ഇടക്കാലമല്ല, മുഴുവൻ സമയ മാനേജരാവാനുള്ള എല്ലാ യോഗ്യതയും അവനുണ്ട്, നിസ്റ്റൽ റൂയ്ക്ക് പിന്തുണയുമായി പോൾ സ്കോൾസ്

കഴിഞ്ഞ ദിനം നിസ്റ്റൽ റൂയ് യുടെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് PAOK യുമായി ഉള്ള യൂറോപ്പ ലീ​ഗ് മത്സരത്തിൽ 2- 0 ത്തിന്റെ വിജയം കൊയ്തിരുന്നു.

dot image

ഇടക്കാല മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ചായ മുൻ ഇതിഹാസതാരം റൂഡ് വാൻ നിസ്റ്റൽ റൂയ്ക്ക് പിന്തുണയുമായി പോൾ സ്കോൾസ് രം​ഗത്ത്. കഴിഞ്ഞ ദിനം നിസ്റ്റൽ റൂയ് യുടെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് PAOK യുമായി ഉള്ള യൂറോപ്പ ലീ​ഗ് മത്സരത്തിൽ 2- 0 ത്തിന്റെ വിജയം കൊയ്തിരുന്നു. ഇതോടെയാണ് യുണൈറ്റഡിന്റെ മുൻ സൂപ്പർ താരം കൂടിയായ പോൾ സ്കോൾസ് യുണൈറ്റഡിന്റെ പെർമനന്റ് മാനേജരാവാൻ എന്തുകൊണ്ടും റൂയ് യോ​ഗ്യനാണെന്നും പറഞ്ഞ് രം​ഗത്തെത്തിയിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അവന്റെ കീഴിൽ യുണൈറ്റഡ് നന്നായി കളിച്ചിട്ടുണ്ട്. ഹോളണ്ടിൽ അവൻ നല്ല പ്രകടനം കോച്ചെന്ന നിലയിൽ കാഴ്ചവെച്ചിട്ടുണ്ട്. അവിടെ അവൻ ഡച്ച് കപ്പ് നേടിയിട്ടുണ്ട്. അവൻ മാനേജരാവാൻ എല്ലാ അവകാശവുമുള്ള ആളാണ്. അസിസ്റ്റന്റ് മാനേജരല്ല, യുണൈറ്റഡ് പോലെയുള്ള ക്ലബിന്റെ മാനേജരാവാൻ അവന് കഴിയും. സ്കോൾസ് പറ‍ഞ്ഞതിങ്ങനെ.

എങ്കിലും അടുത്താഴ്ചയോടെ മാഞ്ചസ്റ്ററിന് പുതിയ പെർമനന്റ് കോച്ചായി റൂബെൻ അമോറിം വരികയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് റൂബൻ കോച്ചായ സ്പോർട്ടിങ് ലിസ്ബൺ സ്വപ്നവിജയം നേടിയിരുന്നു.

എറിക് ടെൻ ഹാഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയതോടെയാണ് താൽക്കാലികകോച്ചായി റൂഡിനെ നിയമിച്ചത്. അവസാന മൂന്ന് സീസണിലായിരുന്നു ടെൻ ഹാഗ് ടീമിനൊപ്പമുണ്ടായിരുന്നത്. ഇതിനിടെ രണ്ട് കിരീടങ്ങൾ നേടിയെങ്കിലും ലീഗിലെ മോശം പ്രകടനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സീസണിലെ മോശം തുടക്കത്തിന് പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പരിശീലകനെ പുറത്താക്കിയത്. പ്രിമിയർ ലീഗിലെ ആദ്യ ഒമ്പത് മത്സരങ്ങളിൽ നിന്നും ടീമിന്റെ നാലാം തോൽവിയും നേരിട്ട് പതിനാലാം സ്ഥാനത്ത് നിൽക്കുന്ന സമയത്തായിരുന്നു യുണൈറ്റഡ് പരിശീലകനെ മാറ്റാൻ തീരുമാനിച്ചത്. അതിനു ശേഷമുള്ള കോച്ചിനു വേണ്ടിയുള്ള അന്വേഷണമാണ് അമോറിമിലെത്തിച്ചത്.

പോർചുഗൽ ദേശീയ ടീമിന്റെയും ബെൻഫിക്കയുടെയും മിഡ്ഫീൽഡറായിരുന്ന അമോറിം 2017ലാണ് കളി നിർത്തിയത്. രണ്ടുവർഷം കഴിഞ്ഞ് പോർചുഗീസ് ടീമായ ബ്രാഗയുടെ പരിശീലകനായി പുതിയ റോളിൽ അരങ്ങേറിയ അദ്ദേഹം 2020ൽ സ്പോർട്ടിങ്ങിലേക്ക് മാറി. അതിവേഗം ടീമിനെ പ്രിമിയേറ ലിഗയിൽ മുൻനിരയിലെത്തിച്ച അമോറിമിന് കീഴിൽ സ്പോർട്ടിങ് രണ്ടുതവണ ചാമ്പ്യന്മാരുമായി. മൂന്നുതവണ പോർചുഗീസ് ലീഗ് കപ്പും അമോറിം പരിശീലിപ്പിച്ച ടീമുകൾ നേടി.

dot image
To advertise here,contact us
dot image