ഇന്ത്യൻ ക്രിക്കറ്റിലെ 'സൂര്യോദയം'; സഞ്ജുവിലും തിലകിലും വിശ്വാസം അർപ്പിച്ച നായകന് നന്ദി

നന്ദി ക്യാപ്റ്റൻ സൂര്യ, ബാക്ക് ടു ബാക്ക് ഡക്കുകൾക്ക് ശേഷവും സഞ്ജുവിനെ വിശ്വസിച്ചതിന്, അവസരം നൽകിയതിന്. നന്ദി, തിലകിന് സ്വന്തം പൊസിഷൻ ഒഴിഞ്ഞ് അവസരം കൊടുത്തതിന്, ഇന്ത്യയെ വിജയിപ്പിച്ചതിന്

മനീഷ മണി
1 min read|16 Nov 2024, 06:45 pm
dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര വിജയം ആഘോഷമാക്കുകയാണ് ടീം ഇന്ത്യ. നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 3-1നാണ് ഇന്ത്യ പിടിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയുടെ പരമ്പര വിജയത്തിനൊപ്പം മലയാളി വിക്കറ്റ് കീപ്പർ‌ ബാറ്റർ സഞ്ജു സാംസണും യുവതാരം തിലക് വർമയും നേടിയ രണ്ട് വീതം സെഞ്ച്വറികളും ശ്രദ്ധേയമായി. ഇതിനൊപ്പം മികച്ച് നിന്നിരുന്നു സൂര്യകുമാർ‌ യാദവെന്ന നായകന്റെ ക്യാപ്റ്റൻസി മികവ്.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ‌ ഒരു പരമ്പര വിജയിക്കുകയെന്നത് അത്ര നിസാരമായ കാര്യമല്ല. എയ്ഡന്‍ മാര്‍ക്രം, ഹെന്‍റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ തുടങ്ങി പരിചയസമ്പന്നരായ താരങ്ങളും മാർ‌കോ ജാൻസൻ, ജെറാൾഡ് കോട്സി പോലുള്ള അപകടകാരികളായ യുവതാരങ്ങളും അടങ്ങുന്ന കരുത്തരുടെ സംഘമായിരുന്നു ദക്ഷിണാഫ്രിക്ക. അവരുടെ സ്വന്തം മണ്ണിൽ നടക്കുന്ന പരമ്പരയിൽ ഒരുപിടി യുവതാരങ്ങളുമായെത്തി നാലിൽ മൂന്നും വിജയിച്ചിരിക്കുകയാണ് ഇന്ത്യ.

സൂര്യകുമാർ യാദവെന്ന ക്യാപ്റ്റൻ്റെ പക്വതയും നിശ്ചയദാർഢ്യവും തന്നെയാണ് ഇതിൽ എടുത്തുപറയേണ്ടത്. പരമ്പരയിലുടനീളം സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി മികവിന്റെ അങ്ങേയറ്റം വരെ കണ്ട് ത്രില്ലടിച്ച എത്രയെത്ര നിമിഷങ്ങളാണ് ഉണ്ടായത്. വിജയത്തിലും പരാജയത്തിലും ഒരു പുതിയ ക്യാപ്റ്റന്റെ പക്വതക്കുറവോ പതർച്ചയോ ഇല്ലാതെ സൂര്യകുമാർ മുന്നിൽ നിന്നു നയിച്ചു. സഞ്ജു സാംസണും തിലക് വർമയും അടക്കമുള്ള യുവതാരങ്ങളെ വിശ്വാസത്തിലെടുക്കുകയും അവർക്ക് സ്വഭാവികമായി കളിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്തത് നമ്മൾ കണ്ടു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടി20 നായകനിലേക്ക് ഉയരാനുള്ള ശേഷി തനിക്കുന്നുണ്ടെന്ന് കൂടിയാണ് സൂര്യ പ്രോട്ടീസ് മണ്ണിൽ തെളിയിച്ചത്.

