ബോർഡർ -ഗാവസ്‌കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ പുതുമുഖ താരമായിരുന്ന നിതീഷ് കുമാർ റെഡ്‌ഡിക്ക് അവസരം നൽകിയതിൽ മുഖം കടുപ്പിച്ചവരായിരുന്നു പലരും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത പോലെ വലിയ കടമ്പകൾ ടീമിന് മുന്നിൽ നിൽക്കുമ്പോൾ പരിചയ സമ്പത്ത് തീരെയില്ലാത്ത നിതീഷിനെ പോലെയുള്ള താരത്തിന് ടെസ്റ്റിൽ അരങ്ങേറ്റത്തിന് അവസരമൊരുക്കിയത് വലിയ തോതിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. നിതീഷിന് പകരം എന്ത് കൊണ്ട് ഹാർദിക് പാണ്ഡ്യയോ ശാർദൂൽ താക്കൂറിനെയോ പോലെയുള്ള താരങ്ങളെ ഉൾപ്പെടുത്തിക്കൂടാ എന്ന് ഹർഭജൻ സിങ് ഉൾപ്പടെയുള്ള പല മുൻ താരങ്ങളും വിമർശനം ഉന്നയിക്കുകയും ചെയ്തു. സമാന വിമർശനം സുനിൽ ഗാവസ്കറും നടത്തിയിരുന്നെങ്കിലും പെർത്ത് ടെസ്റ്റിന് മുന്നേ യു ടേൺ എടുത്തു.
ഇത് വരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ അനുഭവങ്ങളില്ലാത്തതായിരുന്നു പലരും താരത്തിന്റെ വീക്ക് പോയിന്റായി ചൂണ്ടി കാണിച്ചിരുന്നത്. ഇത് വരെ ഇന്ത്യയ്ക്ക് വേണ്ടി ഏകദിന മത്സരങ്ങൾ കളിച്ചിട്ടില്ലെങ്കിലും ഇന്ത്യക്കായി കളിച്ച മൂന്ന് ടി20 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് നിതീഷ്. മൂന്ന് മത്സരങ്ങളിൽ നിന്ന് 90 റൺസും മൂന്ന് വിക്കറ്റും. ആറാമനായോ അഞ്ചാമനായോ ഇറങ്ങുന്ന താരത്തെ സംബന്ധിച്ച് നോക്കുമ്പോൾ പരിമിത ഓവറിൽ ഇത് മികച്ച ട്രാക്ക് ഹിസ്റ്ററി തന്നെയാണ്. ടീമിൽ നിന്ന് ലഭിക്കുന്ന അർധാവസരങ്ങൾ പോലും മുതലാക്കിയാണ് നിതീഷ് ഈ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനവുമായി തിളങ്ങിയത്.
ഇത് പോലെ അവസരത്തിനൊത്തുയർന്നാണ് പെർത്തിലും അഡലെയ്ഡിലും നിതീഷ് താരമായത്. മൊത്തം ഇന്നിങ്‌സുകളിലെ സ്കോർ ടോട്ടൽ എടുക്കുമ്പോൾ, ഒരുപക്ഷെ മറ്റ് ഇന്ത്യൻ ബാറ്റർമാരെക്കാൾ പിറകിലാണെങ്കിൽ പോലും നാല് ഇന്നിങ്‌സുകളിലായി ബാറ്റിങ്ങിൽ ഏറ്റവും സ്ഥിരതയോടെ ബാറ്റ് വീശിയത് നിതീഷാണ്.
ഇന്ത്യയുടെ പേരുകേട്ട ടോപ് ഓർഡർ ബാറ്റർമാരെല്ലാം നിലം പൊത്തിയ പെർത്തിലെ ആദ്യ ഇന്നിങ്സിൽ ടീമിന്റെ ടോപ് സ്‌കോറർ നിതീഷ് കുമാർ റെഡ്‌ഡിയായിരുന്നു. അന്ന് 59 പന്തിൽ ഒരു സിക്‌സറും ആറ് ഫോറുകളും അടക്കം 41 റൺസാണ് താരം നേടിയത്. ഏഴാമനായി ഇറങ്ങിയ താരം വാലറ്റത്തെ സ്റ്റാർക്കിനും ഹേസൽവുഡിനുമൊന്നും വിട്ടുകൊടുക്കാതെ നടത്തിയ പ്രകടനം ഏറെ മികച്ചതായി.
ഇന്ത്യൻ ബാറ്റർമാർ തിളങ്ങിയ രണ്ടാം ഇന്നിങ്സിൽ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറിക്കുള്ള പിന്തുണ നൽകിയത് നിതീഷായിരുന്നു. ഇത്തവണ എട്ടാമനായി വാഷിങ്ടൺ സുന്ദറിനും ശേഷമിറങ്ങിയ താരം ടി 20 സ്‌റ്റൈലിൽ കളിച്ചാണ് 38 റൺസ് നേടിയത്. 27 പന്തുകൾ നേരിട്ട് ഔട്ടാകാതെ നിന്ന് താരം രണ്ട് സിക്സറുകളും മൂന്ന് ഫോറുകളും നേടി. മറുപടി ബാറ്റിങ്ങിൽ മിച്ചൽ മാർഷിന്റെ വിക്കറ്റെടുത്ത് തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേട്ടം ആസ്വദിക്കുകയും ചെയ്തു.
