
മാർച്ച് 9 ന് ദുബായിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ പാകിസ്താൻ പ്രതിനിധികളുടെ അഭാവത്തെ തുടർന്നുണ്ടായ വിവാദത്തിൽ വ്യത്യസ്ത പ്രതികരണവുമായി മുൻ പാകിസ്താൻ ബാറ്റർ കമ്രാൻ അക്മൽ. സമ്മാനദാന ചടങ്ങിൽ പാകിസ്താൻ പ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ അതൃപ്തിയുമായി പാക് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തുകയും വിഷയത്തിൽ ഐസിസിക്ക് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തതിന് പിന്നാലെയായിരുന്നു കമ്രാൻ അക്മലിന്റെ പരാമർശം.
പാകിസ്താൻ സമ്മാനദാന ചടങ്ങിൽ ഒരു സ്ഥാനവും അർഹിക്കുന്നില്ലെന്നും മോശം പ്രകടനത്തിനും ലോക വേദിയിലെ പാകിസ്താന്റെ ബഹുമാനക്കുവിനുമുള്ള ശിക്ഷയായി ഇതിനെ കാണണമെന്നും കമ്രാൻ പറഞ്ഞു. ഐസിസി നമുക്ക് കണ്ണാടി കാണിച്ചു തന്നു, പാകിസ്താൻ ക്രിക്കറ്റിന്റെ മോശം മുഖമാണ് നമ്മൾ കണ്ടത്, എന്നിട്ടും നമ്മൾ പഠിച്ചില്ലെന്നും കമ്രാൻ കൂട്ടിച്ചേർത്തു.
പാകിസ്താൻ ക്രിക്കറ്റിന്റെ നിലവിലെ അവസ്ഥയിലും അദ്ദേഹം നിരാശ പ്രകടിപ്പിച്ചു, 'പാകിസ്താൻ എങ്ങനെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് ആരും ചർച്ച ചെയ്തില്ല. ക്രിക്കറ്റ് കളിക്കുന്നതിലെന്ന പോലെ സംഘാടനത്തിലെ പാളിച്ചയുണ്ടായി. അങ്ങനെവരുമ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്ന് നമുക്ക് ബഹുമാനം ലഭിക്കില്ല, കമ്രാൻ കൂട്ടിച്ചേർത്തു.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനലിൽ പിസിബിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുമൈർ അഹമ്മദ് സയ്യിദ് പങ്കെടുത്തിരുന്നുവെങ്കിലും സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. എന്നാൽ വേദിയിലെ മറ്റ് വിശിഷ്ടാതിഥികൾക്കൊപ്പം ചേരാൻ സയ്യിദിനോട് ആവശ്യപ്പെടാത്തതിന്റെ കാരണം ഐസിസി വ്യക്തമാക്കിയിരുന്നു. 'പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയർമാൻ അല്ലെങ്കിൽ സിഇഒ പോലുള്ള ആതിഥേയ ബോർഡിന്റെ തലവനെ മാത്രമേ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ഐസിസി ക്ഷണിക്കുന്നുള്ളൂ. മറ്റ് ബോർഡ് ഉദ്യോഗസ്ഥർ, വേദിയിൽ ഉണ്ടായിരുന്നെങ്കിൽ പോലും, വേദി നടപടിക്രമങ്ങളുടെ ഭാഗമാകില്ല,' ഐസിസി വക്താവ് പറഞ്ഞു. പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.
Content Highlights: ‘pakisthan ‘didn’t deserve’ podium spot after Champions Trophy final; ex pak player