യുവതാരങ്ങളെ സൂര്യ പിന്തുണയ്ക്കുന്ന രീതി പുതിയൊരു ടീമിനെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമാണ്. പരമ്പര വിജയം നേടിയതിന് ശേഷം ട്രോഫി സൂര്യ സമ്മാനിച്ചത് ടീമിലെ ഏറ്റവും പുതുമുഖ താരങ്ങൾക്കായിരുന്നു. ഏതൊരു പുതുമുഖ താരത്തെ സംബന്ധിച്ചും വളരെയേറെ ആത്മവിശ്വാസം പകരുന്നതാണ് ക്യാപ്റ്റൻ്റെ ഇത്തരം സമീപനങ്ങൾ. ക്യാപ്റ്റൻ തങ്ങളെ വിശ്വാസത്തിലെടുക്കുന്നു ടീമിലെ അനിവാര്യരായി കാണുന്നു എന്ന സന്ദേശം കൂടിയാണ് ഇതുവഴി സൂര്യ കൈമാറിയത്. കളിക്കളത്തിലും ഇതിൻ്റെ പ്രതിഫലനമാണ് നമ്മൾ കണ്ടത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ യുവഇന്ത്യ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു. മികച്ച ഫോമിലുള്ള സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരെ ഗ്രൗണ്ടില്‍ ആടിത്തിമിര്‍ക്കാന്‍ വിട്ട് ആത്മവിശ്വാസത്തോടെ ഡഗ്ഗൗട്ടില്‍ ഇരുന്ന് കളി കാണുകയായിരുന്നു സൂര്യ. അതും ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായ മിസ്റ്റര്‍ 360.

Sanju Samson and Tilak Varma

മലയാളി താരം സഞ്ജു സാംസണെ തന്നെ ആദ്യം പറയാം. നേടുന്ന റൺ പ്രശ്നമല്ലെന്നും ഇനിയുള്ള ഏഴ് മത്സരങ്ങളിലും സഞ്ജുവിനെ ഓപണര്‍ ആയി തന്നെ ഇറങ്ങുമെന്ന് പരമ്പരയ്ക്ക് മുൻപ് സൂര്യ തന്റെ പ്രിയപ്പെട്ട കൂട്ടുകാരന് ഉറപ്പുനല്‍കുന്നു. ആ വാക്കുകള്‍ സഞ്ജുവിന് നല്‍കിയ ആത്മവിശ്വാസം എത്രയാണെന്ന് സഞ്ജുവിന്റെ തന്നെ വാക്കുകളിലൂടെ നമ്മള്‍ അറിഞ്ഞിട്ടുള്ളതാണ്. ആദ്യ മത്സരത്തിലെ സെഞ്ച്വറിയ്ക്ക് ശേഷം ബാക്ക് ടു ബാക്ക് ഡക്കായപ്പോൾ സോഷ്യല്‍ മീഡിയയും വിമര്‍ശകരും സഞ്ജുവിനെ എഴുതിതള്ളി. പക്ഷേ സൂര്യ കൈവിട്ടില്ല. നാലാം ടി20യിലും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്യുകയെന്ന ദൗത്യം സഞ്ജുവിന് നൽകി. തന്നില്‍ വിശ്വാസമര്‍പ്പിച്ച ക്യാപ്റ്റന് സഞ്ജു പകരം നൽകിയത് വീണ്ടും അതിമനോഹര സെഞ്ച്വറിയായിരുന്നു. തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കിയാല്‍ നാണക്കേടുകളുടെ റെക്കോര്‍ഡുകളുടെ ക്ഷീണം തീർത്ത് ലോകറെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ സഞ്ജുവിന് കഴിയുമെന്ന് സൂര്യയും തെളിയിച്ചു.

