന്ന ഗ്രൂപ്പ്‌ മത്സരത്തില്‍ അഞ്ച്‌ വിക്കറ്റെടുത്ത് തിളങ്ങിയത് ഹെന്റിയായിരുന്നു. ടൂർ‌ണമെന്റിൽ ഇതുവരെ 10 വിക്കറ്റുകളാണ് ഹെന്റി വീഴ്ത്തിയത്. താരത്തിന്റെ അഭാവം ന്യൂസിലന്‍ഡ്‌ പേസ്‌ ബൗളിങ്ങിന്റെ മൂര്‍ച്ചയില്ലാതാക്കും. ജേക്കബ്‌ ഡഫി, നഥാന്‍ സ്‌മിത്ത്‌ എന്നിവരില്‍ ഒരാളാകും ഹെന്റിക്കു പകരം കളിക്കുക.

നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ഉള്‍പ്പെടെയുള്ള സ്‌പിന്നര്‍മാര്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം തുടരുന്നത്‌ ന്യൂസിലന്‍ഡിന് കരുത്താണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന സെമിയില്‍ ഏഴ്‌ വിക്കറ്റുമെടുത്തത്‌ സ്‌പിന്നര്‍മാരാണ്‌. ഇന്ത്യക്കെതിരേ മാത്രമാണ്‌ അവര്‍ നിറംമങ്ങിയത്‌. അവിശ്വസനീയ ക്യാച്ചുകളുമായി ഫീൽഡിൽ തിളങ്ങുന്ന ഗ്ലെന്‍ ഫിലിപ്‌സിന്റെ സാന്നിധ്യവും ന്യൂസിലന്‍ഡിന്‌ ആവേശം നൽകുന്നു. പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍ കൂടിയാണ് ഗ്ലെന്‍ ഫിലിപ്‌സ്. ബാറ്റിങ് നിരയിൽ‌ കെയിൻ വില്യംസണും രചിൻ രവീന്ദ്രയുമടങ്ങുന്ന താരങ്ങളും ഏറ്റവും മികച്ച ഫോമിലാണ്.

Content Highlights: Champions Trophy 2025 Final: India aim for third title, New Zealand eye second trophy in Dubai

dot image
To advertise here,contact us
dot image