
ഇന്ത്യൻ പ്രീമിയർ ലീഗ് 18-ാം സീസണിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡൽഹി ക്യാപിറ്റൽസ് നായകസ്ഥാനം വേണ്ടെന്ന് വെച്ച് കെ എൽ രാഹുൽ. നേരത്തെ ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും താരം ഇപ്പോൾ ഇത് ഔദ്യോഗികമായി തന്നെ അറിയിക്കുകയായിരുന്നു.
ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നായക സ്ഥാനം വേണ്ടെന്ന് വെക്കുന്നതെന്നാണ് രാഹുൽ ഫ്രാഞ്ചൈസി മാനേജ്‌മെന്റിനെ അറിയിച്ചത്. രാഹുലിന് പകരം അക്‌സർ പട്ടേലാകും ഡൽഹിയുടെ പുതിയ ക്യാപ്റ്റൻ. ചാംപ്യൻസ് ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 103 റൺസും അഞ്ചു വിക്കറ്റുകളും അക്ഷര്‍ പട്ടേൽ സ്വന്തമാക്കി. കഴിഞ്ഞ ഐപിഎല്ലിൽ ഒരു മത്സരത്തില്‍ റിഷഭ് പന്ത് വിലക്കു നേരിട്ടപ്പോൾ ഡൽഹിയെ നയിച്ചതും അക്ഷർ പട്ടേലായിരുന്നു.
അതിനിടെ ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ താരം കൂടിയായ കെ എൽ രാഹുൽ കളിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. 32കാരനായ രാഹുൽ തന്റെ ആദ്യ കുഞ്ഞിന്റെ പിറവിയ്ക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർന്നാണ് താരത്തിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ നിന്ന് പിന്മാറേണ്ടി വരുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറിയത് ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടിയായിരുന്നു. ഇംഗ്ലണ്ടിനായി വരും സീരിസുകളിൽ മികച്ച പ്രകടനം നടത്താൻ ഐപിഎല്ലിൽ നിന്ന് പിന്മാറുന്നുവെന്നായിരുന്നു ബ്രൂക്കിന്റെ വിശദീകരണം.
ഐപിഎല്ലിൽ മാർച്ച് 24ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ മത്സരം. കഴിഞ്ഞ വർഷത്തെ ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന റിഷഭ് പന്താണ് ഇത്തവണ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ നായകൻ. വരും ദിവസങ്ങളിൽ ഡൽഹി ക്യാപിറ്റൽസ് അവരുടെ ക്യാപ്റ്റനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഐപിഎൽ 2025നുള്ള ഡൽഹി ക്യാപിറ്റൽസ് ടീം: മിച്ചൽ സ്റ്റാർക്, കെ എൽ രാഹുൽ, ജെയ്ക് ഫ്രെയ്സർ മക്ഗർഗ്, ടി നടരാജൻ, കരുൺ നായർ, മോഹിത് ശർമ, സമീർ റിസ്‍വി, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറൽ, ഫാഫ് ഡു പ്ലെസിസ്, മുകേഷ് കുമാർ, ദർശൻ നാൽക്കാണ്ടെ, വിപരാജ് നിഗം, ദുഷ്മന്ത ചമീര, ഡൊണോവൻ ഫെരേര, അജയ് മൻഡൽ, മൻവൻത് കുമാർ ത്രിപുരണ വിജയ്, മാദവ് തിവാരി.
Content Highlights: KL Rahul Rejects Delhi Capitals Captaincy Offer