ഇനി തിലക് വര്‍മയിലേക്ക് വരാം. രണ്ടാം മത്സരത്തിലെ വിജയത്തിന് ശേഷം യുവതാരമായ തിലക് താന്‍ മൂന്നാം നമ്പറില്‍ ഇറങ്ങിക്കോട്ടെയെന്ന് ക്യാപ്റ്റനോട് ചോദിക്കുന്നു. സാധാരണയായി വണ്‍ഡൗണായി ഇറങ്ങാറുള്ള സൂര്യ തിലക് വര്‍മയ്ക്ക് വേണ്ടി വഴിമാറിക്കൊടുത്തു. ലോകക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തുള്ള താരം, തന്റെ ഫേവറിറ്റ് പൊസിഷന്‍ ഒരു 22കാരന്‍ പയ്യന് വേണ്ടി ഒഴിഞ്ഞുകൊടുക്കുന്നു. സൂര്യയുടെ സ്ഥാനത്ത് മറ്റൊരു ക്യാപ്റ്റന്‍ ആയിരുന്നെങ്കില്‍ അങ്ങനെയൊന്ന് സംഭവിക്കുമോയെന്നുപോലും സംശയമാണ്. നിസ്വാര്‍ത്ഥത എന്ന വാക്കിന്റെ അര്‍ത്ഥം ക്യാപ്റ്റന്‍ സൂര്യ കാണിച്ചുതന്നു. മൂന്നാം മത്സരത്തിൽ വൺഡൗൺ ഇറങ്ങിയ തിലക് തന്റെ കന്നി ടി20 സെഞ്ച്വറിയാണ് അതിന് സമ്മാനമായി ക്യാപ്റ്റന് തിരിച്ചുനല്‍കിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അതേ പൊസിഷനിൽ അതേ പയ്യനെ കൊണ്ട് സെഞ്ച്വറിയടിപ്പിച്ച് സൂര്യ ഹീറോയിസം തെളിയിച്ചു.

ഇന്ത്യയുടെ ടി20 ക്യാപ്റ്റനെന്ന സ്ഥാനത്തേക്കുള്ള സൂര്യയുടെ യാത്ര അത്ര സുഗമമായിരുന്നില്ല. രോഹിത്തിന്റെ പിൻ​ഗാമിയായാണ് സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ ടി20 നായകനാക്കി നിയമിക്കുന്നത്. പരിശീലകനായി എത്തിയ ഗൗതം ​ഗംഭീറിൻ്റെ നിലപാടും ഇതിൽ നിർണ്ണായകമായി. നായകനെന്ന നിലയിൽ അത്ര വലിയ റെക്കോർഡുകളൊന്നും സ്വന്തമല്ലാതിരുന്ന സൂര്യയെ, വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പകരം നായകസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോള്‍ സ്വാഭാവികമായും വലിയ വിമര്‍ശനങ്ങൾ ഉയർന്നു.

Suryakumar Yadav

എന്നാൽ‌ ​ഗംഭീറിന്റെ തീരുമാനം തെറ്റിയില്ലെന്ന് പ്രകടനം കൊണ്ട് തെളിയിക്കാൻ സൂര്യകുമാറെന്ന നായകന് അധികം സമയമൊന്നും വേണ്ടിവന്നില്ല. ക്യാപ്റ്റൻ സൂര്യയുടെ കീഴിലിറങ്ങിയ ഇന്ത്യ ടി20യിൽ ഹാട്രിക് പരമ്പര നേട്ടം സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ്. ശ്രീലങ്കയെയും ബംഗ്ലാദേശിനെയും 3-0ന് തോല്‍പ്പിച്ചു. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 3-1ൻ്റെ പരമ്പര വിജയം. ഇതിന് മുൻപ് സൂര്യയുടെ കീഴിൽ ഇറങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ 4-1നും പരമ്പര സ്വന്തമാക്കിയിരുന്നു. നായകനെന്ന നിലയിൽ കളിച്ച 17 മത്സരത്തില്‍ 14ലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ സൂര്യയ്ക്ക് സാധിച്ചു. അടുത്ത ടി20 ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ സൂര്യയുടെ കൈകളിൽ ഭദ്രമാണെന്ന് നിസംശയം പറയാം.

നന്ദി ക്യാപ്റ്റൻ സൂര്യ, ബാക്ക് ടു ബാക്ക് ഡക്കുകൾക്ക് ശേഷവും സഞ്ജുവിനെ വിശ്വസിച്ചതിന്, അവസരം നൽകിയതിന്. നന്ദി, തിലകിന് സ്വന്തം പൊസിഷൻ ഒഴിഞ്ഞ് അവസരം കൊടുത്തതിന്, ഇന്ത്യയെ വിജയിപ്പിച്ചതിന്, യുവരക്തങ്ങൾക്ക് ആത്മവിശ്വാസത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പിന്തുണ നൽകിയതിന് നന്ദി സൂര്യ.

Content Highlights: Captain Suryakumar Yadav in South Africa t20 Series

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us