ഇന്ത്യ പതറിയ അഡലെയ്‌ഡിലെ ഡേ നൈറ്റ് പിങ്ക് ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ ടോപ് സ്‌കോറർ നിതീഷായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തന്നെ സ്ലെഡ്ജ് ചെയ്ത യശ്വസി ജയ്‌സ്വാളിനെ ഡക്കിന് വീഴ്ത്തി മറുപടി പറഞ്ഞ മിച്ചൽ സ്റ്റാർക്ക് നിതീഷിന്റെ ഒറ്റയാൾ പോരാട്ടത്തിന് ഇന്നിങ്സിന് അവസാനം ആദരവ് പ്രകടിപ്പിച്ചത് ഗ്രൗണ്ടിലെ ശ്രദ്ധേയ കാഴ്ചയായിരുന്നു. 54 പന്തിൽ മൂന്ന് ഫോറുകളും മൂന്ന് സിക്സറുകളും അടക്കം 42 റൺസാണ് നിതീഷ് നേടിയത്. നിതീഷിന്റെ അടി കൊണ്ടവരിൽ സാക്ഷാൽ സ്റ്റാർക്കുമുണ്ടായിരുന്നു എന്നതും വാസ്തവം. അശ്വിൻ, സിറാജ്, ബുമ്ര, റാണ തുടങ്ങി വാലറ്റക്കാരെ കൂട്ടു പിടിച്ചായിരുന്നു ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് നിതീഷ് എത്തിച്ചത്.
Nitish Kumar Reddy has been India's leading run scorer at:
— Mufaddal Vohra (@mufaddal_vohra) December 8, 2024
- 1st innings in Perth.
- 1st innings in Adelaide.
- 2nd innings in Adelaide.
- NKR HAS BEEN TOP SCORER IN 3 OUT OF THE 4 INNINGS HE PLAYED IN TEST CRICKET...!!!! 🤯🇮🇳 pic.twitter.com/Mnk9bqF8ua
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് സ്ഥിരം തലവേദനയാകാറുള്ള ട്രാവിസ് ഹെഡ് സെഞ്ച്വറിയുമായി തകർത്തടിച്ചപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് കൂടുതൽ വെല്ലുവിളി നിറഞ്ഞതായി. എന്നാൽ ജയ്‌സ്വാൾ( 24) , റിഷഭ് പന്ത്( 28) ഗിൽ (28) എന്നിവരൊഴികെ മറ്റെല്ലാവരും അമ്പേ പരാജയപ്പെട്ടപ്പോൾ ഇന്നിങ്‌സ് തോൽവി ഒഴിവാക്കിയത് നിതീഷായിരുന്നു. ഈ മത്സരത്തിൽ 47 പന്തിൽ ആറ് ഫോറുകളും ഒരു സിക്‌സറും അടക്കം 42 റൺസാണ് നേടിയത്. ഈ രണ്ട് മത്സരത്തിലും ഓപ്പോസിറ്റ് ബാറ്ററുടെ ഭാഗത്ത് നിന്ന് കാര്യമായ പിന്തുണ നിതീഷിനുണ്ടായിരുന്നില്ല. ഏത് സമയവും തെറിച്ചേക്കാവുന്ന വാലറ്റത്തെ മുന്നിൽ കണ്ട് എളുപ്പത്തിൽ പരമാവധി സ്കോർ കണ്ടെത്താനാണ് നിതീഷ് ശ്രമിച്ചത്. അഡലെയ്ഡിലെ രണ്ട് ഇന്നിങ്‌സിലുമായി ആകെ സിക്സർ പറന്നതും നിതീഷിന്റെ ബാറ്റിൽ നിന്നായിരുന്നു. നാല് സിക്സറുകളാണ് താരം നേടിയത്.
ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ ഗാബയിൽ നടക്കുന്ന മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ കടമ്പയാണ്. സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനോട് വൈറ്റ് വാഷ് ചെയ്യപ്പെട്ട ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഗാബയടക്കം ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചേ തീരൂ, ബുംമ്രയ്ക്കൊപ്പം ഷമിയെ പോലെയൊരു പൂർണ്ണമായി ആശ്രയിക്കാൻ പറ്റാത്തൊരു ബൗളറില്ലാത്തതും ക്യാപ്റ്റനിൽ തുടങ്ങുന്ന ബാറ്റർമാരുടെ ഫോമില്ലാഴ്മയുടെയോ ഇടയിൽ ആശ്വസിക്കാനുള്ള വകയുള്ളത് നിതീഷിനെ പോലെ പ്രതികൂല സാഹചര്യത്തിൽ അവസരത്തിനൊത്തുയർന്ന ഒരു യുവ താരത്തെ നമുക്ക് കണ്ടെത്താനായി എന്നത് മാത്രമാണ്.
Content Highlights: Indian all rounder nitish kumar reddy oustanding perfomance in perth and adelaide test vs australia