'പാകിസ്താൻ ക്രിക്കറ്റിന്റെ ഏറ്റവും വലിയ ശത്രു അവർ തന്നെ'; PCB ക്കെതിരെ കൂടുതൽ മുൻ പരിശീലകർ രംഗത്ത്

പാകിസ്താൻ ടീമിന്റെ നിലവിലെ പരിശീലകൻ ആഖിബ് ജാവേദിനെ വിമർശിച്ച ഗില്ലസ്പിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ പരിശീലകൻ മിക്കി ആർതർ

dot image

ഇന്ത്യയോട് നാണംകെട്ട തോൽവിയേറ്റു വാങ്ങുകയും ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താവുകയും ചെയ്തതിന് പിന്നാലെ പാകിസ്താൻ ടീമിനെതിരെ പല രീതിയിലുള്ള വിമർശനമാണ് പാകിസ്താന് ഉള്ളിൽ നിന്നും പുറത്ത് നിന്നും വന്നത്. വിവാദങ്ങളും ചർച്ചകളും മുൻകാല പരിശീലകർക്കിടയിലും നിലവിലുള്ള പരിശീലകർക്കിടയിലുമുള്ള ആഴത്തിലുള്ള ഭിന്നതകൾ തുറന്നുകാട്ടുകയും ചെയ്തു.

ഇപ്പോഴിതാ പാകിസ്താൻ ടീമിന്റെ നിലവിലെ പരിശീലകൻ ആഖിബ് ജാവേദിനെ വിമർശിച്ച ജേസൺ ഗില്ലസ്പിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് പാകിസ്താനെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച മുൻ ഏകദിന പരിശീലകൻ മിക്കി ആർതർ. 'സത്യസന്ധമായി പറഞ്ഞാൽ ജേസൺ ഗില്ലസ്പി ഒരു അത്ഭുതകരമായ പരിശീലകനാണ്, പാകിസ്താൻ ക്രിക്കറ്റിന്റെ പ്രശ്‍നങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിച്ച അദ്ദേഹത്തെ ഉടനെ പാക് ക്രിക്കറ്റ് ബോർഡ് പുറത്താക്കി. പാക് ക്രിക്കറ്റ് സ്വയം വെടിയേൽക്കുന്നത് തുടരുകയാണ്, അവർക്ക് നന്നാവാൻ ഉദ്ദേശമില്ല', മിക്കി ആർതർ പറഞ്ഞു.

പാകിസ്താൻ ടീമിൽ ഇപ്പോഴും നല്ല കളിക്കാരുണ്ട്, അവർക്ക് ഇപ്പോൾ വിഭവങ്ങളുണ്ട്, ധാരാളം യുവ പ്രതിഭകളുണ്ട്. അവർക്ക് അവിശ്വസനീയമായ കഴിവുണ്ട്. എന്നാൽ അതെല്ലാം അവർ സ്വയം നശിപ്പിക്കുന്നു കാണുന്നത് ശരിക്കും നിരാശാജനകമാണ്. ആർതർ കൂട്ടിച്ചേർത്തു.

നേരത്തെ ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ട പാകിസ്താൻ ടീമിനെതിരെ വിമർശനവുമായി മുൻ പരിശീലകൻ ജെയ്സൻ ​ഗില്ലസ്പി രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ ടീം പരിശീലകൻ അക്വിബ് ജാവേദിനെതിരെയാണ് ​ഗില്ലസ്പിയുടെ വിമർശനം ഉന്നയിച്ചിരുന്നത്. ഇത് നല്ല തമാശയാണ്. ഞാനും ​ഗാരി കിർസ്റ്റണും പരിശീലകനായിരുന്നപ്പോൾ ഞങ്ങൾക്കെതിരെ പ്രവർത്തിച്ചവനാണ് അക്വിബ്. അയാളെ പാക് ക്രിക്കറ്റിലെ യഥാർത്ഥ വില്ലൻ. ​ഗില്ലസ്പി ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പ്രതികരിച്ചു.

2024 ഏപ്രീലിലാണ് പാകിസ്താൻ വൈറ്റ് ബോൾ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ദക്ഷിണാഫ്രിക്കൻ മുൻ ഇതിഹാസം ​ഗാരി കിർസ്റ്റനെ നിയമിച്ചത്. എന്നാൽ ആറ് മാസത്തിൽ താഴെ മാത്രമായിരുന്നു കിർസ്റ്റൺ പാകിസ്താൻ പരിശീലകനായി പ്രവർത്തിച്ചത്. കിർസ്റ്റൻ രാജിവെച്ചപ്പോൾ ടെസ്റ്റ് ടീമിന്റെ പരിശീലകനായിരുന്ന ​ഗില്ലസ്പിക്ക് ഏകദിന, ട്വന്റി 20 ടീമുകളുടെ ചുമതലയും നൽകി. എന്നാൽ എട്ട് മാസം മാത്രം നീണ്ട പരിശീലക സ്ഥാനം ​ഗില്ലസ്പിയും രാജിവെച്ച് ഒഴിയുകയായിരുന്നു. ഇതോടെയാണ് അക്വിബ് ജാവേദിന് ഇടക്കാല ചുമതല നൽകിയത്.

Content Highlights: 'Pakistan is its worst enemy': Arthur backs Gillespie

dot image
To advertise here,contact us
dot image